Entertainment
ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞതും എനിക്ക് ചെറിയ കൂന് ഉണ്ടായി, അത്രമാത്രം സ്‌ട്രെയിനായിരുന്നു: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 23, 03:25 am
Sunday, 23rd February 2025, 8:55 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അര്‍ജുന്‍ അശോകന് ഒരുപാട് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ഭ്രമയുഗം. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രത്തില്‍ തേവന്‍ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ചത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചയായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

ചിത്രം മുഴുവന്‍ സീരിയസായിട്ടാണ് കഥ പറഞ്ഞതെന്നും ആ സ്‌ട്രെസ് കുറക്കാന്‍ താനും സിദ്ധാര്‍ത്ഥ് ഭരതനും രാഹുല്‍ സദാശിവനും ഓരോ സീനിന്റെയും സ്പൂഫ് ചെയ്യുമായിരുന്നെന്നും അര്‍ജുന്‍ പറഞ്ഞു. ബ്രേക്കിന്റെ സമയത്ത് തമാശകളും മറ്റും പറഞ്ഞ് ഇരിക്കുകയായിരുന്നു പതിവെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ സെറ്റില്‍ ഫോണ്‍ അനുവദനീയമല്ലായിരുന്നെന്നും ആരെങ്കിലും ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ പ്രശ്‌നമായിരുന്നെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. ഒരുപാട് സ്‌ട്രെയിനെടുത്ത് ചെയ്ത കഥാപാത്രമായിരുന്നു അതെന്നും ഷൂട്ട് കഴിഞ്ഞപ്പോഴേക്ക് തനിക്ക് ചെറിയൊരു കൂന് വന്നെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.

‘ഭ്രമയുഗത്തിന്റെ സെറ്റില്‍ ഓരോ സീന്‍ എടുത്ത് കഴിയുമ്പോഴും ഞാനും സിദ്ധാര്‍ത്ഥേട്ടനും രാഹുലും അതിന്റെയൊക്കെ സ്പൂഫ് ചെയ്ത് നോക്കും. കാരണം, ആ പടം മൊത്തം സീരിയസാണ്. അതിനെ ഒന്ന് തണുപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്തരം തമാശകള്‍. ബ്രേക്കിന്റെ സമയത്തും ഞങ്ങള്‍ ഓരോ തമാശകള്‍ പറഞ്ഞുകൊണ്ട് ഇരിക്കും.

ആ പടത്തിന്റെ സ്റ്റില്‍സ് ലീക്കാകാതിരിക്കാന്‍ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. കാരണം, മമ്മൂക്കയുടെ ബര്‍ത്ത് ഡേയുടെ അന്ന് ഒഫിഷ്യലായി പുറത്തുവിടാനായിരുന്നു പ്ലാന്‍. അതുകൊണ്ട് സെറ്റില്‍ ആരെയും ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാല്‍ അവന്റെ കാര്യം തീര്‍ന്നു. ഒരുപാട് സ്‌ട്രെയിനെടുത്ത് ചെയ്ത പടമാണ്. അതിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴേക്ക് ചെറിയൊരു കൂന് ഉണ്ടായി,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

Content Highlight: Arjun Ashokan says Bramayugam movie shoot was strainful