ന്യൂദല്‍ഹി: തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും നാല് സൈനികരും കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ആയുധധാരികളായ നാലോ അഞ്ചോ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നെന്നും ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെയ്പ്പ് നടന്നിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആയുധങ്ങളുമായി ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കനത്ത ജാഗ്രതയായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നത്.
സെനികരെ ഭീകരര്‍ മറഞ്ഞിരുന്ന് വെടി വെയ്ക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കനത്ത വെടിവെയ്പ്പ് നടന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസര്‍ മറ്റ് നാല് സൈനികര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും തുടര്‍ന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയുമാണെന്നാണ് സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്.
പാകിസ്ഥാനുമായുള്ള ലൈന്‍ ഓഫ് കണ്‍ട്രോളില്‍ ഭീകരവാദികളുടെ ആക്രമണം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തിങ്കളാഴ്ച പൂഞ്ചില്‍ ആക്രമണം നടന്നിരിക്കുന്നത്.