Kerala Flood
അയാള്‍ സൈനികനല്ല; സര്‍ക്കാരിനെതിരെ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് സൈന്യവും പൊലീസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 19, 06:50 pm
Monday, 20th August 2018, 12:20 am

തിരുവനന്തപുരം: സൈനിക വേഷത്തിലെത്തി സംസ്ഥാന സര്‍ക്കാരിനെതിരെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്. പ്രചരിക്കുന്ന വീഡിയോയിലുള്ളയാള്‍ സൈനികനല്ലെന്ന് ആര്‍മിയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്നാണ് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്ന് കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആണ് അറിയിച്ചിരുന്നത്.

സംഭവത്തില്‍ സൈബര്‍ സെല്ലിനോട് അന്വേഷണം നടത്താനാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചത്. വീഡിയോയെ കുറിച്ച് കരസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയ സമയത്തായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നത്.