ശിവസേനയുടെ മടിയില്‍ ചാടിക്കയറിയിരുന്ന കോണ്‍ഗ്രസിന് ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്തവകാശം; ഇഷ്ടമുള്ളയിടത്ത് മത്സരിക്കും: ഉവൈസി
Bihar Election
ശിവസേനയുടെ മടിയില്‍ ചാടിക്കയറിയിരുന്ന കോണ്‍ഗ്രസിന് ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്തവകാശം; ഇഷ്ടമുള്ളയിടത്ത് മത്സരിക്കും: ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 4:03 pm

ഹൈദരാബാദ്: ബീഹാറില്‍ മഹാസഖ്യം പരാജയപ്പെട്ടതിന്റെ മുഖ്യകാരണം എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസിയാണെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് മറുപടിയുമായി ഉവൈസി രംഗത്ത്.

എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളുടെ പാര്‍ട്ടിയാണെന്നും അതിന് ആരുടേയും സമ്മതം ചോദിച്ച് നടക്കേണ്ട കാര്യമില്ലെന്നും ഉവൈസി പറഞ്ഞു.

‘ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ (കോണ്‍ഗ്രസ്) പോയി ശിവസേനയുടെ മടിയില്‍ (മഹാരാഷ്ട്രയില്‍) ഇരുന്നു. നിങ്ങള്‍ എന്തിനാണ് തെരഞ്ഞെടുപ്പില്‍ പോരാടിയതെന്ന് ആരെങ്കിലും ചോദിച്ചാലോ. ഞാന്‍ ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും രാജ്യത്ത് എല്ലായിടത്തും മത്സരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരുടെയെങ്കിലും അനുമതി ചോദിക്കേണ്ടതുണ്ടോ,” അദ്ദേഹം ചോദിച്ചു.

2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും ആരുമായി സഖ്യമുണ്ടാക്കുമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മഹാസഖ്യത്തിനെതിരെ ഉവൈസി രംഗത്തെത്തിയിരുന്നു.

ബീഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വലിയ പാര്‍ട്ടികള്‍ തങ്ങളോട് ‘തൊട്ടുകൂടാത്ത’വരെ പോലെയാണ് പെരുമാറിയതെന്നും ഉവൈസി പറഞ്ഞു.

രാഷ്ട്രീയത്തില്‍, നിങ്ങളുടെ തെറ്റില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്നു. ഞങ്ങളുടെ ബീഹാര്‍ മേധാവി വ്യക്തിപരമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങളെ തൊടാന്‍ ആരും തയ്യാറായില്ല. വലിയ പാര്‍ട്ടികള്‍ തൊട്ടുകൂടാത്തവരെപ്പോലെയാണ് എന്നോട് പെരുമാറിയത് … ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് എല്ലാ പ്രധാനപ്പെട്ട മുസ്ലിം നേതാക്കളെയും കണ്ടു പക്ഷേ, ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തതെന്ന് നിങ്ങളോട് പറയാന്‍ കഴിയില്ല, ‘ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഉവൈസി പറഞ്ഞിരുന്നു. ബീഹാറില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Asaduddin Owaisi  against Congress On Bihar Election Issue