Advertisement
India
തര്‍ക്കങ്ങളില്ല; പഞ്ചാബില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസും എ.എ.പിയും ഒരുമിച്ചെടുത്തതെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 18, 12:19 pm
Sunday, 18th February 2024, 5:49 pm

ന്യൂദല്‍ഹി: പഞ്ചാബില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ചെടുത്തതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിഷയത്തില്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്. പഞ്ചാബില്‍ പ്രധാന പോരാട്ടം കോണ്‍ഗ്രസും എ.എ.പിയും തമ്മിലാണെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരായ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് ഇരു പാര്‍ട്ടികളും.

ദല്‍ഹിയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് എ.എ.പിയും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദല്‍ഹിയില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസും എ.എ.പിയും ദല്‍ഹിയില്‍ ഒരുമിച്ച് മത്സരിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കും’, കെജ്‌രിവാള്‍ പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴ് പാര്‍ലമെന്റ് സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. 2014ലും ബി.ജെ.പിക്കായിരുന്നു നേട്ടം. പഞ്ചാബിലെ 13 സീറ്റുകളിലും എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ എ.എ.പിക്ക് നന്ദി പറഞ്ഞ് പഞ്ചാബിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിങ് ബജ്വ രംഗത്തെത്തി. ഒറ്റക്ക് മത്സരിക്കാന്‍ തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മറ്റ് സംസ്ഥാനങ്ങളിലേത് പോലെയല്ല പഞ്ചാബിലെ സാഹചര്യം. പഞ്ചാബില്‍ എ.എ.പി സര്‍ക്കാരാണ് ഭരണത്തിലുള്ളത്. കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷവുമാണ്. ഈ അവസ്ഥയില്‍ ഞങ്ങള്‍ക്കെങ്ങനെയാണ് ഒരുമിച്ച് മത്സരിക്കാന്‍ സാധിക്കുക’, പ്രതാബ് സിങ് ബജ്വ ചോദിച്ചു.

സംസ്ഥാനത്ത് എ.എ.പിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചാല്‍ ഭരണ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിയിലേക്കോ അകാലിദളിലേക്കോ പോകും. അങ്ങനെ വന്നാല്‍ സംസ്ഥാനം വിട്ട് കൊടുക്കേണ്ടി വരും. നിലവില്‍ കോണ്‍ഗ്രസ് തിരിച്ച് വരവിന്റെ പാതയിലാണെന്നും വോട്ട് ബാങ്കുകള്‍ സംരക്ഷിക്കാന്‍ ഇരു പാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കുന്നതാണ് നല്ലതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എ.എ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ധാരണക്കെതിരെ വ്യാപക പ്രതിഷേധമാണ് ബി.ജെ.പിയില്‍ നിന്നും ഉയരുന്നത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ഉള്‍പ്പടെയുള്ള നേതാക്കള്‍ അവസരവാദമെന്നാണ് തീരുമാനത്തെ കുറിച്ച് പ്രതികരിച്ചത്.

Contant Highlight: Arvind Kejriwal Says Congress, AAP Mutually Agreed To Go Solo In Punjab