Entertainment
എന്റെ ശബ്ദം അവര്‍ക്ക് നന്നായി അറിയാം; ഇരുവരും വിളിച്ചത് കൊണ്ടാണ് ഞാന്‍ ടര്‍ബോക്ക് വേണ്ടി പാടിയത്: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 25, 03:42 pm
Saturday, 25th May 2024, 9:12 pm

ആദ്യം മുതല്‍ക്കേ പാട്ട് പാടണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. താന്‍ എത്രത്തോളം പാടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പാടാന്‍ കഴിയുന്നവ മാത്രമാണ് പാടുന്നതെന്നും താരം പറഞ്ഞു.

മമ്മൂട്ടി ചിത്രമായ ടര്‍ബോയില്‍ പാട്ട് പാടിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ക്രിസ്റ്റോ സേവ്യറിനും സയനോരക്കും തന്റെ ശബ്ദം നന്നായി അറിയാമെന്നും അവര്‍ വിളിച്ചപ്പോള്‍ തനിക്ക് പറ്റുന്ന പാട്ടായത് കൊണ്ടാണ് ടര്‍ബോയില്‍ പാടിയതെന്നും അര്‍ജുന്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു താരം.

‘പാട്ട് പാടണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ എത്രത്തോളം പാടുമെന്ന് എനിക്ക് അറിയാമായിരുന്നു. പാടാന്‍ കഴിയുന്ന പാട്ടുകള്‍ മാത്രമാണ് ഞാന്‍ പാടുന്നത്. അതേ പറ്റുകയുള്ളൂ. ക്രിസ്റ്റോക്കും സയനോര ചേച്ചിക്കും എന്റെ വോയിസ് നന്നായിട്ട് അറിയാവുന്നതാണ്. അവര് വിളിച്ചപ്പോള്‍ പറ്റുന്ന പാട്ടായത് കൊണ്ട് പാടി,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത് ആദ്യ സിനിമയായ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ടിന് ശേഷമാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ആ പടം ഒരു ഭാഗ്യത്തിന് പുറത്ത് കിട്ടിയതാണെന്നും റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന രണ്ടാമത്തെ ചിത്രത്തില്‍ നാദിര്‍ഷ വഴിയാണ് അവസരം ലഭിക്കുന്നതെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത് ആദ്യ പടത്തിന് ശേഷമാണ്. ആദ്യ പടം ഒരു ലക്കിന് കിട്ടിയതായിരുന്നു. ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ ആണ് എന്റെ ആദ്യ സിനിമ. ‘റ്റു ലെറ്റ് അമ്പാടി ടാക്കീസ്’ എന്ന രണ്ടാമത്തെ പടം നാദിര്‍ഷിക്ക വഴി കിട്ടിയതായിരുന്നു. ആ രണ്ട് സിനിമകളും തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ച അത്രയും പുഷ് കിട്ടിയില്ല. എങ്കിലും പിന്നീടാണ് അഭിനയിക്കണം അല്ലെങ്കില്‍ സിനിമയുടെ ഭാഗമാകണമെന്നൊക്കെ തോന്നുന്നത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.


Content Highlight: Arjun Ashokan Talks About Sayanora And Christo Xavier