ചുരുങ്ങിയ കാലയളവിലേക്ക് മാത്രം തൊഴിലാളികളെ നിയമിക്കാം, രണ്ടാഴ്ചത്തെ നോട്ടീസ് നല്കി പിരിച്ചു വിടാനുമുള്ള അധികാരം തൊഴില്‍ ദായകര്‍ക്ക് നല്‍കുന്ന പുതിയ വിജ്ഞാപനം ഈ കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നു. നൂറില്‍ കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്നതും, മിനിമം കൂലി നിയമം ബാധകമാവുകയും ചെയ്യുന്ന എല്ലാ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമായി വരുന്ന തൊഴില്‍ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്ന 1946 ലെ “സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍” നിയമത്തെയാണ് “ഇന്‍ഡസ്ട്രിയല്‍ എം പ്ലോയ്‌മെന്റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേര്‍സ്) കേന്ദ്ര ഭേദഗതി ചട്ടം 2018” വഴി മാറ്റാന്‍ തീരുമാനമെടുത്തത്.
സമ്മിശ്രമായ പ്രതികരണമാണ് ഈ ഭേദഗതിയിന്മേല്‍ ഉയര്‍ന്നു വരുന്നത്. “ഈസ് ഓഫ് ഡൂയിങ്ങ് ബിസിനെസ്സ്” കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും, തൊഴിലാളി സുരക്ഷ ഉറപ്പാക്കാനും ഈ നിയമം സഹായിക്കും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ കാലക്രമേണ സ്ഥിരം ജോലി എന്നതു തന്നെ ഇല്ലാതാക്കാന്‍ വഴിവെക്കുന്ന നയം മാറ്റമാണ് ഇത് എന്ന് അഭിപ്രായവും ശക്തമാണ്.
“ഈ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സംഘടിത മേഖലയില്‍ സ്ഥിരം സ്വഭാവമുള്ള ജോലി എന്നത് ഇല്ലാതാവും. പാര്‍ലമെന്റില്‍ യാതൊരു വിധ ചര്‍ച്ചയും ചെയ്തില്ല എന്നു മാത്രമല്ല, ഈ രംഗവുമായി ബന്ധപ്പെട്ട തൊഴിലാളി യൂണിയന്‍ പ്രതിനിധികളെക്കൂടി വിശ്വാസത്തില്‍ എടുക്കാതെ തികച്ചും ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായാണ് സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്” എന്നതാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്ന വാദം. ഭരണവര്‍ഗ്ഗ അനുകൂല സംഘടനയായ ബി.എം.എസ് വരെ പരസ്യമായി ഈ നിയമ ഭേദഗതിക്കെതിരെ രംഘത്തു വന്നതും ഇതാണ് സൂചിപ്പിക്കുന്നത്.
ഈ തരത്തിലുള്ള തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ 90 കള്‍ക്ക് ശേഷം പല നീക്കങ്ങളും നടക്കുകയുണ്ടായിട്ടുണ്ട്. വാജ്‌പേയീ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് 2003 ല്‍ ഇത്തരം ഒരു തീരുമാനം എടുത്തെങ്കിലും, പൊതു വികാരം മാനിച്ചും എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നതിനാലും പിന്നീട് വന്ന യു.പി.എ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
പിന്നീട് മോഡി സര്‍ക്കാര്‍ 2015 ഏപ്രില്‍ 29ന് നിശ്ചിത തൊഴില്‍ (fixed term employment) നടപ്പാക്കാനുള്ള വിജ്ഞാപനം വീണ്ടും ഇറക്കി. ഇതിനെതിരെ 2015 സെപ്റ്റംബര്‍ 2 ന് വന്‍ തൊഴിലാളി സംഘടനാ പ്രതിഷേധം ഉയരുകയും പിന്നീട് ആ വിജ്ഞാപനം നടപ്പാകാതെ പോവുകയും ചെയ്തു. എന്നാല്‍ 2017 ഫെബ്രുവരിയില്‍ നിശ്ചിതകാലത്തേക്ക് തൊഴില്‍ എന്ന രീതി ചില രംഗങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വന്നു. അതേ ഡിസംബറില്‍ തുകല്‍, പാദരക്ഷ വ്യവസായങ്ങള്‍ക്ക്കൂടി ഈ നിയമം വ്യാപിപ്പിച്ചു. അങ്ങിനെ ഭക്ഷ്യ സംസ്‌കരണം, തുകല്‍ വ്യവസായം, തുണി നിര്‍മ്മാണം എന്നീ മേഖലകളില്‍ മാത്രം അനുവദിച്ചിരുന്ന ചട്ടമാണ് ഇപ്പോള്‍ സാര്‍വത്രികമാകുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും ഇത്തരമൊരു നിയമനിര്‍മ്മാണം ധനമന്ത്രി സൂചിപ്പിച്ചു എന്നിരിക്കിലും, ഇത്രയും പെട്ടെന്ന് വിജ്ഞാപനം ഇറക്കുമെന്ന് ആരും കരുതിയിരുന്നില്ല.
2018 ജനുവരി 8 നാണ് കേന്ദ്ര സര്‍ക്കാര്‍ “സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍” നിയമ ഭേദഗതിക്കായുള്ള കരട് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. തൊഴിലാളി സംഘടനകളുമായി യാതൊരു ചര്‍ച്ചയും നടത്താതെയുള്ള ഇങ്ങനെയൊരു നീക്കത്തെ അന്നു തന്നെ പലരും ചോദ്യം ചെയ്തിരുന്നു. കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ അതിനോടുള്ള എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് വളരെ ശക്തമായ എതിര്‍പ്പുകളാണ് ഈ കരടു വ്യവസ്ഥകള്‍ക്കെതിരെ ഉയര്‍ന്ന്് വന്നത്.
അതിന്റെ വെളിച്ചത്തില്‍ തൊഴിലാളി സംഘടനകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, തൊഴിലുടമകള്‍ എന്നിവരുടെ ഒരു യോഗം ഫെബ്രുവരി 15ന് വിളിച്ചു ചേര്‍ത്തിരുന്നു. പക്ഷെ സമവായത്തിലെത്താനാവാതെ ആ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ നിശ്ചിത കാല തൊഴില്‍ സമ്പ്രദായം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയും ചെയ്തു, ചര്‍ച്ചകള്‍ക്ക് ഇടവും നല്‍കിയില്ല.
ഈ പുതിയ നിയമത്തിലുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നു കൂടി സൂചിപ്പിക്കാം. മാര്‍ച്ച് 16 ന് കേന്ദ്ര സര്‍ക്കാര്‍ ഈ പരിഷ്‌കാരം നടപ്പാക്കി ഒരാഴ്ച കഴിയുന്നതിന് മുന്നേ തന്നെ ആ പരിഷ്‌കാരത്തിന്റെ മറപിടിച്ച് യൂണിയന്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്താതെ പുറം കരാര്‍വല്‍കരണം നടപ്പാക്കാന്‍ നീങ്ങിയത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇത്രയും കാലം സ്ഥിരം നിയമനം നടത്തിയിരുന്ന തസ്തികയിലേക്കാണ് ബാങ്കിപ്പോള്‍ കരാര്‍ നിയമത്തിലേക്ക് തയ്യാറാവുന്നത്. ഇവിടേയാണ് പതുക്കെ പതുക്കെ സ്ഥിരം ജോലി എന്നത് ഇല്ലാതായേക്കുമോ എന്ന സംശയം അസ്ഥാനത്ത് അല്ലാ എന്ന് കരുതേണ്ടി വരുന്നത്.
തൊഴില്‍ രംഗം പരിഷ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആദ്യം വേണ്ടത് രാജ്യത്തെ നിലവിലെ അവസ്ഥകളെ ഒന്ന് മനസ്സിലാക്കുക എന്നതാണ്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് “എല്ലാ വര്‍ഷവും രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നല്‍കും” എന്ന വാഗ്ദാനം നല്കി എന്നതൊക്കെ നമുക്ക് മാറ്റി വക്കാം. ഇപ്പോള്‍ തന്നെ ഇഷ്ടം പോലെ ആളുകളെ ജോലിക്കെടുക്കുക, ആവശ്യം കഴിഞ്ഞാല്‍ പിരിച്ചു വിടുക എന്നത് (ഹയര്‍ ഏന്‍ഡ് ഫയര്‍) പല രംഗങ്ങളിലും വ്യാപകമാണ്.
സ്‌പെഷ്യല്‍ ഇകൊണോമിക് സോണില്‍ പെടുന്ന ഐ.ടി മേഖല പോലുള്ള സെക്ടറുകളില്‍ ഇത്തരം കൂട്ട പിരിച്ചു വിടലുകള്‍ ഇന്ന് സാധാരണമാണ്. എല്ലാ വ്യവസായ മേഖലകളിലേക്കും ഇത് വ്യാപരിക്കുന്നതോടേ പൊതുവെ രൂക്ഷമായ തൊഴില്‍ പ്രതിസന്ധി കൂടുതല്‍ പ്രശ്‌നത്തിലാവും എന്ന തൊഴിലാളി സംഘടനകളുടേയും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും വാദഗതികള്‍ തള്ളിക്കളയാനാവില്ല.
എന്താണ് രാജ്യത്തെ തൊഴിലില്ലായ്മയുടെ യഥാര്‍ഥ വസ്തുത? ലേബര്‍ ബ്യൂറോ കണക്കുകള്‍ പ്രകാരം വെറും 3.86 തൊഴില്‍ അവസരങ്ങള്‍ മാത്രമെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. 2015 ല്‍ 1.55 ലക്ഷം, 2016 2.31 ലക്ഷം എന്നിങ്ങനെയാണ് ആ കണക്ക്. സി.എം.ഐ ഈ (സെന്റര്‍ ഫോര്‍ മോണീടറിംഗ് ഇന്‍ഡ്യന്‍ ഇകോണമി) പ്രകാരം 2018 ഫെബ്രുവരി 25ന് അവസാനിച്ച ആഴ്ചയില്‍ ജനുവരിയിലെ 5% ത്തിനേക്കാള്‍ തൊഴില്‍ ഇല്ലായ്മാ നിരക്ക് 6.1% ആയി വര്‍ദ്ധിച്ചു എന്നാണ്. ഇത് കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. പോയ 15 മാസം എന്നത് നോട്ടു നിരോധനത്തിന്റെ അനന്തര നാളുകളാണ് എന്നതു കൂടി കൂട്ടി വായിക്കുക.
മാത്രവുമല്ല സി.എം.ഐ.ഇ ഡാറ്റ പ്രകാരം 2016 ല്‍ 5.31 കോടി 15 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ തൊഴില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ എല്‍ ഓ) “വേള്‍ഡ് എംപ്ലോയ്‌മെന്റ് ഏന്‍ഡ് സോഷ്യല്‍ ഔട്‌ലൂക് 2018” കാണിക്കുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ നിലവിലെ 3.4 ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്. ജോലി ഇല്ലാത്തവര്‍ 18 മില്ല്യണില്‍ (1.8 കോടി) നിന്നും 18.6 മില്ല്യണ്‍ (1.86 കോടി)വളരും എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. രംഗത്ത് കാണപ്പെട്ടു എങ്കില്‍, അത് 2017 ആയപ്പോള്‍ 4.59 കോടി ആയി ചുരുങ്ങുകയാണുണ്ടായത്.
ഐ.എല്‍.ഓ കണ്‍വെന്‍ഷന്‍ 144 -ാം വകുപ്പ് പ്രകാരം തൊഴില്‍ നിയമ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നെ അതുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എന്നത് പാര്‍ലമെന്റ് വരെ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ ഈ ഭേദഗതി പര്‍ലമെന്റിലോ, ബന്ധപ്പെട്ട തൊഴിലാളി യൂണിയനുകളുമായോ യാതൊരു സംവാദവും നടത്താതെ തികച്ചും ഏകപക്ഷീയമായ ഒന്നാണ് എന്നാണ് ഇതിനോട് ബന്ധപ്പെട്ടവര്‍ പ്രതികരിക്കുന്നത്. എല്ലാ അര്‍ഥത്തിലും ജനവിരുദ്ധവും, തൊഴിലാളി വിരുദ്ധവുമായ ഈ നടപടി വന്‍കിട മുതലാളിമാരേയും, വ്യവസായ പ്രമുഖരേയും മാത്രമെ സഹായിക്കൂ എന്നും അവര്‍ വാദിച്ചു.
പുതിയ നിയമപ്രകാരം മൂന്ന് മാസം തുടര്‍ച്ചയായി ജോലി ചെയ്ത ആളുകളെ രണ്ടാഴ്ചത്തെ നോട്ടീസ് നല്കി പിരിച്ചു വിടാവുന്നതാണ്. മൂന്ന് മാസത്തിനകമാണ് പിരിച്ചു വിടുന്നത് എങ്കില്‍ കൃത്യമായ കാരണം രേഖാമൂലം കാണിക്കണം. നിശ്ചിതകാല കാലാവധി തീരുകയാണെങ്കില്‍, പിന്നീട് യാതൊരു വിശദീകരണവും നല്‍കാതെ കരാര്‍ പുതുക്കാതിരിക്കാനും നിയമപരമായ സാധുത ഉണ്ട്.
ആനുകൂല്യങ്ങളും, ഗ്രാറ്റിവിറ്റി പോലുള്ള അവകാശങ്ങളും നിശ്ചിതകാല ജോലിക്കാര്‍ക്ക് കൂടി ബാധകമാവുന്നു എന്ന ചില കാര്യങ്ങള്‍ മാത്രമാണ് ഈ നിയമഭേദഗതിയെ സ്വാഗതം ചെയ്യുന്നവര്‍ക്ക് പറയാനുള്ളത്. പക്ഷെ ഒറ്റനോട്ടത്തില്‍ “ഹയര്‍ ഏന്‍ഡ് ഫയര്‍” പോളിസിയെ കൂടുതല്‍ ലളിതവും, ഒപ്പം നിയമപരവുമാക്കും എന്ന തൊഴിലാളി വിരുദ്ധ സമീപനമാണ് മൊത്തത്തില്‍ ഈ ഭേദഗതിയില്‍ നിഴലിക്കുന്നത് എന്നാണ് പൊതു അഭിപ്രായം.
ഈ ഭേദഗതി കോടതിയില്‍ ചോദ്യ ചെയ്യപ്പെടാനും സാധ്യതയുണ്ട് എന്നാണ് ഈ വിഷയുമായി ബന്ധപ്പെട്ട നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അടിസ്ഥാനപരമായ ചില നിയമ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇവിടെ ഉയര്‍ന്നു വരാം. പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങളിലെ ചട്ടങ്ങള്‍ മറ്റൊരു നിയമത്തിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിക്കൊണ്ട് മറികടക്കാനുള്ള ശ്രമം ഈ നിയമത്തില്‍ കാണുന്നുണ്ട്. കരാര്‍, ഗ്രാറ്റിവിറ്റി, ഷോപ്‌സ് ഏന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമങ്ങളിലെ അംഗീകൃത വ്യവസ്ഥകളില്‍ പലതിനും വിരുദ്ധമായ ചട്ടങ്ങളാണ് പുതിയ ഭേദഗതിയില്‍ കാണുന്നത്. ഗ്രാറ്റിവിറ്റി നല്‍കുന്നത് ചുരുങ്ങിയത് അഞ്ചു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് മാത്രമെന്ന നിയമം, അതില്‍ താഴെയാക്കി മാറ്റുന്നത് തൊഴില്‍ ഉടമകളും ചോദ്യം ചെയ്‌തേക്കാം.
രണ്ടുമാസത്തെ നോട്ടീസില്‍ പിരിച്ചു വിടാം എന്നത് കരാര്‍ നിയമത്തിനും എതിരാണ്. അങ്ങിനെ സങ്കീണ്ണമായ നിയമസംഹിതകളും കാണപ്പെടുന്നതിനോടൊപ്പം, പാര്‍ലമെന്റ് അംഗീകരിച്ച നിയമവ്യവസ്ഥകളെ വെറും ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കാനോ, മാറ്റാനോ സാധിക്കുമോ എന്ന സംശയങ്ങള്‍ക്കും ഇവിടെ പ്രസക്തിയേറുന്നു.
“നീതി ആയോഗിന്റെ” ചില നിരീക്ഷണങ്ങളാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. എങ്ങിനെ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനാവും എന്നതിനെ പറ്റി പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കഴിഞ്ഞ മേയ് മാസത്തില്‍ നീതി ആയോഗിന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്കായുള്ള ഒരു കര്‍മ്മ പദ്ധതി അവര്‍ ഉണ്ടാക്കി സര്‍ക്കാരിന് നല്‍കി. എന്നാല്‍ ആ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ തൊഴില്‍ ഉടമകള്‍ക്ക് അനുകൂലവും, തൊഴിലാളികള്‍ക്ക് ദ്രോഹവും ആയവ ആയിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്.
ആ നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് സ്ഥിരം തൊഴില്‍ സമ്പ്രദായം പൂര്‍ണ്ണമായി ഇല്ലാതാക്കണം എന്നത്. പൊതുവെ ഉള്ള തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ എല്ലാം പൊളിച്ചെഴുതണം എന്ന നിര്‍ദ്ദേശങ്ങളും അതില്‍ ഉണ്ട്. സ്ഥിരം തൊഴില്‍ എന്ന തല വേദനയും, തൊഴില്‍ സംരക്ഷണ ചട്ടങ്ങളും ആണ് തൊഴിലാളികളെ നിയമിക്കുന്നതില്‍ തൊഴില്‍ ഉടമകള്‍ക്ക് പ്രധാന പ്രശ്‌നമായി നില്‍ക്കുന്നത് എന്നാണ് “നീതി” ആയോഗിന്റെ നിരീക്ഷണം!.
“ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്” ത്വരിതപ്പെടുത്താനാണ് ഈ നിയമം എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്” അല്ല “ഈസ് ഓഫ് ക്ലോസിംഗ് ബിസിനസ്സ്” ആണ് ഇതു വഴി ഉണ്ടാവുക എന്നാണ് നിശ്ചിത കാല തൊഴില്‍ പരീക്ഷിച്ച യൂറോപ്പിന്റെ അനുഭവം. തൊഴില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും ഇത് എന്നാണ് അവിടത്തെ അനുഭവസാക്ഷ്യങ്ങള്‍. ഈ നിശ്ചിത കാല ജോലി പതുക്കെ പതുക്കെ വ്യാപിപ്പിച്ച് പിന്നീട് എല്ലാ രംഗത്തും എന്ന പോലെ സര്‍ക്കാര്‍ രംഗത്തും എത്തിപ്പെട്ടാലോ എന്ന് ആലോചിക്കുന്നവരേയും ഒറ്റപ്പെടുത്താനാവില്ല.
ഇന്ന് പലയിടത്തും സ്ഥിരം ജോലിക്ക് പകരം കരാര്‍ വ്യവസ്ഥയിലുള്ള ജോലി സംവിധാനമാണ് നിലവിലിരിക്കുന്നത് എന്നും അതിനാല്‍ ഈ കരാര്‍ വ്യവസ്ഥകള്‍ പുനപരിശോധിച്ച് ആവശ്യമായ പരിഷ്‌കാരങ്ങള്‍ തൊഴില്‍ – തൊഴിലാളി സുരക്ഷയെ മുന്നില്‍ കണ്ട് സ്വീകരിക്കണം എന്ന ആവശ്യം എത്രയോ കാലമായി പാര്‍ലമെന്റിലും സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും ഉയര്‍ന്നു വരുന്നുണ്ട്. പക്ഷെ ആ ഒരു കാര്യത്തില്‍ യാതൊരു വിധ മുന്നോട്ട് പോക്കും ഇതു വരെ ഉണ്ടാകുന്നുമില്ല. തൊഴിലാളിത്വം എന്നതില്‍ നിന്നും കരാര്‍ അടിമത്വം എന്ന പുതിയ അവസ്ഥയിലേക്ക് തിരിച്ചു നടക്കുകയാണോ നമ്മുടെ തൊഴില്‍ രംഗം എന്ന ആശങ്കപ്പെടുന്നവരുമുണ്ട്.
കാലം മുന്നോട്ട് പോകുമ്പോള്‍ അതിനനുസൃതമായി പരിഷ്‌കാരങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷെ അത് നിലവിലെ സുരക്ഷാ- പരിരക്ഷകളെ ഇല്ലാതാക്കി ആവരുത് എന്ന് ഉറപ്പു വരുത്താന്‍ ഭരണകൂടത്തിന് കഴിയണം. മാത്രമല്ല ഏതു തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ആ രംഗവുമായി ബന്ധപ്പെട്ടവരോട് കൃത്യമായ ആശയ വിനിമയം നടത്തി, അവരെ കൂടി വിശ്വാസത്തില്‍ എടുത്തുകൊണ്ട് മുന്നോട്ട് പൊവുന്നതാവില്ലേ ഉചിതം? ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിലാവട്ടെ, പാര്‍ലമെന്റിനെ വരെ ബൈപാസ്സ് ചെയ്തു എന്നാണ് ആരോപണം; മാത്രമല്ല ഇതു കാണിച്ച് “പ്രിവിലേജ് നോട്ടീസ്” നല്കാനും നീക്കങ്ങള്‍ നടന്നിട്ടുണ്ട്.
അതെന്തൊ ആകട്ടെ. പൊതുവെ സങ്കീര്‍ണ്ണമായ തൊഴില്‍ രംഗത്തെ രക്ഷിക്കാനും, തൊഴില്‍ ഇല്ലായ്മക്ക് ആത്മാര്‍ഥമായ പരിഹാരം കാണാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഈ പുതിയ നിയമത്തിലും തൊഴില്‍ സുരക്ഷിതത്വം തൊഴിലാളി പരിരക്ഷയും ഉള്ള ചട്ടങ്ങള്‍ ഉണ്ട് എന്നിരിക്കിലും, ഇതിനോട് ബന്ധപ്പെട്ട തൊഴിലാളികള്‍ക്കും, മറ്റുള്ളവര്‍ക്കും പല സംശയങ്ങളും ഉണ്ട്. അവരെകൂടി വിശ്വാസത്തില്‍ എടുത്തുകൊണ്ട്, അവര്‍ക്ക് കൂടി ബോധ്യമാവുന്ന തരത്തില്‍ വേണം ഈ നിയമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ എന്നാണ് ഈ അവസരത്തില്‍ ആശിച്ചു പോവുന്നത്.