Advertisement
Cricket
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; യുവരാജിനെയും ഡിവില്ലിയേഴ്സിനെയും വീഴ്ത്തി ചരിത്രത്തിൽ ഒന്നാമൻ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 02, 06:09 am
Sunday, 2nd June 2024, 11:39 am

ഐ.സി.സി ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യു.എസ്.എക്ക് തകര്‍പ്പന്‍ വിജയം. കാനഡയെ ഏഴു വിക്കറ്റുകള്‍ക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഗ്രാന്‍ഡ് പ്രേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ യു.എസ്.എ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അമേരിക്ക 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

40 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് അമേരിക്ക ജയിച്ചു കയറിയത്. 235 സ്ട്രൈക്ക് റേറ്റില്‍ നാല് ഫോറുകളും പത്ത് കൂറ്റന്‍ സിക്സുകളുമാണ് ജോണ്‍സിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജോണ്‍സ് സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ കുറഞ്ഞത് 30 പന്തുകള്‍ നേരിട്ട് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള താരമായി മാറാനാണ് ആരോണിന് സാധിച്ചത്. 235.00 പ്രഹരശേഷിയിലാണ് അമേരിക്കന്‍ താരം ബാറ്റ് വീശിയത്.

ടി-20 ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടിയ താരം, സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍ (കുറഞ്ഞത് 30 പന്തുകള്‍ നേരിട്ടത്)

ആരോണ്‍ ജോണ്‍സ്-235.00

യുവരാജ് സിങ്-233.33

എ.ബി ഡിവില്ലിയേഴ്‌സ്-232.35

കര്‍ട്ടിസ് കാമ്പര്‍ വി-225. 00

ഗ്ലെന്‍ മാക്‌സ്വെല്‍-224.24

ജോസ് ബട്‌ലര്‍-221.87

അന്‍ഡ്രീസ് ഗ്രൗസ് 46 പന്തില്‍ 65 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം നേടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കാനഡക്കായി നവനീത് ദലിവാള്‍ 44 പന്തില്‍ 61 റണ്‍സും നിക്കോളാസ് കിര്‍ട്ടന്‍ 31 പന്തില്‍ 51 റണ്‍സും 16 പന്തില്‍ പുറത്താവാതെ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ജനുവരി ആറിന് പാകിസ്ഥാനെതിരെയാണ് അമേരിക്കയുടെ അടുത്ത മത്സരം. ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയമാണ് വേദി.

Content Highlight: Aron Jones create a new record