സംവിധായകൻ കമലിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച വ്യക്തിയാണ് ആഷിഖ് അബു. ഡാഡി കൂൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി മാറിയ അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയിരുന്നു. സോൾട്ട് ആൻഡ് പെപ്പർ, ഇടുക്കി ഗോൾഡ്, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ ആഷിഖ് അബു സിനിമകളാണ്.
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയായിരുന്നു ഗ്യാങ്‌സ്റ്റർ. വലിയ ഹൈപിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായി മാറിയിരുന്നു. എന്നാൽ ഗ്യാങ്‌സ്റ്റർ എടുക്കേണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഥകൾ ആലോചിച്ചിരുന്നുവെന്നും ആഷിഖ് പറയുന്നു. സിനിമയുടെ വൺ ലൈൻ ആയിരുന്നു പ്രശ്‌നമെന്നും തന്റെ ജഡ്‌ജ്‌മെന്റ് തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഞ്ചാവിൻ്റെ മഹത്ത്വം പറയുന്ന ചിത്രമായിരുന്നില്ല ഇടുക്കി ഗോൾഡെന്നും അതിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യം മറ്റൊന്നായിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.
‘ഗ്യാങ്‌സ്റ്റർ എടുക്കേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ വലിയ ആഗ്രഹമായിരുന്നു ആ ചിത്രം. ആ ചിത്രത്തിനുവേണ്ടി രസകരമായ പല കഥകളും ഞാൻ ആലോചിച്ചിരുന്നു. ഒടുവിൽ ലാൻ്റ് ചെയ്‌ത വൺ ലൈൻ കുഴപ്പമായി. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് പ്രശ്നം തിരിച്ചറിഞ്ഞത്. അത് നികത്താൻ ശ്രമിച്ചിരുന്നു. നല്ലതിനുവേണ്ടി ചെയ്‌തതായിരുന്നു. പക്ഷേ, ജഡ്‌ജ്‌മെന്റ് തെറ്റിപ്പോയി.
അതുപോലെ കഞ്ചാവിൻ്റെ മഹത്ത്വം പറയുന്ന ചിത്രമായിരുന്നില്ല ഇടുക്കി ഗോൾഡ്. അതിലൂടെ ഞങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യം മറ്റൊന്നായിരുന്നു. പക്ഷേ, ഇടുക്കി ഗോൾഡ് പോപ്പുലർ ആയത് കഞ്ചാവിൻ്റെ പേരിൽ വന്ന സിനിമ എന്ന പേരിലായിരുന്നു. നെഗറ്റീവ് റിയാക്ഷനൊപ്പം ധാരാളം പോസിറ്റീവ് റിയാക്ഷൻ ആ ചിത്രത്തിനു ശേഷം വന്നിരുന്നു.
60 വയസ്സുള്ള സി.എ. കാരിയായ സ്ത്രീ എന്നെ വിളിച്ചു. ‘ഇത്രയും കാലത്തിനിടയിൽ ഞാൻ ഏറെ ആസ്വദിച്ച ചിത്രമാണ് ഇടുക്കി ഗോൾഡ്’ എന്നായിരുന്നു കമൻ്റ്. ഞാൻ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിയെന്ന് അപ്പോൾ മനസിലായി,’ആഷിഖ് അബു പറയുന്നു.
ആഷിഖ് അബുവിന്റെ ഒരു മികച്ച തിരിച്ചുവരവ് കണ്ട സിനിമയായിരുന്നു ഈയിടെ ഇറങ്ങിയ റൈഫിൾ ക്ലബ്. വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, പൊന്നമ്മ ബാബു, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു.
Content Highlight: Ashiq Abu About Gangster Movie And Idukki Gold