തിരുവനന്തപുരം: റിച്ച് പാലിന് വില വര്‍ധിപ്പിച്ച മില്‍മയുടെ തീരുമാനത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. എന്തിനാണ് വില വര്‍ധിപ്പിച്ചതെന്ന് മില്‍മയോട് വിശദീകരണം തേടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘എന്തുകൊണ്ടാണ് വില വര്‍ധിപ്പിച്ചതെന്ന് മില്‍മയുടെ ചെയര്‍മാനോട് ചോദിച്ചാലെ പറയാന്‍ പറ്റുള്ളൂ. കാരണം 24 രൂപയുള്ള ഒരു പാക്കറ്റിന് 25 രൂപയും 29 രൂപയുള്ള പാക്കറ്റിന് 30 രൂപയുമാക്കി വര്‍ധിപ്പിച്ചെന്നാണ് ഞാനിപ്പോള്‍ കേട്ടത്.
പക്ഷേ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഇതിനെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ല. ഇത് മില്‍മ തന്നെയാണ് വര്‍ധിപ്പിച്ചത്. അവര്‍ക്കതിനുള്ള അധികാരമുണ്ടായത് കൊണ്ട് മാത്രമാണ് വര്‍ധിപ്പിച്ചതെന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്.
വേനല്‍ച്ചൂട് വളരെക്കൂടുതലായത് കൊണ്ട് കേരളത്തിലിപ്പോള്‍ പാല് കുറവാണ്. എങ്കിലും പരമാവധി ഉല്‍പാദനം കൂട്ടുവാനുള്ള പരിശ്രമം ഞങ്ങളുടെ വകുപ്പ് ചെയ്യുന്നത്. വ്യത്യസ്ത സ്‌കീമുകളും അതിന് വേണ്ടി നമ്മള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ വില വര്‍ധനവിന്റെ സാഹചര്യം മില്‍മക്കാരോട് ചോദിച്ചാലെ മനസിലാക്കാന്‍ പറ്റുള്ളൂ.
ഇത് റിച്ച് പാലാണ്. അത് കൊണ്ടായിരിക്കാം വില കൂട്ടിയതെന്നാണ് തോന്നുന്നത്. കഴിഞ്ഞ വട്ടം 6 രൂപ ഒരു ലിറ്റര്‍ പാലില്‍ വര്‍ധിപ്പിച്ചപ്പോള്‍ 5 രൂപ, 5 പൈസ കര്‍ഷകന് കിട്ടത്തക്ക രീതിയിലാണ് അന്ന് വര്‍ധിപ്പിച്ചത്. പക്ഷേ ഈയൊരു വിലവര്‍ധനവില്‍ അത് വരുന്നില്ല,’ മന്ത്രി പറഞ്ഞു.