ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റിരുന്നു. യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം 211 റണ്‍സ് നേടിയിട്ടും മോശം ബൗളിങ് കാരണം തോല്‍ക്കുകയായിരുന്നു. അടുത്ത മത്സരത്തില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ ആവേശ് ഖാന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നു. മറ്റുള്ള ബൗളര്‍മാരെ അപേക്ഷിച്ച് മോശമല്ലാത്ത പ്രകടനം താരം നടത്തിയിരുന്നു എന്നാല്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളറായ ആഷിഷ് നെഹ്‌റയുടെ അഭിപ്രായത്തില്‍ ആവേശിനേക്കാള്‍ നല്ല ഓപ്ഷന്‍ പഞ്ചാബ് കിങ്‌സിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ അര്‍ഷ്ദീപ് സിങാണ്.
എന്നാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ടീം മാറ്റേണ്ട ആവശ്യമില്ലെന്നും നെഹ്‌റ പറഞ്ഞു.
‘ആവേശ് ഖാന്റെ സ്ഥാനത്ത് അര്‍ഷ്ദീപ് സിംഗ് ആയിരിക്കും എന്റെ ആദ്യ ചോയ്സ്, പക്ഷേ ഇപ്പോള്‍ അല്ല. അടുത്ത മത്സരം കട്ടക്കിലാണ്. അവിടെയും ഉയര്‍ന്ന സ്‌കോറുകള്‍ പിറക്കാന്‍ സാധ്യതയുള്ള ഗ്രൗണ്ടാണ്. ആദ്യ മത്സരത്തില്‍ രണ്ട് ബാറ്റര്‍മാര്‍, അവസാനം, ഗെയിം നിങ്ങളില്‍ നിന്ന് എടുത്തുകളയുകയായിരുന്നു. ഒരു മാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കുല്‍ദീപ് യാദവും കെ.എല്‍. രാഹുലും ഇല്ല. കണ്ടീഷന്‍സിന് കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ ഒരേ ടീമിനൊപ്പം ഇന്ത്യ മൂന്ന് മത്സരങ്ങള്‍ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. ആദ്യ കളിയിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അധികം പരിഭ്രാന്തരാകാതെ ഇന്ത്യ രണ്ടാം മത്സരത്തിലേക്ക് കടക്കണം,’ നെഹ്‌റ പറഞ്ഞു.
ആദ്യ ടി-20യില്‍ 4 ഓവറില്‍ 35 റണ്‍സായിരുന്നു ആവേശ് വിട്ടുനല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും ഇക്കോണമിയില്‍ എറിഞ്ഞത് ആവേശായിരുന്നു. ആദ്യ ഓവറില്‍ 15 റണ്‍ വിട്ടുനല്‍കിയ ആവേശ് പിന്നീടുള്ള മൂന്ന് ഓവറില്‍ 20 റണ്‍ മാത്രമേ വിട്ടുകൊടുത്തുള്ളു. എന്നാല്‍ ആവേശിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലായിരുന്നു
കഴിഞ്ഞ കുറച്ചു ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനമായിരുന്നു ഇരു പേസര്‍മാരും പുറത്തെടുത്തത്. ഈ സീസണില്‍ 13 മത്സരത്തില്‍ നിന്നും 18 വിക്കറ്റുകളാണ് ആവേശ് നേടിയത്.
14 കളിയില്‍ നിന്നും 10 വിക്കറ്റുകള്‍ മാത്രമേ അര്‍ഷ്ദീപ് എടുത്തുള്ളുവെങ്കിലും ഡെത്ത് ഓവറുകളില്‍ മികച്ച ബൗളിംഗായിരുന്നു താരം കാഴ്ചവെച്ചത്. 38 യോര്‍ക്കറുകളാണ് താരം ഈ സീസണില്‍ എറിഞ്ഞത്.
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയോടൊപ്പം ഈ സീസണില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞതും അര്‍ഷ്ദീപാണ്.