ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തോല്‍വിയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അപ്രതീക്ഷിതമാണെന്ന് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. അവസാന ശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുമുഖങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കിയേക്കാമെന്ന് പറയുന്നത് തെറ്റാണെന്നും, ആക്കാര്യത്തെ കുറിച്ച് സംസ്ഥാനത്ത് ചര്‍ച്ചകള്‍ നടന്നിരുന്നെന്നും പുതുമുഖങ്ങള്‍ രാഷ്ട്രീയത്തില്‍ വരണമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. തങ്ങളുടെ പദ്ധതികളുടെയും നിയമങ്ങളുടെയും വാഗ്ദാനങ്ങളുടെയും പിന്‍ബലത്തില്‍ തങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സംസ്ഥാനത്ത് പ്രചാരണം നടത്തിയെന്നും അവരുടെ പദ്ധതികള്‍ മാതൃകാപരമാണെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
നിലവിലെ പെന്‍ഷനും ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഉള്‍പ്പെടെ കോണ്‍ഗ്രസ് കൊണ്ടുവന്ന എല്ലാ പദ്ധതികളും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.