കമല ഹാരിസിനായി എ.ആര്‍. റഹ്‌മാന്റെ മ്യൂസിക് വീഡിയോ; പിന്തുണയറിയിക്കുന്ന ആദ്യ ഏഷ്യന്‍ കലാകാരന്‍
World News
കമല ഹാരിസിനായി എ.ആര്‍. റഹ്‌മാന്റെ മ്യൂസിക് വീഡിയോ; പിന്തുണയറിയിക്കുന്ന ആദ്യ ഏഷ്യന്‍ കലാകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2024, 9:09 pm

വാഷിങ്ടണ്‍: 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് പിന്തുണയുമായി സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. 30 മിനിട്ട് നീളുന്ന മ്യൂസിക് വീഡിയോ ഒരുക്കിയാണ് റഹ്‌മാന്‍ കമല ഹാരിസിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസിഫിക് ഐസ്‌ലാൻഡർ വിക്റ്ററി ഫണ്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒക്ടോബര്‍ 14ന് എ.എ.പി.ഐ വിക്റ്ററി ഫണ്ടിന്റെ യൂട്യൂബ് ചാനലിലൂടെ മ്യൂസിക് വീഡിയോ പുറത്ത് വിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നായിരിക്കും വീഡിയോ പുറത്തുവിടുക.


എ.വി.എസ്, ടി.വി ഏഷ്യ എന്നീ പ്രശസ്ത ഏഷ്യന്‍ നെറ്റ്വര്‍ക്കുകളിലൂടെയും മ്യൂസിക് വീഡിയോ യു.എസ് വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എ.ആര്‍. റഹ്‌മാനും ഇന്ത്യാസ്പോറ സ്ഥാപകന്‍ എം.ആര്‍. രംഗസ്വാമിയുമുള്ള മ്യൂസിക് വീഡിയോയുടെ ടീസര്‍ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.

ഇതോടെ കമല ഹാരിസിന് പിന്തുണ നല്‍കുന്ന ആദ്യത്തെ ഏഷ്യന്‍ കലാകാരനായിരിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍. കമല ഹാരിസിന് പിന്തുണ അറിയിച്ചതോടെ അമേരിക്കയുടെ പുരോഗതിക്ക് വേണ്ടി നിലകൊള്ളുന്ന കലാകാരന്മാരുടെ സംഘത്തിലേക്ക് എ.ആര്‍. റഹ്‌മാന്‍ തന്റെ ശബ്ദവും ചേര്‍ക്കുകയാണെന്ന് എ.എ.പി.ഐ വിക്റ്ററി ഫണ്ടിന്റെ ചെയര്‍മാന്‍ ശേഖര്‍ നരസിംഹന്‍ പറഞ്ഞു. റഹ്‌മാന് ഒരു സംഗീത പരിപാടിക്കപ്പുറം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശേഖര്‍ പ്രതികരിച്ചു. റഹ്‌മാന്‍ ഒരുക്കിയ വീഡിയോ യുവാക്കളെ വോട്ട് ചെയ്യണമെന്ന തീരുമാനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എസ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ ലഭിച്ചതിന് പിന്നാലെ കമല ഹാരിസ് മില്യണ്‍ കണക്കിന് സംഭാവന നേടിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 81 മില്യണ്‍ ഡോളര്‍ സംഭാവനയാണ് കമലയ്ക്ക് ലഭിച്ചത്. ഇത് റെക്കോഡ് നേട്ടമാണെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. നിലവില്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. കമല ഹാരിസിന്റെ അച്ഛന്‍ ഡോണള്‍ഡ് ജെ. ഹാരിസ് ജമൈക്കക്കാരനാണ്. അമ്മ ശ്യാമള ഗോപാലന്‍ തമിഴ്നാട്ടുകാരിയും.

Content Highlight: AR Rahman’s music video for Kamala Harris