ആ ഷഹനായികളുടെ മൂല്യം മനസ്സിലാവുന്ന ഒരു ഇന്ത്യ പതിയെ ഇല്ലാതാവുകയാണ്. ഷിയാ മുസ്ലിമായി ജനിച്ചുവളര്‍ന്ന്, ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ എല്ലാം ഷഹനായി വായിച്ചു നടന്ന സാത്വികനായ ആ വൃദ്ധനെ ഇന്നത്തെ ഇന്ത്യക്ക് എത്രത്തോളം ഉള്‍ക്കൊള്ളാനാവും? “സംഗീതം മതവിരുദ്ധമാണെന്നോ” അല്ലെങ്കില്‍ “വേണമെങ്കില്‍ പാക്കിസ്ഥാനില്‍ പോയി വായിച്ചോളൂ” എന്നോ ഇന്നത്തെ ഇന്ത്യയിലെ ഏതെങ്കിലുമൊരു പക്ഷം അദ്ദേഹത്തോട് പറയുമായിരുന്നില്ലേ?
മൂല്യമേറിയ അപൂര്‍വ വസ്തുക്കളില്‍ താല്പര്യമുള്ള ആരോ ആവാം ആ ഷഹനായികള്‍ മോഷ്ടിച്ചത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. ആ രീതിയില്‍ ആയിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.
പക്ഷെ എന്റെ ഊഹം തെറ്റായിരുന്നു. ഭാരതം കണ്ട ഏറ്റവും മഹാന്മാരായ സംഗീതപ്രതിഭകളില്‍ ഒരാളായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ആ നാല് ഷഹനായികള്‍ മോഷ്ടിച്ചത് കൊച്ചുമകന്‍ നജ്‌റെ ഹസന്‍തന്നെ ആയിരുന്നു. വെറും 17000 രൂപയ്ക്ക് ആ വെള്ളി ഷഹനായികള്‍ നജ്‌റെ ഹസന്‍ വരാണസിയിലെ ജൂവല്ലറിയില്‍ തൂക്കിവിറ്റ വാര്‍ത്ത ഇന്ന് പത്രങ്ങളിലുണ്ട്.
ഷഹനായികള്‍ വാങ്ങിയ ജൂവലറിയുടമ ശങ്കര്‍ലാല്‍ സേത്തിനും അതിന്റെ “വില” മനസ്സിലായില്ല. അയാള്‍ അത് ഉരുക്കി വെള്ളിയെടുക്കാന്‍ ജോലിക്കാരെ ഏല്‍പ്പിച്ചു. പോലീസ് തേടിയെത്തുമ്പോഴേക്കും മൂന്നു ഷഹനായികള്‍ ഉരുകിത്തീര്‍ന്നിരുന്നു.
ഒന്‍പതു പതിറ്റാണ്ട് ലോകമെങ്ങും സ്‌നേഹത്തെയും സംഗീതത്തെയും കുറിച്ചു മാത്രം പാടി നടന്ന ഒരു മഹാജീവിതത്തിന്റെ ആകെ സമ്പാദ്യമായിരുന്നു ആ ഷഹനായികള്‍. അവ ഇപ്പോള്‍ ഒരു കിലോ തൂക്കമുള്ള വെള്ളിക്കട്ടിയായി വരാണസി പോലീസിന്റെ തൊണ്ടിമുതല്‍ സൂക്ഷിപ്പുമുറിയിലിരിക്കുന്നു, ഏതൊക്കെയോ മോഷണമുതലുകള്‍ക്കു നടുവില്‍! കാലത്തിന്റെ ക്രൂരമായ തമാശ.
ബിസ്മില്ലാഖാന്‍ തീര്‍ത്ത നാദധാരയില്‍ ഉള്ളുകുളിര്‍ത്ത ആരാധകരും നേതാക്കളുമൊക്കെ പലപ്പോഴായി സമ്മാനിച്ചവയാണ് ഇപ്പോള്‍ ഉരുക്കിയ ആ ഷഹനായികള്‍.
ബിസ്മില്ലാഖാന്‍ കച്ചേരികള്‍ക്ക് ഉപയോഗിച്ചിരുന്ന ഇഷ്ട ഷഹനായി ഗംഗാതീരത്തെ ഖബറിടത്തില്‍ അദ്ദേഹത്തിനൊപ്പംതന്നെ അലിഞ്ഞുചേരുകയായിരുന്നു.
ആ വയോധികന്റെ അവസാന ആഗ്രഹം അത് മാത്രമായിരുന്നു, ഖബറിടം മൂടുംമുമ്പ് അരികിലായി തന്റെ ഷഹനായികൂടി വെയ്ക്കണം. സംഗീതത്തിന്റെ അനശ്വരതയില്‍ വിശ്വസിച്ച ആ മഹായോഗി വേറെന്ത് ആഗ്രഹിക്കാന്‍!
ഒരിക്കല്‍ ഉസ്താദ് പറഞ്ഞിട്ടുണ്ട്: “ഈ ലോകം മുഴുവന്‍ ഇല്ലാതായാലും സംഗീതം, സംഗീതം മാത്രം എവിടെയോ ബാക്കിനില്‍ക്കും”
അധികം ശിഷ്യന്മാരെയൊന്നും സ്വീകരിക്കാതിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്‍ നേരിട്ട് സംഗീതപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത മകനാണ് കാസിം ഹുസ്സൈന്‍. ആ കാസിമിന്റെ മകനാണ് സ്വന്തം വീടിന്റെ അറയില്‍നിന്ന് ആ ഷഹനായികള്‍ എടുത്തുകൊണ്ടുപോയി വിറ്റത് എന്നത് കാലത്തിന്റെ മറ്റൊരു ഫലിതം. പോലീസിനോട് നിസ്സാരഭാവത്തില്‍ അയാള്‍ പറഞ്ഞത്രേ “കൂട്ടുകാരനു കൊടുക്കാനുള്ള കടം വീട്ടാനാണ് മുത്തച്ഛന്റെ സാധനങ്ങള്‍ എടുത്തു വിറ്റതെന്ന്..! “ബിസ്മില്ലാഖാന് കിട്ടിയ ഭാരതത്തിന്റെ പരമോന്നത ബഹുമതി, ഭാരതരത്‌ന കൂടി ആ വീടിന്റെ മൂലയില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടോ അത് അയാള്‍ വിറ്റില്ല. അതോ, പിന്നീടൊരു വില്‍പ്പനയ്ക്കായി ബാക്കിവെച്ചതോ? അറിയില്ല.
ഒരു കണക്കിന് നന്നായിയെന്നും പറയാം. അല്ലെങ്കില്‍ത്തന്നെ ആ ഷഹനായികളുടെ മൂല്യം മനസ്സിലാവുന്ന ഒരു ഇന്ത്യ പതിയെ ഇല്ലാതാവുകയാണ്. ഷിയാ മുസ്ലിമായി ജനിച്ചുവളര്‍ന്ന്, ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ എല്ലാം ഷഹനായി വായിച്ചു നടന്ന സാത്വികനായ ആ വൃദ്ധനെ ഇന്നത്തെ ഇന്ത്യക്ക് എത്രത്തോളം ഉള്‍ക്കൊള്ളാനാവും? “സംഗീതം മതവിരുദ്ധമാണെന്നോ” അല്ലെങ്കില്‍ “വേണമെങ്കില്‍ പാക്കിസ്ഥാനില്‍ പോയി വായിച്ചോളൂ” എന്നോ ഇന്നത്തെ ഇന്ത്യയിലെ ഏതെങ്കിലുമൊരു പക്ഷം അദ്ദേഹത്തോട് പറയുമായിരുന്നില്ലേ?
മതങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഭാഷകള്‍ക്കും എല്ലാം മുകളില്‍ ദിവ്യമായൊരു കുഴല്‍കൊണ്ട് “സ്‌നേഹം…സ്‌നേഹം” എന്ന് മാത്രം ഊതിക്കൊണ്ടിരുന്ന ജീവിതമായിരുന്നു ഉസ്താദിന്റേത്. ഇന്ത്യയില്‍ എന്നപോലെ പാക്കിസ്ഥാനിലും ആരാധകര്‍ ഏറെ ഉണ്ടായിരുന്നു ആ സംഗീതത്തിന്. പിളര്‍ന്നുപോയ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ പിളരാത്ത നാദമായിരുന്നു മെലിഞ്ഞ ആ നെഞ്ചിന്‍കൂടില്‍നിന്ന് ഒഴുകിയിരുന്നത്.
ബിഹാറിലെ കുഗ്രാമത്തില്‍ ഷിയാ മുസ്‌ലിം കുടുംബത്തില്‍ ജനിച്ചു പത്താം വയസ് മുതല്‍ വരാണസിയില്‍ വിശ്വനാഥ ക്ഷേത്രത്തിന്റെ പടവുകളില്‍ രാഗങ്ങള്‍ ഊതി വളര്‍ന്ന ബാല്യം അങ്ങനെ ആയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ !
ഒരിക്കല്‍ ആരാധകര്‍ സകല സുഖ സൗകര്യങ്ങളും ഒരുക്കി അമേരിക്കയില്‍ സ്ഥിരതാമസത്തിന് ക്ഷണിച്ചപ്പോള്‍ ബിസ്മില്ലാഖാന്‍ പറഞ്ഞു: “എന്റെ ഗംഗയും ബനാറസും നിങ്ങള്‍ക്ക് അവിടെ സൃഷ്ടിക്കാന്‍ കഴിയില്ലല്ലോ..!”
സംഗീതം ഇസ്‌ലാം വിരുദ്ധമാണെന്ന് വാദിച്ച ഒരു മൗലികവാദി മൊല്ലാക്കയോട് ബിസ്മില്ലാഖാന്‍ ഒരിക്കല്‍ പറഞ്ഞു: “ഞാന്‍ ഭൈരവ് രാഗത്തില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാറുണ്ട്.കേള്‍ക്കണോ?”
പിന്നെ അദ്ദേഹം ഷഹനായി ചുണ്ടില്‍ ചേര്‍ത്ത് രാഗഭൈരവില്‍ പാടി. മൊല്ലാക്ക പിന്നെ മിണ്ടിയതേയില്ല. ഹിന്ദുസ്ഥാനിയില്‍ എഴുസ്വരങ്ങളും നിറയുന്ന സമ്പൂര്‍ണ രാഗമാണ് രാഗഭൈരവ്. സര്‍വവും അറിയുന്ന അല്ലാഹുവിന് സപ്തസ്വരങ്ങള്‍ അറിയാതെപോകുന്നതെങ്ങനെ!!!
Read more: അലന്‍സിയര്‍ ‘കലാകാരന്‍’ എന്ന വാക്കിനെ അര്‍ത്ഥപൂര്‍ണ്ണമാക്കി: ഡോ. ബിജു
തിരക്കേറിയ ഒരു തീവണ്ടി യാത്രയില്‍ കാര്‍വര്‍ണനായ ഉണ്ണികൃഷ്ണന്‍ വന്ന് അന്നോളം കേട്ടിട്ടില്ലാത്ത ഒരു രാഗം പാടി കേള്‍പ്പിച്ചിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി എന്ന് ബിസ്മില്ലാഖാന്‍ ഒരിക്കല്‍ വിവരിച്ചിട്ടുണ്ട്. അടുത്ത കച്ചേരിയില്‍ ആ രാഗം അദ്ദേഹം വായിക്കുകകൂടി ചെയ്തു!
അവസാന കാലത്തെ അഭിമുഖങ്ങളിലും ഉസ്താദ് പറഞ്ഞു. “ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്”.എല്ലാം ഒന്നാണ്. ശരിക്കും ഒന്ന്. ആളുകള്‍ക്ക് എന്നെങ്കിലും അത് മനസ്സിലാകും”
വരാണസിയിലെ ആ ആഭരണശാലയിലെ ഉമിത്തീയില്‍ വേകുമ്പോള്‍ ആ ഷഹനായികളും ഇതുതന്നെ പറഞ്ഞിട്ടുണ്ടാവണം. ഉരുകിയുരുകി അലിയുമ്പോഴും ആ ഷഹനായികള്‍ സ്വയം പാടിയിട്ടുണ്ടാവണം, സ്‌നേഹത്തിന്റെ ഒരപൂര്‍വരാഗം. ഒരു പക്ഷെ, ഇനിയാരും പാടാന്‍ ഇടയില്ലാത്തത്..!
Also read: അലന്‍ ചേട്ടാ നിങ്ങളാണ് താരം…ബാക്കിയെല്ലാം ഈയം പൂശിയ തകരപ്പാട്ടകള്‍ മാത്രം