'അദ്വാനി രാഷ്‌ട്രപതി ആകണമായിരുന്നു': രാംനാഥ് കോവിങ് രാഷ്ട്രപതിയായത് ജാതി കണക്കിലെടുത്തെന്ന് അശോക് ഗെലോട്ട്, മാപ്പാവശ്യപ്പെട്ടു ബി.ജെ.പി.
national news
'അദ്വാനി രാഷ്‌ട്രപതി ആകണമായിരുന്നു': രാംനാഥ് കോവിങ് രാഷ്ട്രപതിയായത് ജാതി കണക്കിലെടുത്തെന്ന് അശോക് ഗെലോട്ട്, മാപ്പാവശ്യപ്പെട്ടു ബി.ജെ.പി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 4:58 pm

ന്യൂദൽഹി: ജാതി കണക്കിലെടുത്തതുകൊണ്ടാണ് രാം നാഥ് കോവിന്ദിനെ ബി.ജെ.പി. സർക്കാർ രാഷ്ട്രപതി ആയി നിയമിച്ചതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ജാതി സമവാക്യങ്ങൾ അനുസരിച്ചായിരുന്നു ഈ നടപടിയെന്നും അശോക് ഗെലോട്ട് ആരോപിച്ചു.

‘2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് രാംനാഥ് കോവിന്ദിനെ ബി.ജെ.പി. രാഷ്ട്രപതിയാക്കിയതെന്നാണ് എല്ലാവരും പറയുന്നത്. ഞാനൊരു ലേഖനം വായിച്ചിരുന്നു. ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ല എന്ന് നരേന്ദ്ര മോദി ഭയപ്പെട്ടിരുന്നു. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ ആകണം അദ്ദേഹത്തിന് ഇക്കാര്യത്തിൽ ഉപദേശം കൊടുത്തത്. അത് കാരണമാണ് കോവിന്ദിനെ രാഷ്‌ട്രപതി ആക്കാൻ ബി.ജെ.പി. തീരുമാനിക്കുന്നത്.’ രാജസ്ഥാൻ മുഖ്യമന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.

അർഹനായിരുന്നിട്ടും ബി.ജെ.പി. അതികായൻ എൽ.കെ. അധ്വാനിയെ ഒഴിവാക്കികൊണ്ടാണ് രാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതി ആക്കിയതെന്നും അദ്ദേഹത്തിന് രാഷ്‌ട്രപതി സ്ഥാനം നൽകുമെന്ന് രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു. ‘ഇത് ബി.ജെ.പിയുടെ വിഷയമാണെങ്കിലും, ആ ലേഖനം വായിച്ചത് കൊണ്ട് മാത്രമാണ് ഞാനിത് പറയുന്നത്.’ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

പരാമർശം നടത്തിയതിനു ഗെലോട്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. വക്താവ് ജി.വി.എൽ. നരസിംഹ റാവു രംഗത്ത് വന്നു. ‘ജാതി കാരണമാണ് രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി ആയതെന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ടിന്റെ പരാമർശം പിൻവലിച്ച് അദ്ദേഹം മാപ്പ് പറയാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ദളിത് വിരുദ്ധവും, ജനവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണ്. അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണം’ റാവു പറഞ്ഞു.

രാഷ്ട്രപതിയെ അപമാനിക്കാൻ പാടില്ലെന്ന് കാണിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകണമെന്നും ഭരണഘടനയുടെ സംരക്ഷകനെ ഈവിധത്തിൽ അശോക് ഗെലോട്ട് അപമാനിച്ചത് ശരിയായില്ലെന്നും റാവു കൂട്ടിച്ചേർത്തു.