ഭാഷയുടെ വഴിയില്‍ മതില്‍കെട്ടാനാവില്ല
Opinion
ഭാഷയുടെ വഴിയില്‍ മതില്‍കെട്ടാനാവില്ല
സെബിന്‍ എബ്രഹാം ജേക്കബ്
Friday, 1st March 2019, 5:46 pm

കിഴക്കന്‍പാക്കിസ്ഥാനിലെ ബംഗ്ലാ മാതൃഭാഷാ പ്രക്ഷോഭ സ്മരണാര്‍ത്ഥം 1972ല്‍ പുനര്‍നിര്‍മ്മിച്ച ധാക്കയിലെ ഷൊഹീദ് മിനാര്‍. 1952 ഫെബ്രുവരി 23ന് ധാക്ക മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച താത്ക്കാലിക രക്തസാക്ഷി മണ്ഡപം പൊലീസ് തകര്‍ത്തിരുന്നു. പല വട്ടം പുനര്‍നിര്‍മ്മിക്കപ്പെട്ട മണ്ഡപം പല പ്രാവശ്യം തകര്‍ക്കപ്പെട്ടിട്ടുമുണ്ട്.

ലോകമാതൃഭാഷാ ദിനമായിരുന്നു ഫെബ്രുവരി 21. കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) ഉറുദു ഔദ്യോഗികഭാഷയായി അടിച്ചേല്പിക്കാന്‍ ശ്രമിച്ചതിനെതിരെ 1952 ഫെബ്രുവരി 21, 22 തീയതികളിലായി ധാക്ക സര്‍വ്വകലാശാലയിലെയും ധാക്ക മെഡിക്കല്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ നടത്തിയ സേവ് ബംഗ്ല പ്രക്ഷോഭത്തിനു നേര്‍ക്കുനടന്ന പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മയ്ക്കാണ്, ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരികവിഭാഗമെന്നു വിശേഷിപ്പിക്കാവുന്ന യുനസ്‌കോ ഈ ദിനത്തെ ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിലായിരുന്നു, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹായത്തോടെ പുറത്തിറക്കിയ ഗായത്രി എന്ന പുതിയ മലയാളം ഫോണ്ട് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ. വി ആര്‍ പ്രബോധചന്ദ്രന്‍നായര്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തത്.

വിഘടിത ലിപി ഫോണ്ടായ ഗൂഗിള്‍ നോട്ടോസാന്‍സില്‍ വെറും 318 ഗ്ലിഫ് മാത്രമുള്ളപ്പോള്‍ മഞ്ജരിയില്‍ അത് 869ഉം ഗായത്രിയില്‍ 1126ഉം ആണ്. മലയാള ലിപിസഞ്ചയത്തിലെ ഒരു ന്യൂനഗണം മാത്രമെടുത്തു ഫോണ്ടാക്കാതെ അക്ഷരങ്ങളെല്ലാം ഉള്‍പ്പെടുത്തുകയായിരുന്നു, ലക്ഷ്യം. റെഗുലര്‍, ബോള്‍ഡ്, തിന്‍ എന്നീ മൂന്നു വേര്യന്റുകളിലായി തയ്യാറാക്കിയ ഫോണ്ടിലെ റെഗുലര്‍ വേര്യന്റില്‍ മാത്രം രണ്ടു ഗ്ലിഫ് കുറവുണ്ട്. മൂന്നിലേയും കൂടി ഗ്ലിഫുകള്‍ പ്രത്യേകം കണക്കിലെടുത്താല്‍ ആകെ 3376 ഗ്ലിഫുകള്‍, അഥവാ അക്ഷരരൂപങ്ങള്‍ വരച്ചുചേര്‍ത്തിരിക്കുന്നു.

ഗായത്രി ഫോണ്ടിലെ ഭിന്നസംഖ്യകള്‍ അടങ്ങുന്ന ഭാഗം. ഹൈലൈറ്റ് ചെയ്തിരിക്കുന്നത് 3/20 യുടെ ചിഹ്നമാണ്

ബിനോയ് ഡൊമിനിക് ഡിസൈനും കാവ്യ മനോഹര്‍ ഓപ്പണ്‍ടൈപ്പ് എഞ്ചിനീയറിങ്ങും സന്തോഷ് തോട്ടിങ്ങല്‍ മേല്‍നോട്ടവും പൂര്‍ത്തിയാക്കി. മലയാളത്തില്‍ മുമ്പ് ഉപയോഗത്തിലിരുന്ന അക്ഷരങ്ങളടക്കം യൂണിക്കോഡ് 11-ാം പതിപ്പു പ്രകാരം അംഗീകൃതമായ മലയാളത്തിലെ എല്ലാ മൂലാക്ഷരങ്ങളും അക്കങ്ങളും ഭിന്നസംഖ്യകളും സ്‌പെഷ്യല്‍ ക്യാരക്റ്ററുകളും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതായത്, പഴയ കണ്ടന്റ് ആര്‍ക്കൈവ് ചെയ്യാനടക്കം ഈ ഫോണ്ട് ഉപയോഗിക്കാം. മലയാളമെഴുതുമ്പോള്‍ പലപ്പോഴും ബ്രാക്കറ്റിലും മറ്റുമായി ഇംഗ്ലീഷും പ്രയോഗിക്കാറുള്ളതിനാല്‍, മലയാളത്തിലെ ഡിസൈനോടു നീതി പുലര്‍ത്തുന്ന തരത്തില്‍ ലാറ്റിന്‍ ഗ്ലിഫുകളും ചേര്‍ത്തിരിക്കുന്നു.

ഗായത്രി ഫോണ്ടിലെ ലാറ്റിന്‍ ഗ്ലിഫുകള്‍ ഉപയോഗിച്ചു സൃഷ്ടിച്ച പോസ്റ്റര്‍

ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ പരമാവധി ശ്രദ്ധിച്ചാണ്, ഫോണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെറിയ സ്‌ക്രീനുകള്‍ മുതല്‍ വമ്പന്‍ ഹോര്‍ഡിങ്ങുകളില്‍ വരെയും സ്റ്റിക്കര്‍ കട്ടിങ്ങിനായും അടക്കം ഉപയോഗിക്കാന്‍ കഴിയുന്ന വേരിയന്റ് തിക്ക്‌നെസിലുള്ള വളഞ്ഞ അഗ്രങ്ങളുള്ള ഫോണ്ട് ആണിത്. സ്റ്റാക്ഡ് ഫോമിലും മറ്റും കൃത്യമായ മാത്തമറ്റിക്കല്‍ പ്രൊപ്പോര്‍ഷന്‍ പാലിച്ചാണ് ചുവടെ വരുന്ന അക്ഷരങ്ങള്‍ അടുക്കിയിരിക്കുന്നത്. വലിയ അക്ഷരത്തിന്റെ 60% സൈസ് എടുത്ത് അതില്‍ 20px കനം കൂട്ടിയാണ്, മുകളിലും താഴെയുമായി അക്ഷരമടുക്കുന്ന രീതിയിലുള്ള കൂട്ടക്ഷരങ്ങളില്‍ ചെറിയ അക്ഷരത്തിന്റെ വലിപ്പം ക്രമപ്പെടുത്തി തുടങ്ങിയത്. എന്നാല്‍ ചില കൂട്ടക്ഷരങ്ങള്‍ക്ക് ഈ രീതി ഉപയുക്തമല്ലായ്കയാല്‍ ഇതു പരക്കെ പ്രയോഗിക്കാതെ ആവശ്യാനുസരണം മാറ്റി ഉപയോഗിക്കുകയാണു ചെയ്തത്.

ഷ എന്ന അക്ഷരത്തിനു ചുവടെ ണ, ണു, ണൂ എന്നീ അക്ഷരങ്ങള്‍ വരുമ്പോള്‍ ണ എടുക്കുന്ന ഇടം വളരുന്നതു കാണുക.

 

സ്റ്റാക്ക്ഡ് ഫോമിലുള്ള കൂട്ടക്ഷരങ്ങളില്‍ താഴെയും മുകളിലുമായുള്ള അക്ഷരങ്ങളുടെ വലിപ്പവ്യത്യാസം ശ്രദ്ധിക്കുക

ഈ ഫോണ്ട് സമഗ്ര ലിപിസഞ്ചയമാണു പിന്തുടരുന്നത് എന്നു സൂചിപ്പിച്ചു. അതിനെതിരെ പടപൊരുതിയ ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ ഡോ. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ ആണ് സാന്ദര്‍ഭികവശാല്‍ ഫോണ്ട് അനാച്ഛാദനം ചെയ്തത്. ഡോ. എം ആര്‍ തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായിരിക്കെ 1998ല്‍ പ്രബോധചന്ദ്രന്‍ നായര്‍ തയ്യാറാക്കിയ സ്‌റ്റൈല്‍ പുസ്തകമാണ് ആധുനിക കേരളത്തില്‍ പഴയലിപി – പുതിയലിപി എന്നിങ്ങനെ ചേരിതിരിഞ്ഞുള്ള ഫാന്‍ഫൈറ്റിന് ഇടയാക്കിയത്. അതിന്റെ കൂടി പ്രതിഫലനമായിട്ടാണ്, 1999ല്‍ രചന അക്ഷരവേദി രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ, ഈ പ്രകാശനകര്‍മ്മം പലര്‍ക്കും കൗതുകമായി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക സഹായത്തില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പുറത്തിറക്കിയ ഗായത്രി ഫോണ്ടിന്റെ റിലീസ് ഡോ. പ്രബോധചന്ദ്രന്‍ നായര്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണനു നല്‍കി നിര്‍വ്വഹിക്കുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ഡോ. വി കാര്‍ത്തികേയന്‍ നായര്‍, എസ്എംസി പ്രോജക്റ്റ് അഡ്മിനും വിക്കിമീഡിയ ഫൗണ്ടേഷനിലെ ലാങ്വേജ് എഞ്ചിനീയറിങ് വിഭാഗത്തില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമായ സന്തോഷ് തോട്ടിങ്ങല്‍, ടൈപ്പ് ഫേസ് ഡിസൈനര്‍ ആയ ബിനോയ് ഡൊമിനിക്, ഓപ്പണ്‍ടൈപ്പ് എഞ്ചിനീയറിങ് നിര്‍വഹിച്ച ശ്രീകൃഷ്ണപുരത്തെ ഗവ. എഞ്ചിനീയറിങ് കോളേജ് പാലക്കാട് അസി. പ്രൊഫസര്‍ കാവ്യ മനോഹര്‍ എന്നിവര്‍ വേദിയില്‍

മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആദ്യ ശ്രേഷ്ഠഭാഷാ പുരസ്‌കാര ജേതാവായ അദ്ദേഹത്തെ ആദരിക്കുന്നുണ്ടായിരുന്നു. എ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികളിലെ രണ്ടുവോള്യങ്ങളുടെ പ്രകാശനവും ഗായത്രി ഫോണ്ടിന്റെ പ്രകാശനവും നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയാണ്. ഫോണ്ട് റിലീസ് ചെയ്തു സംസാരിച്ച വേളയില്‍ അദ്ദേഹം, താനിപ്പോഴും വിഘടിതലിപിയുടെ വക്താവു തന്നെയെന്ന് അടിവരയിട്ടു. സമഗ്രലിപിയില്‍ ഉകാരം തന്നെ പലവിധത്തില്‍ എഴുതുന്നതിനാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ പ്രയാസമാണെന്നതാണ്, അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യം.

തുടര്‍ന്നങ്ങോട്ടു പോകുംമുന്നെ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. കൂട്ടിയെഴുതുന്ന ലിപിയെ കൂട്ടുലിപിയെന്നും വേര്‍പെടുത്തിയെഴുതുന്ന ലിപിയെ വിഘടിത ലിപിയെന്നുമാണ് വിശേഷിപ്പിക്കാവുന്നത്. കൂട്ടുലിപിയില്‍ മാത്രമാണ് മലയാളത്തിലെ ഇതപര്യന്തം ഉപയോഗത്തിലിരുന്ന എല്ലാ അക്ഷരങ്ങളും ഉള്ളടക്കം ചെയ്തിരിക്കുന്നത്. ആയതിനാല്‍ അവയെ സമഗ്രലിപിസഞ്ചയം അടങ്ങിയ ഫോണ്ടുകളായാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പരിചയപ്പെടുത്തുന്നത്. വിഘടിത ലിപി എന്നതു ഋണാത്മകമായല്ല, ഇംഗ്ലീഷില്‍ പെറുക്കിയെഴുതുന്നതുപോലെ വേര്‍പെടുത്തി എഴുതുന്ന ലിപി എന്ന അര്‍ത്ഥത്തിലാണു ഈ ലേഖനത്തിലും തുടര്‍ന്നും പ്രയോഗിക്കുന്നത്. കഴ്‌സിവ് റൈറ്റിങ് പോലെയുള്ള ശൈലിയായി കൂട്ടുലിപിയെ പരിഗണിക്കേണ്ടതാണ്.

സെറീഫ് , ഓര്‍ണമെന്റല്‍ , ഹാന്‍ഡ്‌റൈറ്റിങ് , കഴ്‌സീവ് റൈറ്റിങ് ശൈലികളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം

വിഘടിത ലിപിയെ ഞാന്‍ കുറ്റം പറയാറില്ല. എനിക്കു സ്വീകാര്യമാണത്. എന്നാല്‍ ഞാന്‍ എഴുതുമ്പോള്‍ സമഗ്രലിപി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നു. ഇംഗ്ലീഷ് എഴുതുമ്പോള്‍ കഴ്‌സീവ് റൈറ്റിങ് ഉപയോഗിക്കുന്നതു പോലെ തന്നെ തികച്ചും സൗകര്യത്തെ പ്രതിയുള്ള വ്യക്തിപരമായ താത്പര്യമാണത്.

കൂട്ടുലിപിക്കു തനതുലിപി എന്ന പൊളിറ്റിക്കലി ചാര്‍ജ്ഡ് പദമാണ് രചന അക്ഷരവേദി ഉപയോഗിച്ചു വന്നിരുന്നത്. അതില്‍ ഒരു അന്യവത്കരണം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ലേഖകന്‍ ആ വാക്കുപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി തുടങ്ങിയവയിലൂടെ കടന്നുപോയാണ്, മലയാളം ഇന്നുകാണുന്ന രൂപത്തിലേക്കു പരിണമിച്ചത്. അതില്‍ ഏതെങ്കിലും ഒന്നിനെ തനത് എന്നു വിളിക്കുന്നതിനോട് യോജിപ്പില്ല.

പഴയലിപി എന്ന പ്രയോഗത്തെയും ഞാന്‍ പിന്‍പറ്റുന്നില്ല. കാരണം, അങ്ങനെയൊരു ടാഗ് ചാര്‍ത്തിക്കൊടുക്കുന്നതോടെ ആ ലിപിസഞ്ചയം ഉപയോഗിക്കുന്നവരെ പുനരുത്ഥാനവാദികളും പ്രാചീനരുമായി ഒതുക്കിക്കെട്ടാനും ഒപ്പം തങ്ങളെ ആധുനികരും പരിഷ്‌കരണവാദികളുമായി അവതരിപ്പിക്കാനും എളുപ്പമാണ്. ലിപി പരിഷ്‌കരണത്തിന്റെ ചരിത്രത്തില്‍ തൊടാതെയുള്ള അത്തരം വാദങ്ങളെ ഭയപ്പെടേണ്ടിയിരിക്കുന്നു.

വാസ്തവത്തില്‍ ടൈപ്പ് റൈറ്ററിന്റെ പരിമിതി മറികടക്കാനാണ്, കുട്ടിക്കൃഷ്ണമാരാരുടെ അദ്ധ്യക്ഷതയില്‍ ലിപിപരിഷ്‌കരണം നടക്കുന്നത്. എന്നാല്‍ അതു പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പായില്ല. ഉദാഹരണത്തിന് നമ്മളിപ്പോഴും എല്ലാ കൂട്ടക്ഷരങ്ങളേയും ചന്ദ്രക്കല ഉപയോഗിച്ചു പിരിച്ചെഴുതാറില്ല. ആരും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാലഹരണപ്പെട്ടത് എന്ന് ഇന്നത്തെ ഡയറക്റ്റര്‍ ഡോ. കാര്‍ത്തികേയന്‍ നായര്‍ പരാമര്‍ശിച്ച സ്‌റ്റൈല്‍പുസ്തകം അടിസ്ഥാനമാക്കി പ്റബോധചന്ദ്രന്‍ എന്നെഴുതാറില്ല. പ്രസിദ്ധീകരണങ്ങളിലേക്കു വന്നാല്‍ പ്രസാധനശാലകള്‍ അവരവരുടെ സൗകര്യത്തിനനുസരിച്ചു ചില കൂട്ടക്ഷരങ്ങള്‍ ഉപേക്ഷിക്കുകയും ചിലവ നിലനിര്‍ത്തുകയും ചെയ്തു. ഇവയ്ക്കാവട്ടെ ഏകതാനത ഇല്ല.

ടൈപ്പ് റൈറ്ററിനു ശേഷം കമ്പ്യൂട്ടറും ഡിടിപിയും വന്നപ്പോള്‍ നമ്മുടെ ഭാഷയ്ക്ക് അതില്‍ നേരിട്ടു പ്രാതിനിധ്യമില്ലായിരുന്നു. ആകെ 256 ക്യാരക്റ്റര്‍ സ്‌പേസ് മാത്രമുള്ള ആസ്‌കി എന്‍കോഡിങ്ങില്‍ 128 കസേരകളും ഇംഗ്ലീഷ് അടക്കമുള്ള യൂറോപ്യന്‍ ഭാഷകള്‍ എഴുതാന്‍ ഉപയോഗിക്കുന്ന ലാറ്റിന്‍ ക്യാരക്റ്ററുകളും സ്‌പെഷ്യല്‍ ക്യാരക്റ്ററുകളും കൈയടക്കിയിരുന്നു. ബാക്കിയുള്ള പകുതി ഇരിപ്പിടത്ത് ലോകഭാഷകള്‍ക്കെല്ലാം കയറിയിരിക്കാനുള്ള ഇടമില്ലായിരുന്നു. സ്വാഭാവികമായും ലാറ്റിന്‍ അക്ഷരങ്ങളുപയോഗിക്കാത്ത ഇതര ലോകഭാഷകളില്‍ ഡേറ്റ ഉത്പാദിപ്പിക്കാന്‍ അവര്‍ ചെയ്തത് ഒരു ചെറിയ ഹാക്ക്‌ ആണ്. നിലവിലുള്ള ഈ ക്യാരക്റ്റര്‍ സ്‌പേസിലേക്കു തങ്ങളുടെ ഭാഷയിലെ അക്ഷരങ്ങളുടെ ചിത്രങ്ങള്‍ എടുത്തുവയ്ക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ പിന്നിലുള്ള മൂല്യം മാറിയില്ല. അതായത്, പിന്നില്‍ നേരത്തെ തന്നെ ഒന്നിനോടൊന്നു ബന്ധപ്പെടുത്തിയിരുന്ന ഒരു മൂല്യവ്യവസ്ഥ നിലനിന്നിരുന്നു. ഇത് അട്ടിമറിക്കാതെ തന്നെ അതിനു മുന്നില്‍ കയറ്റി മുഖംമൂടി വയ്ക്കുംപോലെ ഒരു പരിപാടിയായിരുന്നു ഇത്. ഇന്ത്യന്‍ ഭാഷകളെല്ലാം ഡിടിപിയിലേക്കു കടന്നുവന്നത് ഈ രീതിയിലൂടെയാണ്. അവിടെ 256 ക്യാരക്റ്റര്‍ സ്‌പേസ് എന്ന സാങ്കേതികപരിമിതിക്കുള്ളില്‍ നിന്നാണ് അവര്‍ കളിച്ചത്.

റൂട്ട് ചെയ്ത ആന്‍ഡ്രോയിഡ് ഫോണില്‍ magisk എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെ മലയാളം ഉള്ളടക്കം ഗായത്രി ഫോണ്ടില്‍ കാട്ടുന്നു)

ഈ സാങ്കേതികപരിമിതിയെ ആറുഫോണ്ടുകളുടെ ഒരു സെറ്റ് ഉണ്ടാക്കി അതില്‍നിന്ന് അക്ഷരങ്ങള്‍ മാറിമാറിപ്പെറുക്കി ടൈപ്പ് സെറ്റ് ചെയ്യാനുതകുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചുകൊണ്ടാണ് രചന അക്ഷരവേദി നേരിട്ടത്. എന്നാല്‍ ഇവിടെയും ഒരു പരിമിതിയുണ്ടായിരുന്നത്, ഈ അക്ഷരങ്ങള്‍ക്കൊന്നും തനതായ മൂല്യമില്ലാത്തതിനാല്‍ അവ സേര്‍ച്ചബിളായിരുന്നില്ല എന്നതാണ്. ഇതിനിടയാക്കിയ ഒരു പ്രധാന കാരണം, വിവിധ ഫോണ്ട് നിര്‍മ്മാതാക്കള്‍ അവര്‍ക്കു തോന്നിയ ഇടത്താണ് ഓരോ ക്യാരക്റ്ററിനെയും പ്ലേസ് ചെയ്തത് എന്നതാണ്. ഉദാഹരണത്തിന് ഇംഗ്ലീഷിലെ aയുടെ സ്ഥാനത്ത് മലയാളത്തിലെ അ വച്ചവരും എ വച്ചവരുമുണ്ട്. ഇവ തമ്മില്‍ എങ്ങനെ പൊരുത്തപ്പെടാനാണ്? രചനയില്‍ തന്നെ ആറുഫോണ്ടുകളുടെ സെറ്റ് ആണ് ക്യാരക്റ്ററുകളെല്ലാം ഉള്‍പ്പെടുത്താനായി ഉപയോഗിച്ചത് എന്നു പറയുമ്പോള്‍ ഒരേ ആസ്‌കി കോഡ് പോയിന്റില്‍ ആറു വ്യത്യസ്ത അക്ഷരങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നതാണ്. അക്കാലത്ത്, ഒരു പ്രത്യേക ഫോണ്ടില്‍ ടൈപ്പ് സെറ്റ് ചെയ്തത് അതേ ഫോണ്ടില്ലാത്ത മെഷീനില്‍ തുറന്നുകാണാന്‍ പോലും സാധ്യമല്ലായിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ മറികടന്നുന്നതായിരുന്നു, യൂണിക്കോഡ് എന്ന ആശയം.

യൂണിക്കോഡ് എന്നത് ഭാഷാസ്‌നേഹികളുടെ ഒരു കണ്ടുപിടുത്തമൊന്നുമല്ല. അതു മുതലാളിത്തത്തിന്റെ കണ്ടെത്തലാണ്. തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ലോകമാകെ വിറ്റഴിക്കപ്പെടണമെങ്കില്‍ കമ്പോളം വിപുലമാകണം എന്ന് ലോകത്തിലെ പ്രധാന സോഫ്റ്റ്‌വെയര്‍ ഭീമന്മാര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇങ്ങനെ കമ്പോളത്തെ വിപുലപ്പെടുത്തണമെങ്കില്‍ പ്രോഗ്രാമുകള്‍ പ്രാദേശികഭാഷകളിലേക്കു ലോക്കലൈസ് ചെയ്യണം. ഇങ്ങനെ ചെയ്യാനുള്ള തടസ്സം, അതാതു ഭാഷകളിലെ അക്ഷരങ്ങള്‍ കമ്പ്യൂട്ടറിനു തിരിച്ചറിയാന്‍ കഴിയുന്ന ഒരു മൂല്യവ്യവസ്ഥയില്‍ ക്രമപ്പെടുത്തിയിട്ടില്ല എന്നതായിരുന്നു. ലോകത്തിലെ എഴുത്തുരൂപമുള്ള ഭാഷകളിലെ എല്ലാ മൂലാക്ഷരങ്ങളേയും അക്കങ്ങളേയും മനുഷ്യര്‍ ഉപയോഗിക്കുന്ന ഇതര ഭാഷാചിഹ്നങ്ങളേയും ഭാഷാബാഹ്യമോ ഭാഷാതീതമോ ആയ ചിഹ്നങ്ങളേയും വ്യതിരിക്തമായ മൂല്യങ്ങളുള്ള ഒരു വലിയ അക്ഷരസഞ്ചയത്തിന്റെ ഭാഗമാക്കാനായി രൂപംകൊടുത്തതാണ് യൂണിക്കോഡ് കണ്‍സോര്‍ഷ്യം.

യൂണിക്കോഡ് വന്നതോടെ യന്ത്രത്തിന്റെ സാങ്കേതിക പരിമിതികളെ അതു മറികടന്നു. ഇതോടെ ടൈപ്പ്‌റൈറ്ററിന്റെ സൗകര്യത്തിനായി ഉപേക്ഷിച്ച ലിപിരൂപങ്ങളെ അടക്കം അച്ചടിക്കായി മാത്രമല്ല, വിവരശേഖരത്തിനായും തെരച്ചിലിനായും ക്രമപ്പെടുത്തലിനായും ഒക്കെ ഉപയോഗിക്കാനാവുമെന്നു വന്നു. അങ്ങനെയാണ്, യൂണിക്കോഡ് ഫോണ്ടുകളുടെ കാലത്ത് ഡിസൈനര്‍മാര്‍ക്കു ഫോണ്ടുകളില്‍ പരമാവധി ലിഗേച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യത തുറന്നുകിട്ടിയത്.

ആധുനികലിപി ഇന്നതാണ് എന്നു സംശയലേശമന്യേ പറയാന്‍ സാധിക്കാത്തവിധം വിവിധ പത്രങ്ങള്‍ വിവിധ ലിപിവിന്യാസമാണ് ഇന്നു പിന്തുടരുന്നത്. സമകാലിക മലയാളം വാരിക മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയം ഉപയോഗിക്കുമ്പോള്‍ അതിന്റെ അല്പം കൂടി സ്ട്രിപ് ഡൗണ്‍ ചെയ്ത വേര്‍ഷനാണ് കേരളകൗമുദി ഉപയോഗിക്കുന്നത്. ദേശാഭിമാനിയും മാതൃഭൂമിയും കൂടിയ അളവില്‍ കൂട്ടക്ഷരങ്ങളുപയോഗിക്കുമ്പോള്‍ സാമാന്യം വിഘടിതമായ ലിപിവിന്യാസമാണു മലയാള മനോരമ പിന്തുടരുന്നത്.

പ്രധാനമായും സ്വരചിഹ്നങ്ങളും രേഫവുമാണ് മനോരമ ഇങ്ങനെ വേര്‍പെടുത്തി എഴുതുന്നത്. ഒന്നിലേറെ വ്യഞ്ജനങ്ങള്‍ അടങ്ങുന്ന കൂട്ടക്ഷരങ്ങളില്‍ മിക്കതും അവര്‍ ചന്ദ്രക്കലയുപയോഗിച്ചു പിരിച്ചെഴുതുമ്പോള്‍ ഒരേ വ്യഞ്ജനം ആവര്‍ത്തിക്കുന്നിടത്ത് അവര്‍ കൂട്ടക്ഷരം തന്നെ ഉപയോഗിക്കുന്നു. ചില കൂട്ടക്ഷരങ്ങളില്‍ നിന്ന് ഒരക്ഷരം ഉപേക്ഷിക്കുന്നു. ഉദാഹരണത്തിന് മുമ്പ് ദ്ധ, ത്ഥ, ഗ്ഘ തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്ന പലയിടത്തും ഇപ്പോള്‍ ധ, ഥ, ഘ എന്നിങ്ങനെ മാത്രമാണു കാണാറ്. ര്‍ എന്ന ചില്ലിനു ശേഷം വരുന്ന ഇരട്ടിപ്പുകള്‍ ഒഴിവാക്കുന്നു. സ്വര്‍ണ്ണം വര്‍ണ്ണം തുടങ്ങിയവ സ്വര്‍ണം വര്‍ണം എന്നാകുന്നു.

യ്ക്ക എന്നെഴുതിയിരുന്നത് ക്ക എന്നു മാത്രമാക്കിയത് “മാധ്യമം” ദിനപ്പത്രമായിരുന്നു. അതോടെ പള്ളിയില്‍ കയറുമ്പോള്‍ തല മറയ്ക്കണം എന്നത് പള്ളിയില്‍ കയറുമ്പോള്‍ തല മറക്കണം എന്നാക്കി പരിഷ്‌കരിച്ചതായി ഒരു തമാശ പോലുമുണ്ട്. ചുരുക്കത്തില്‍ പരക്കെ അംഗീകൃതമായ മാനകമലയാളം എന്ന ഒന്നില്ല. ഓരോ പ്രസാധകരും സ്വന്തമായ ഒരു സ്‌റ്റൈല്‍ ബുക്ക് പിന്തുടരുകയാണ്.

ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലിപിയേത് എന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോള്‍ മേല്പറഞ്ഞ വസ്തുത കണക്കിലെടുക്കാതെ തരമില്ല. സമകാലിക മലയാളമോ കേരളകൗമുദിയോ ഉപയോഗിക്കുന്നത് ഇന്നുപയോഗത്തിലിരിക്കുന്ന ലിപി തന്നെയല്ലേ? മാതൃഭൂമി ഉപയോഗിക്കുന്നതു പൂര്‍ണ്ണമായും വിഘടിതമല്ല, എന്നാല്‍ സമഗ്രവുമല്ലാത്ത ലിപിയാണ് എന്നു പറയേണ്ടിവരില്ലേ? ഇങ്ങനെ പലതരത്തില്‍ കുഴമറിച്ചിലുകളോടെയാണ്, പല സ്ഥാപനങ്ങള്‍ ലിപി ഉപയോഗിക്കുന്നത്.

ഗായത്രിയിലെ വ്യത്യസ്തമായ ഗ്ലിഫുകള്‍ ഉപയോഗിച്ചു ചെയ്ത പോസ്റ്റര്‍

ആധുനിക മലയാളത്തിന്റെ സമഗ്രലിപിസഞ്ചയമാണ് യൂണിക്കോഡിന്റെ കാലഘട്ടത്തില്‍ ഡിജിറ്റൈസ് ചെയ്യപ്പെട്ടിരിക്കുന്നത്. അതില്‍ പല അക്ഷരങ്ങളും ചിഹ്നങ്ങളും ഇന്ന് ഉപയോഗത്തിലില്ലാത്തതും ശിക്ഷിതരല്ലാത്തവര്‍ക്കു തിരിച്ചറിയാന്‍ കൂടി പറ്റാത്തതുമാണ്. നാമിന്ന് ആ സമഗ്രലിപിസഞ്ചയത്തിലെ ഒരു ന്യൂനഗണം (subset) മാത്രമാണുപയോഗിക്കുന്നത്. അതുപയോഗിച്ച് നമുക്കു പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ ആവുന്നുണ്ട്. എന്നാല്‍ ചരിത്രപരമായ കാരണങ്ങളാല്‍ പഴയ ടെക്സ്റ്റുകള്‍ പുനഃസൃഷ്ടിക്കേണ്ടി വരുമ്പോഴും വ്യാകരണപുസ്തകങ്ങള്‍ രചിക്കേണ്ടിവരുമ്പോഴുമാണ്, ഈ ഒബ്‌സലീറ്റ് ക്യാരക്റ്ററുകള്‍ ഫോണ്ടില്‍ ഇല്ലാതെ വരുന്നതിന്റെ പ്രശ്‌നം മുന്നിലേക്കു വരുന്നത്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് തയ്യാറാക്കിയ ഫോണ്ടുകളില്‍ രഘുമലയാളം ഒഴികെയുള്ളവ സമഗ്രലിപിസഞ്ചയത്തെ കഴിയാവുന്നിടത്തോളം പിന്‍പറ്റാന്‍ നോക്കുന്നവയാണ്. ഓരോ പുതിയ ഫോണ്ടും ഇക്കാര്യത്തില്‍ മുമ്പോട്ടാണു പോയിട്ടുള്ളതും. നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായ എല്ലാ എഴുത്തുരൂപങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ലിപിസഞ്ചയം ഗായത്രി ഫോണ്ടില്‍ ലഭ്യമാണ്.

ഏതെങ്കിലും കാരണത്താല്‍ ഗായത്രി ഉപയോഗിച്ചുള്ള ഒരു ടെക്സ്റ്റില്‍ കൂട്ടുലിപിയിലുള്ള കൂട്ടക്ഷരത്തെ വിഘടിപ്പിച്ചു കാണിക്കണമെന്നുണ്ടെങ്കില്‍ zero width non joiner (zwnj) എന്ന ഭാരരഹിതമായ ക്യാരക്റ്റര്‍ ഉപയോഗിച്ചു കഴിയും. വിഘടിതമായ ലിപിചിഹ്നങ്ങള്‍ കൂടി ഫോണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാലാണിത്. അതായത്, എല്ലാത്തരത്തിലും സമഗ്രം തന്നെയാണ്, ഈ ഫോണ്ട്. റെന്‍ഡറിങ് എഞ്ചിനുകളുടെ ഫെയ്‌ല്യര്‍ സാധ്യത കൂടി കണക്കിലെടുത്തു ഫോള്‍ബാക് ക്യാരക്റ്റര്‍ നല്‍കുന്നതിനു വേണ്ടിക്കൂടിയാണ്, ഇങ്ങനെ ചെയ്തിരിക്കുന്നത്.

ഈ ലേഖകന്‍ ഒരു ഭാഷാ മൗലികവാദിയല്ല. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളപോലെയാണ് ഭാഷയെ ഉപയോഗിക്കുക. ആറുമലയാളിക്കു നൂറുമലയാളം എന്ന ചൊല്ലുതന്നെ നമുക്കുണ്ട്. ഭാഷ നമ്മളെ പരുവപ്പെടുത്തുന്നതുപോലെ നമ്മള്‍ ഭാഷയേയും പരുവപ്പെടുത്തും. ഭാഷയിലെ ജനാധിപത്യം മാനകങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതല്ല, മാനകങ്ങള്‍ നിത്യോപയോഗത്തില്‍ നിന്നു സ്വാഭാവികമായി ഉരുത്തിരിയുന്നതാണ്. അതിനാല്‍ ഇന്നതു ശരി, മറ്റതു തെറ്റ് എന്ന വാദമൊന്നും എനിക്കില്ല. എന്റെ ഇഷ്ടവും സൗകര്യവും ആരിലും അടിച്ചേല്പിക്കണമെന്ന് എനിക്കു നിര്‍ബന്ധവുമില്ല.

ഒരു ഫോണ്ടിനെ സംബന്ധിച്ച് അവസാന തീരുമാനം ഡിസൈനറുടേതാണ് എന്നതാണ് എന്റെ പക്ഷം. ഗായത്രിയുടെ ഡിസൈന്‍ നിര്‍വ്വഹിച്ച ബിനോയ് ഡൊമിനിക് ആണ് ഇതിനെ സമഗ്ര ലിപിസഞ്ചയ ഫോണ്ടാക്കി ഒരുക്കിയത്. അതില്‍ രചന അക്ഷരവേദിയുടെ സ്വാധീനവും രചന അടക്കമുള്ള ഫോണ്ടുകളുടെ ഡിസൈന്‍ ഉണ്ടാക്കിയ സ്വാധീനവും ഉണ്ടാവാം. എസ്എംസി പരിപാലിക്കുന്ന രഘുമലയാളം ഒഴികെയുള്ള ഫോണ്ടുകള്‍ സമഗ്രലിപി സഞ്ചയം പിന്തുടരുന്നവയാണ്.

മലയാളം ലിപി ഒരു വലിയ അതിഗണം (superset) ആണ്. നമ്മള്‍ അതിലെ ഒരു ന്യൂനഗണം (subset) മാത്രമുപയോഗിച്ച് എഴുതിയാലും ആളുകള്‍ക്കു മനസ്സിലാകും. വിഘടിതലിപിയോടു സ്‌നേഹക്കൂടുതലുള്ളവര്‍ അതുപയോഗിക്കുന്നു എന്നുകരുതി ഫോണ്ട് ഡിസൈന്‍ ചെയ്യുന്നവര്‍ സബ്‌സെറ്റിലുള്ളത്രയും അക്ഷരരൂപങ്ങള്‍ മാത്രമേ ഡിസൈന്‍ ചെയ്യാവൂ എന്നു ശഠിക്കുന്നതെന്തിനാണ്? സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് ഒരു പ്രസ്ഥാനമെന്ന നിലയില്‍ സമഗ്രലിപിയേ ഉപയോഗിക്കാവൂ എന്നു ശഠിക്കുന്നവരല്ല. ഭാഷയുടെ വഴിയില്‍ മതില്‍കെട്ടാനാവില്ല.

സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍സ് എന്ന പരസ്യ കമ്പനിക്കുവേണ്ടി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത പുതിയ കേരളം പുതിയ വായന എന്ന മനോരമയുടെ ബ്രാന്‍ഡിങ് പരസ്യം. ഈ പരസ്യത്തില്‍ കടന്നുവരുന്ന പ്രകടനത്തിലെ കൈയെഴുത്തിലുള്ള പ്ലക്കാര്‍ഡുകള്‍ ശ്രദ്ധിക്കുക. അവ പരമാവധി കൂട്ടക്ഷരങ്ങള്‍ ഉപയോഗിക്കുന്നു

വിഘടിത ലിപിയില്‍ സാമാന്യേന ഉറച്ചുനില്‍ക്കുന്ന ഒരു പത്രമാണ് മലയാള മനോരമ. അവരുടെ ഒരു ബ്രാന്‍ഡിങ് ഇനീഷ്യേറ്റീവ് അടുത്തിടെ വന്നിരുന്നത് ദുല്‍ഖര്‍ സല്‍മാനെ മുഖ്യവേഷത്തില്‍ അണിനിരത്തിക്കൊണ്ടാണ്. പുതിയ വായന, പുതിയ കേരളം എന്ന ആ പരസ്യ ക്യാമ്പെയ്‌നില്‍ അവരുടേതായ എഴുത്തെല്ലാം വിഘടിത ലിപിയിലാണ്. അതേ സമയം അതിനുള്ളില്‍ ഒരു പ്രകടനം കാട്ടുന്നുണ്ട്. ആ പ്രകടനത്തില്‍ പലരും പ്ലക്കാര്‍ഡുകള്‍ പിടിച്ചിരിക്കുന്നു. ഈ പ്ലക്കാര്‍ഡുകളിലെ എഴുത്ത് – അതു കൈയെഴുത്താണ് – സമഗ്രലിപിയിലാണ്. ഇത് ഇപ്പോഴത്തെ നമ്മുടെ ലിപിയുടെ ഉപയോഗ ക്രമത്തെ കുറിച്ചു സൂചനകള്‍ നല്‍കുന്നതാണ്. കേരളകൗമുദി പോലെയുള്ള ചില പത്രങ്ങള്‍ അച്ചടിയിലും സമഗ്രലിപിയിലേക്കു സഞ്ചരിച്ചെങ്കിലും മിക്കവാറും അച്ചടിസ്ഥാപനങ്ങള്‍ വിഘടിത ലിപി തന്നെയാണു പിന്തുടരുന്നത്. എന്നാല്‍ ചുവരെഴുത്തുകളും എഴുത്തുകുത്തുകളും സൈന്‍ ബോര്‍ഡുകളും അടുത്തടുത്തായി കൂടുതലായി സമഗ്രലിപി സഞ്ചയത്തില്‍ കാണാന്‍ ഇടവരുന്നുണ്ട്.

ഇംഗ്ലീഷില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ വിഘടിതലിപിയാണെങ്കില്‍ (letters are individually picked and displayed) കൂടുതല്‍ പേരും എഴുതുന്നത് cursive writing എന്നു വിളിക്കുന്ന കുരുക്കിയെഴുതുന്ന രീതിയിലാണ്. അക്ഷരം പഠിച്ചു തുടങ്ങുമ്പോള്‍ ആരും കഴ്‌സീവ് റൈറ്റിങ് പഠിക്കാറില്ല. ആദ്യം ശബ്ദങ്ങളും തുടര്‍ന്നു വരകളും പിന്നീട് ആല്‍ഫബെറ്റ്‌സും പഠിച്ച് തിരിച്ചറിയാനും വായിക്കാനും എഴുതാനും പരിശീലിച്ച ശേഷം മെല്ലെയാണ് കൂട്ടെഴുത്തു പഠിക്കുന്നത്. ഇതേ പോലെ പള്ളിക്കൂടത്തില്‍ മലയാളം പഠിപ്പിക്കുമ്പോള്‍ വിഘടിതലിപി പഠിപ്പിക്കുകയും അത് ഉറച്ചതിനു ശേഷം എഴുതാനുള്ള എളുപ്പം കൂടി കണക്കിലെടുത്തു പുതിയ കൂട്ടക്ഷരങ്ങള്‍ പരിചയപ്പെടുത്തുകയുമായാല്‍ കുട്ടികള്‍ സുഖമായി സമഗ്രലിപിസഞ്ചയം സ്വായത്തമാക്കും. അങ്ങനെ വരുമ്പോള്‍ പെറുക്കിയെഴുതുന്നതും കൂട്ടിയെഴുതുന്നതും വായിക്കാന്‍ അവര്‍ക്കു കഴിയും.

ഇതേ കാര്യം ഒരിക്കല്‍ കൂടി പറയട്ടെ. കുട്ടികളെ വിഘടിത ലിപി അഭ്യസിപ്പിക്കുക. ഇംഗ്ലീഷിലും അതാണല്ലോ രീതി. അതിനുശേഷം എഴുത്തിനായി ഇങ്ങനേയും ഒരു രൂപമുണ്ട്‌ എന്ന മട്ടില്‍ കൂട്ടുലിപി പരിചയപ്പെടുത്താം. അതു മുതിര്‍ന്ന തരത്തില്‍ മതിയാകും. ഞാന്‍ എല്‍കെജിയില്‍ ഇംഗ്ലീഷ് പഠിച്ചു. നാലാംതരത്തിലാണു കഴ്‌സീവ് റൈറ്റിങ് പഠിച്ചത്. അതു് അടിച്ചേല്പിക്കേണ്ടതില്ല. കഴ്‌സീവ് റൈറ്റിങ് എല്ലാവരും ഉപയോഗിക്കുന്നില്ലല്ലോ. അതുപയോഗിക്കുന്നവര്‍ അതാണു സൗകര്യം എന്നതുകൊണ്ടാവുമല്ലോ, ഉപയോഗിക്കുന്നതു്. അതേപോലെ സൗകര്യമുള്ളവര്‍ സമഗ്രലിപി ഉപയോഗിച്ചാല്‍ മതിയാകും.

മലയാളവ്യഞ്ജനം ക്, രേഫത്തോടു ചേരുമ്പോള്‍ ക്ര ഉണ്ടാവുന്നു. രയുടെ പ്രീബേസ്ഡ് ഫോം ആണ് വിഘടിതലിപി ഫോണ്ടിലുള്ളത്. കൂട്ടുലിപിയിലാവട്ടെ, കയ്ക്കു ശേഷമാണു രയുടെ ചിഹ്നം എഴുതിത്തുടങ്ങുന്നത്. അത് ഇടത്തേക്കു വളഞ്ഞുവരുന്നു. ചിത്രത്തില്‍ നോട്ടോസാന്‍സ് മലയാളം, ഗായത്രി എന്നീ ഫോണ്ടുകള്‍ ഉപയോഗിച്ചിരിക്കുന്നു

മലയാളത്തില്‍ അക്ഷരചിഹ്നങ്ങള്‍ പ്രീബേസ്ഡ് ആയും പോസ്റ്റ് ബേസ്ഡ് ആയും ഇരുവശത്തായും ബോട്ടം ബേസ്ഡ് ആയും വരുന്നുണ്ട്. ഇതിന്റെ യുക്തി പല വിദ്യാര്‍ത്ഥികളെയും കുഴയ്ക്കുന്നതും അക്ഷരത്തെറ്റുകള്‍ക്ക് ഇടവരുത്തുന്നതുമാണ്. സമഗ്രലിപിസഞ്ചയം ഉപയോഗിച്ച് എഴുതുമ്പോള്‍ കുറേയെങ്കിലും ഇത്തരം യുക്തിഭംഗങ്ങള്‍ ഒഴിവാകാറുണ്ട്. ഉദാഹരണത്തിന് കയ്ക്കു ശേഷം ര ചേര്‍ന്നാല്‍ ക്ര ആകുന്നു. രേഫം രണ്ടാമതാണു വരുന്നതെങ്കിലും രയുടെ ചിഹ്നം ഒന്നാമതാണ് കാണുന്നത്. സമഗ്രലിപിയിലാവട്ടെ, ക എഴുതിയശേഷം അതുവലത്തുനിന്നു ചുറ്റിക്കെട്ടി ഇടത്തേക്കു വരികയാണ്. അവിടെ ആ തുടര്‍ച്ചയുണ്ട്. എങ്ങനെയാണ് ഈ രൂപം വരുന്നത് എന്ന ഒരു ആശയം കൂടി അവിടെ മനസിലേക്കെത്തും. എ, ഏ, ഒ, ഓ എന്നിവയുടെ ചിഹ്നങ്ങളില്‍ മാത്രമാണ്, പിന്നെയും ഒരു കണ്‍ഫ്യൂഷന്‍ കിടക്കുക.

ഫോണ്ടുകളില്‍ സ്‌റ്റൈലിസ്റ്റിക് വേരിയന്റുകള്‍ ഉപയോഗിക്കാന്‍ ആവും. അതായത്, ഒരേ ഫോണ്ടില്‍ തന്നെ ഒരക്ഷരത്തിന്റെ ഒന്നിലധികം രൂപങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാങ്കേതികമായി സാധിക്കും. ഇംഗ്ലീഷിലെ ചെറിയക്ഷരം a, g തുടങ്ങിയവ രണ്ടുവിധത്തില്‍ എഴുതുന്നതു കണ്ടിട്ടില്ലേ? ഈ രണ്ടുരൂപവും ഒരേ ഫോണ്ടില്‍ ഉള്‍പ്പെടുത്താനും അവ യഥേഷ്ടം ഉപയോഗിക്കാനും ഇപ്പോള്‍ സാധ്യമാണ്. ഓര്‍ണമെന്റല്‍ ഫോണ്ടുകളിലും മറ്റും ഇത്തരം അനവധി ഓള്‍ട്ടര്‍നേറ്റീവുകള്‍ കാണും. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമഗ്രലിപി സഞ്ചയം ഉള്ള ഫോണ്ടില്‍ തന്നെ സ്‌റ്റൈലിസ്റ്റിക് വേര്യന്റായി വിഘടിത ലിപിരൂപവും സപ്പോര്‍ട്ട് ചെയ്യാനൊക്കും. അങ്ങനെ വരുമ്പോള്‍ അനാവശ്യമായി സീറോവീഡ്ത് നോണ്‍ ജോയിനര്‍ ഉപയോഗിച്ചു ഡേറ്റ കറപ്റ്റ് ചെയ്യാതെ തന്നെ ഒരേ ഫോണ്ടില്‍ രണ്ടുതരം രീതിയിലും അച്ചടി സാധ്യമാകും.

ഗായത്രി ഫോണ്ടിലെ സ്‌റ്റൈലിസ്റ്റിക് വേര്യന്റുകള്‍.

പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നതാവണം, ഞങ്ങളുടെ ഫോണ്ടുകൾ എന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. അവയിൽ ഉപയോഗിച്ചിരുന്ന അക്ഷരരൂപങ്ങളെല്ലാം സപ്പോർട്ട് ചെയ്യാനാവണം. ള്ള, ച്ച, കു, കൂ എന്നിവയുടെ വ്യത്യസ്ത രൂപങ്ങൾ ഇപ്പോൾ തന്നെ മൂന്നു ഫോണ്ടുകളിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. മിക്ക ഫോണ്ടിലും ൟ(രയുടെ ഇരുവശത്തും ചെറിയ വൃത്തങ്ങള്‍ വരച്ച രൂപം) എന്ന ഈയുടെ പഴയ രൂപം കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ന് ഉപയോഗത്തിലേ ഇല്ലാത്ത ഫ്രാക്ഷനുകൾ, മലയാള അക്കങ്ങൾ,  ഴ,  പോലെയുള്ള ആർക്കൈവ് പർപ്പസ് മാത്രമുള്ള ചില്ലുകൾ, ഋവിന്റെ ദീർഘമായ ൠ, അക്ഷരമാലയിൽ നിന്നു പോയ ഌ, ൡ, വ്യാകരണപ്പുസ്തകത്തിൽ മാത്രം കാണുന്ന ഺ, ഩ, ദിനാങ്ക ചിഹ്നമായ ൹ തുടങ്ങിയവയൊക്കെ അതിലുണ്ട്. ഇതൊന്നും ഞങ്ങൾ പോലും ഉപയോഗിക്കുന്ന അക്ഷരരൂപങ്ങളല്ല. സ്പെഷ്യൽ പർപ്പസിനു വേണ്ടി ഉള്ളവയാണ്.

ഞങ്ങള്‍ക്ക് ഞങ്ങള്‍ ചെയ്ത ഫോണ്ടുകള്‍ സമഗ്രലിപിസഞ്ചയം ഉപയോഗിക്കുന്നവയായി തുടരുന്നതിലാണു താത്പര്യം. അതു ഞങ്ങളായി വെട്ടിമുറിക്കാനില്ല. അതേ സമയം ഈ വെല്ലുവിളി ഏറ്റെടുത്ത് ലിപിയിലെ വേര്യന്റുകളോടെ ഫോണ്ട് ചെയ്യാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ്.

ഇത് ഓപ്പണ്‍ടൈപ്പ് എഞ്ചിനീയറിങ്ങില്‍ അല്പം മെനക്കെട്ട പണിയാകും. എന്നു തന്നെയല്ല, കൂട്ടുലിപിയില്‍ അക്ഷരങ്ങള്‍ ചേര്‍ന്നിരിക്കുംപോലെയല്ല, വിഘടിതലിപിയില്‍ അക്ഷരങ്ങള്‍ തമ്മിലുള്ള അടുപ്പവും അകലവും. കണ്ടീഷണല്‍ സ്റ്റാക്കിങ് എന്ന പരിപാടി ഇപ്പോള്‍ തന്നെ എസ്എംസി ഫോണ്ടുകളിലുണ്ട്. വിഘടിത ലിപിയില്‍ ഇത് ഒരുപക്ഷെ ആവശ്യമായി വന്നേക്കില്ല. എങ്കിലും അക്ഷരങ്ങളുടെ താരതമ്യ വലിപ്പത്തില്‍ വ്യത്യാസമുണ്ടാവും. അതായത്, ഡിസൈനര്‍ക്കും പണിയുണ്ട് എന്നര്‍ത്ഥം. എങ്കിലും ഇങ്ങനെ രണ്ടു രൂപങ്ങളും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോണ്ട് ഉണ്ടാക്കാന്‍ സാധ്യമാണ് എന്നു മാത്രം സൂചിപ്പിക്കട്ടെ.

കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെ സംഘടന ക്യാമ്പസില്‍ പതിച്ച ഒരു പോസ്റ്ററിന്റെ ചിത്രം. ഇതില്‍ രു, കു എന്നീ അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നതു കാണുക

സമഗ്രലിപി കുട്ടികളെ പരിചയപ്പെടുത്താതിരുന്നാല്‍ പുതിയപുതിയ അക്ഷരരൂപങ്ങള്‍ രൂപപ്പെടുന്നതിലേക്കാവും അതു നയിക്കുക. കാരണം, എഴുതാനുള്ള സൗകര്യം മുന്‍നിറുത്തി പെറുക്കിയെഴുതാതെ കഴിയുന്നത്ര കൂട്ടിയെഴുതാനാവും ആരും ശ്രമിക്കുക. അടുത്തകാലത്തു വന്ന കൂദാശ എന്ന ചലച്ചിത്രത്തിന്റെ ടൈറ്റിലും ഉരു ആര്‍ട്ട് ഹാര്‍ബര്‍ എന്ന പ്രോജക്റ്റിന്റെ ലോഗോയും തെറ്റായ രീതിയില്‍ ക, ര എന്നീ അക്ഷരങ്ങളോട് ഊകാര, ഉകാരചിഹ്നങ്ങള്‍ ചേര്‍ത്തെഴുതിയിരിക്കുന്നതു മുമ്പു ചര്‍ച്ചയായിരുന്നു. ഈ തെറ്റ് ഇന്നു വ്യാപകമായി ആവര്‍ത്തിക്കപ്പെടുന്നുണ്ട്. മുകളിലത്തെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പോസ്റ്റര്‍ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റേതാണ്. പോപ്പുലര്‍ കള്‍ച്ചര്‍ വഴി ഭാഷ സ്വാധീനിക്കപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണ്, ഈ മാറ്റം.

സെബിന്‍ എബ്രഹാം ജേക്കബ്
മാധ്യമപ്രവര്‍ത്തകന്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രസിഡന്റ്