കോഴിക്കോട്: ജയ്ഹിന്ദ് ടിവിയുടെ “അവിഹിത” വാര്‍ത്തയെ തുടര്‍ന്ന് യുവമോര്‍ച്ചക്കാര്‍ തല്ലിപ്പൊളിച്ച കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് പോകാന്‍ ആഹ്വാനവുമായി സംവിധായകന്‍ ആഷിക് അബു രംഗത്ത്. ഇന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ സ്റ്റാറ്റസിലാണ് ആഷിക് അബു ഡൗണ്‍ ടൗണിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം നടന്‍ ജോയ് മാത്യു ഹോട്ടല്‍ സന്ദര്‍ശിക്കുകയും ഹോട്ടലിന് പിന്തുണയര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
യുവതിയുവാക്കള്‍ അടുത്തിടപഴകുന്നു എന്ന കാരണത്താല്‍ ഒക്ടോബര്‍ 24 നായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്‌റ്റോറന്റ് അടിച്ചുതകര്‍ത്തത്. യുവമോര്‍ച്ചയുടെ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് ഓണ്‍ലൈനിലും പുറത്തും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. അടിച്ചു തകര്‍ത്ത ദിവസം വൈകുന്നേരം തന്നെ നാട്ടുകാരുടെ സഹായത്തോടെ ഹോട്ടല്‍ പുതുക്കിപ്പണിയുകയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഈ സംഭവത്തിനു ശേഷം ഡൗണ്‍ ടൗണിന് പിന്തുണ ഏറിയിരിക്കുകയാണ്. ഹോട്ടലിന്റെ പേരിലുള്ള പ്രൊഫൈല്‍ ചിത്രങ്ങളും കവര്‍ ചിത്രങ്ങളും ഹാഷ് ടാഗുകളും വ്യപകമായിരിക്കുകയാണ്. ഇതിന്റെ പിന്തുടര്‍ച്ചയായാണ് ആഷിക് അബുവിനെ പോലെയുള്ള പ്രമുഖരും രംഗത്തെത്തിയിരിക്കുന്നത്. യുവമോര്‍ച്ചയുടെ സദാചാര പോലീസിങ്ങിനോടുള്ള പ്രതിഷേധമായാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിലയിരുത്തുന്നത്.
അതേസമയം തങ്ങള്‍ക്ക് കിട്ടുന്ന പിന്തുണയ്‌ക്ക് നന്ദിയറിയിച്ചുകൊണ്ട് ഡൗണ്‍ ടൗണ്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. യുവമോര്‍ച്ചയുടേത് ഒരു ആസൂത്രിതമായ ആക്രമണമായിരുന്നെന്നും ആക്രമണത്തിനു ശേഷം നുണ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഹോട്ടല്‍ പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.