ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്യുന്ന സിനിമയാണ് മഹേഷും മാരുതിയും. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. മുമ്പ് താന്‍ കണ്ടിട്ടുള്ള നിര്‍മാതാക്കളെ പോലെയല്ല മണിയന്‍പിള്ള രാജുവെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി.
സിനിമയുടെ ലൊക്കേഷനിലെ ഫണ്‍ എലമന്റ് നിര്‍മാതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രസന്റ്‌സ് സെറ്റിന്റെ ആമ്പിയന്‍സ് തന്നെ മാറ്റുമെന്നും ആസിഫ് പറഞ്ഞു. ലൊക്കേഷനില്‍ ആദ്യം വരുന്നതും ആഹാരത്തിന്റെ അടക്കമുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതും അദ്ദേഹമാണെന്നും ആസിഫ് പറഞ്ഞു. പട്ടിണി കിടന്ന് ആരും പണിയെടുക്കേണ്ടെന്ന് മണിയന്‍പിള്ള രാജു പറഞ്ഞിട്ടുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഈ സിനിമയുടെ ലൊക്കേഷന്‍ മുഴുവന്‍ ഫണ്ണായിരുന്നു. മേജര്‍ പോഷന്‍സും ഷൂട്ട് ചെയ്തത് മാളയിലായിരുന്നു. ഈ സിനിമയുടെ നിര്‍മാതാവാണ് ശരിക്കും ഏറ്റവും വലിയ ഫണ്‍ എലമന്റ്. രാജുവേട്ടന്റെ പ്രസന്റ്‌സ് തന്നെ മൊത്തം ആമ്പിയന്‍സും മാറ്റും. ഒരു പ്രൊഡ്യൂസര്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്ന ചില കാര്യങ്ങളുണ്ട്. അദ്ദേഹം അതില്‍ നിന്നൊക്കെ വിപരീതമാണ്.
ഉച്ചയാകുമ്പോള്‍ ലൊക്കേഷനില്‍ വരുന്നയാള്‍, മൊത്തത്തില്‍ വന്ന് എല്ലാവരെയും ഒന്ന് പേടിപ്പിച്ചിട്ട് പോകുന്നയാള്‍ എന്നൊക്കെയാണ് നിര്‍മാതാവിനെ കുറിച്ച് ചിന്തിച്ച് വെച്ചിരിക്കുന്നത്. പക്ഷെ രാജുവേട്ടന്‍ അങ്ങനെയല്ല. ഒന്നാമത്തെ ദിവസം മുതല്‍ രാവിലെ ഏറ്റവും ആദ്യം സെറ്റില്‍ വരുന്നത് അദ്ദേഹമാണ്.
പാക്കപ്പ് പറയുന്നത് വരെ ലൊക്കേഷനില്‍ തന്നെ കാണും. ബ്രേക്ക് ടൈമൊക്കെ കൃത്യമായി അദ്ദേഹം നോക്കും. ഒരുമണിക്ക് ശേഷം ഷൂട്ട് ചെയ്യാന്‍ സമ്മതിക്കില്ല. ലഞ്ച് കഴിച്ചിട്ട് ഇനി പണിയെടുത്താല്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കും. രാജു ചേട്ടന്റെ പ്രൊഡക്ഷനെ കുറിച്ച് സംസാരിക്കുന്ന എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഭക്ഷണം. തരുന്ന ആഹാരത്തിന്റെ ക്വാളിറ്റിയിലൊക്കെ ഭയങ്കരമായി അദ്ദേഹം ശ്രദ്ധിക്കും.
സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനാണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ പോലും പട്ടിണി കിടന്നിട്ട് ആരും പണിയെടുക്കേണ്ട എന്നാണ് ചേട്ടന്‍ പറയുന്നത്. ഭയങ്കരമായി എഫേര്‍ട്ടിടുന്ന ആളുകൂടിയാണ് അദ്ദേഹം,’ ആസിഫ് അലി പറഞ്ഞു.
content highlight: asif ali about maniyanpilla raju