Advertisement
Film News
'ഇ.ഡി റെയ്ഡ് ഉണ്ടായാലും ഭയപ്പെടുന്നില്ല'; പാര്‍വതി തിരുവോത്ത് ചിത്രം 'വര്‍ത്തമാനം' തിയേറ്ററിലെത്തുന്നതില്‍ ആര്യാടന്‍ ഷൗക്കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 04, 05:12 pm
Thursday, 4th March 2021, 10:42 pm

കൊച്ചി: പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ‘വര്‍ത്തമാനം’ എന്ന ചിത്രം മാര്‍ച്ച് 12 ന് തിയേറ്ററിലെത്തുകയാണ്.

ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ശിവയാണ്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ചിത്രം തിയേറ്ററിലെത്തുന്നതില്‍ ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചിരുന്നു.

ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ധാരാളം വെല്ലുവിളികള്‍ നേരിട്ടുവെന്നും സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളും സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിയേറ്ററില്‍ ചിത്രം കാണിക്കുമ്പോള്‍ പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയില്ലെന്നും ഇതൊക്കെ ആരെങ്കിലുമൊക്കെ വിളിച്ചു പറയേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിനെതിരെയുണ്ടാകുന്ന എതിര്‍പ്പുകളെ കേരളത്തിലെ മതേതര സമൂഹം എതിര്‍ക്കും. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സിനിമയാണിത്. ഇതിന്റെ പേരില്‍ ഇ.ഡി റെയ്ഡ് പോലുള്ള പീഡനങ്ങള്‍ ഉണ്ടായാലും ഭയപ്പെടുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു.

ജനുവരി നാലിനാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. ജെ.എന്‍.യു സമരം പ്രമേയം ആയ സിനിമക്ക് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്.

പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.

കേരളത്തില്‍ നിന്ന് ദല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ ‘സഖാവി’ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Aryadan Shaoukath About Varthmanam Movie