“ഏപ്രില്‍ 15 ന് കേരളത്തിലെ ഹിന്ദു സമുദായം വിഷു ആഘോഷിച്ചിരുന്നു. ഇതിനായി വിദൂരദിക്കുകളില്‍ നിന്നെത്തിയവരടക്കമുക്കമുള്ളര്‍ ജോലി സ്ഥലങ്ങളിലേക്കും മറ്റും ഇന്ന് തിരികേ പോകാനിരിക്കേ ഇന്നു തന്നെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്. ഇതിനു പുറകില്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഇന്നത്തെ ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേയും റോഡുകളില്‍ അരാജകത്വം സൃഷ്ടിച്ചവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, മലപ്പുറം, പാലക്കാട്, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ പോലീസ് മേധാവികളോട് വിശദീകരണം തേടണമെന്നും വിനയപൂര്‍വം അപേക്ഷിക്കുന്നു” ഏപ്രില്‍ 16ന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് യുവജനതാദള്‍ നേതാവ് സലിം മടവൂര്‍ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച പരാതിയുടെ പ്രസക്തഭാഗമാണിത്.
ജമ്മുകശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള “ജനകീയ ഹര്‍ത്താല്‍” എന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ തെരുവിലിറങ്ങിയതും ഇതേത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളും കേരളത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ പ്രഖ്യാപനങ്ങളില്ലാതെ സോഷ്യല്‍ മീഡിയകളിലൂടെ ഉയര്‍ന്നുവന്ന ഈ ഹര്‍ത്താലില്‍ കേരളത്തില്‍ അടുത്തകാലത്തെങ്ങുമുണ്ടായിട്ടാല്ലാത്ത തരത്തില്‍ വലിയ സംഘര്‍ഷങ്ങളാണ് അരങ്ങേറിയത്.
ഹര്‍ത്താലിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമം നടത്തിയതിനും 250ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കഴിഞ്ഞദിവസം പറഞ്ഞത്. വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ മുപ്പതോളം പൊലീസുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കാസര്‍കോട് ജില്ലയില്‍ ബസുകള്‍ക്കുനേരെ വ്യാപക കല്ലേറുണ്ടായി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിസരത്തു ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന സാഹചര്യവും ഉണ്ടായി.
Also Read: നമ്മുടെ പ്രതിഷേധങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് ചില വിചാരങ്ങള്‍
ഏപ്രില്‍ 15 ന് സോഷ്യല്‍ മീഡിയ കൂട്ടായ്മകളിലൂടെ പ്രചരിച്ച സന്ദേശങ്ങളായിരുന്നു ഇത്തരമൊരു ഹര്‍ത്താലിന്റെ തുടക്കം. ഇത് ചര്‍ച്ചയായതോടെ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരമൊരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനെ പിന്തുണയ്ക്കുന്നില്ലെന്നും പരസ്യമായി വ്യക്തമാക്കിയതുമാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും ഒപ്പം വലിയൊരു വിഭാഗം ജനങ്ങളും ഹര്‍ത്താലിനെ വ്യാജപ്രചരണം എന്ന തരത്തിലാണ് ഏറ്റെടുത്തത്.
എന്നാല്‍ ഏപ്രില്‍ 16 പുലര്‍ച്ചെ മുതല്‍ ഒരു കൂട്ടം യുവാക്കള്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ തടയുന്നതും എതിര്‍ക്കുന്നവരെ അക്രമിക്കുന്നതുമാണ് കണ്ടത്. സോഷ്യല്‍ മീഡിയ വഴി ജനകീയ സോഷ്യല്‍ മീഡിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നെന്നും ഈ കമ്മിറ്റിയാണ് ഹര്‍ത്താല്‍ നടത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയ ആക്ഷന്‍ കമ്മിറ്റിയുടെ ഭാഗമാണെന്ന അവകാശവാദത്തോടെ സംസ്ഥാന ജനകീയ നീതി വേദി സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പെരുവത്ത് ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
“നാലുദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലുണ്ടായ ഒരു കൂട്ടായ്മയാണ്. അതില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവരുണ്ട്. ” എന്നാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം തുടക്കം മുതല്‍ തന്നെ ഹര്‍ത്താലിനെ എതിര്‍ത്ത് പരസ്യമായി മുന്നോട്ടുവന്നപ്പോള്‍ എസ്.ഡി.പി.ഐ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഹര്‍ത്താലിനെ അനുകൂലിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും അത് പ്രഖ്യാപിച്ചത് തങ്ങളല്ല എന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്.
“എസ്.ഡി.പി.ഐ പ്രഖ്യാപിച്ച ഹര്‍ത്താലല്ല, എസ്.ഡി.പി.ഐ അങ്ങനെയൊരു ആഹ്വാനവും നല്‍കിയിട്ടില്ല.” എന്നാണ് എസ്.ഡി.പി.ഐ നേതാവ് അജ്മല്‍ ഇസ്മൈല്‍ പറഞ്ഞത്.
ഹര്‍ത്താലിനെ പിന്തുണച്ച് രംഗത്തുവന്നതില്‍ 80%വും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് അബ്ദുള്‍ റഹ്മാനും പറയുന്നു.
“80% പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പിന്തുണച്ചത്. അവര്‍ക്ക് സ്വാധീനമുള്ള മഞ്ചേരിയില്‍ നടന്ന പരിപാടിയിലും മറ്റുള്ളിടത്തുമൊക്കെ അവര്‍ കൂടുതലായി പങ്കെടുത്തു.” എന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കാസര്‍കോട് പോലുള്ള പ്രദേശങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി മുസ് ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് ഞായറാഴ്ച ലീഗ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഒപ്പം ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാന്‍ ഏതോ കുബുദ്ധികളാണോ ഇതിനു പിന്നിലെന്ന സംശയമുണ്ടെന്നും ലീഗ് പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
പൊലീസിന്റെ പരാജയമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എം.എന്‍ കാരശ്ശേരി പറയുന്നു. ഇത്തരം പ്രചരണം കാണുമ്പോള്‍ അതിന്റെ ഉറവിടം കണ്ടെത്തി ഈ നാട്ടില്‍ നിയമവാഴ്ചയുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
“ഏതെങ്കിലും നാലു കുട്ടികള്‍ക്ക് ലൈവില്‍ വന്നിട്ട്, അല്ലെങ്കില്‍ ഒരു പോസ്റ്റിട്ടിട്ട് കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളുടെ ജീവിതം ശല്യപ്പെടുത്താന്‍ പറ്റും. കാരണം ഇതിന്റെ വിവരം കൂടി അറിയാതെയാണ് ആളുകള്‍ ഓഫീസിലേക്കും മറ്റും പുറപ്പെട്ടത്. ബസിനു കല്ലെറിയുന്നു. പൊലീസിനെ അക്രമിക്കുന്നു. നിരോധനാജ്ഞ തന്നെ പ്രഖ്യാപിക്കുകയാണ്. ഇത്തരത്തിലുള്ള സാഹചര്യം വരുന്നുണ്ട് എന്ന് തിരിച്ചറിയാത്ത പൊലീസിന്റേതാണ് ഒന്നാമത്തെ തെറ്റ്. അതിനവര്‍ മറുപടി പറയണം. ” അദ്ദേഹം പറയുന്നു.
ഹര്‍ത്താല്‍ മുതലെടുത്ത് ബി.ജെ.പി:
കഠ്വ സംഭവത്തിനു പിന്നാലെ കേരളത്തില്‍ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തെ തകര്‍ക്കാന്‍ ബി.ജെ.പിക്ക് ആയുധം നല്‍കലാണ് ഈ ഹര്‍ത്താലിലൂടെ ചെയ്തതെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയകളിലടക്കം വ്യാപകമായി ഉയര്‍ന്നുവരുന്നത്. മുസ്ലിം ഭീകരസംഘടനകളുടെ അപ്രഖ്യാപിത ഹര്‍ത്താല്‍ എന്ന തരത്തിലാണ് ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വി പ്രചരണം നടത്തിയത്. ഹര്‍ത്താലിന് പിന്നില്‍ ഭീകരവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയും പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
ഹര്‍ത്താലിനെതിരെയും പരാതിയുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. “ഹര്‍ത്താലിന്റെ മറവില്‍ ചില വിധ്വംസക ശക്തികള്‍ നടത്തിയഅക്രമം സൈ്വര്യ ജീവിതം താറുമാറാക്കി. തീവ്രവാദ സംഘടനകള്‍ സര്‍ക്കാറിന്റെ പ്രതികരണം അറിയാന്‍ നടത്തിയ പരീക്ഷമാണ് ഹര്‍ത്താന്‍. ” എന്നുപറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്കു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ ഹര്‍ത്താലിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍ ആക്രമിച്ചെന്നും തക്ബീര്‍ വിളികളുമായി ആക്രമണം നടത്തിയെന്നും ആരോപിച്ച് സംഘപരിവാര്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണങ്ങളും നടത്തിയിരുന്നു.