ന്യൂദല്‍ഹി: കര്‍ഷക സമരത്ത പിന്തുണച്ച പോപ് ഗായിക റിഹാനയെ കടന്നാക്രമിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി. എം.എസ്.പിയുടെ പൂര്‍ണ്ണരൂപം പോലും അറിയാത്തയാളാണ് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതെന്നായിരുന്നു അര്‍ണാബിന്റെ വിമര്‍ശനം.
‘എം.എസ്.പിയുടെ പൂര്‍ണ്ണരൂപം പോലും അറിയാത്തയാളാണ് റിഹാന. അക്ഷരഭ്യാസം അല്പം മാത്രമുള്ള ചിലര്‍ റിഹാനയെ ഒരു കര്‍ഷകനേതാവായി അവരോധിക്കുകയാണ്. ഇന്ത്യയെ എങ്ങനെ ഭരിക്കണമെന്ന് റിഹാനയോ ഗ്രെറ്റയോ പറഞ്ഞു തരേണ്ടതില്ല. ഇവിടെ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെടാത്തവരില്‍ ചിലര്‍ സര്‍ക്കാരിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഇതുപോലുള്ള സെലിബ്രിറ്റികളുടെ പ്രസ്താവനകളെ പിന്തുണയ്ക്കുകയാണ്,’ അര്‍ണാബ് ട്വിറ്ററിലെഴുതി.
അറിയപ്പെടാത്ത 20 പേര്‍ ചേര്‍ന്ന് റിഹാനയെ ഒരു നേതാവായി വാഴ്ത്തുകയാണെന്ന് അര്‍ണബ് പറഞ്ഞു. ഏത് പാര്‍ട്ടിയിലേക്കാവും റിഹാന ഇനി പോകുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് താനെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരം ശക്തമാകുന്നതിനിടെ സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിരവധി പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അര്‍ണാബിന്റെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്.
പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, മിയ ഖലീഫ തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Arnab: I bet Rihanna doesn’t know the full form of MSP. It’s both frightful and appalling that some semi-literates are propping her up as a farmers’ leader. #IndiaAgainstPropaganda
എന്തുകൊണ്ടാണ് ഇതേപ്പറ്റി ആരും സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ പരാമര്‍ശം. കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെ റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.
ഇതിന് പിന്നാലെ റിഹാനയ്ക്ക് നേരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്ക്കെതിരെയാണ് ട്വിറ്ററില്‍ അധിക്ഷേപം നടക്കുന്നത്. അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. ഇവയില്‍ പലതും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.
റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായത്. ഈ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
അതേസമയം സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.
മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക