Advertisement
World News
മൂന്നാഴ്ച കൂടുമ്പോള്‍ ഓരോ കമ്പനി വീതം വാങ്ങി: ആറ് വര്‍ഷത്തെ ആപ്പിളിന്റെ കൊടുക്കല്‍ വാങ്ങല്‍ വെളിപ്പെടുത്തി സി.ഇ.ഒ ടിം കുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 24, 10:52 am
Wednesday, 24th February 2021, 4:22 pm

വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനിയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വെളിപ്പെടുത്തി ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ നൂറോളം കമ്പനികളെ വിലക്കു വാങ്ങിയെന്നാണ് ആപ്പിള്‍ ഓഹരിയുടമകളുടെ യോഗത്തില്‍ ടിം കുക്ക് വെളിപ്പെടുത്തിയത്.

ആറ് വര്‍ഷത്തിനുള്ളില്‍ നൂറ് കമ്പനികള്‍ എന്ന കണക്ക് പ്രകാരം ഓരോ മൂന്നോ നാലോ ആഴ്ച കൂടുമ്പോഴും ഓരോ കമ്പനി വീതം ആപ്പിള്‍ സ്വന്തമാക്കുകയായിരുന്നുവെന്നും ടിം കുക്ക് പറഞ്ഞു. സാങ്കേതികവിദ്യയും കഴിവും പരിഗണിച്ചാണ് ഈ വാങ്ങലുകളൊക്കെ നടന്നതെന്നും ടിം കുക്ക് കൂട്ടിച്ചേര്‍ത്തു.

ബീറ്റ്‌സ് ഇലക്ടോണിക്‌സിനെ മൂന്ന് ബില്യണ്‍ ഡോളറിന് വാങ്ങിയതായിരുന്നു പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ നടത്തിയ ഏറ്റവും വലിയ ബിസിനസ് ഡീല്‍. റാപ്പറും നിര്‍മ്മാതാവുമായ ഡോ.ഡ്രേയുടേതായിരുന്നു ഹെഡ്‌ഫോണ്‍ നിര്‍മ്മാതാക്കളായിരുന്ന ബീറ്റ് ഇലക്ട്രോണിക്‌സ്. മ്യൂസിക് റെഗനിഷന്‍ സോഫ്റ്റ് വെയറായ ഷസാമിനെ 400 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയതാണ് അടുത്ത വില കൂടിയ പര്‍ച്ചേസ്.

ചെറുകിട കമ്പനികള്‍ വാങ്ങി അവരുടെ സാങ്കേതികവിദ്യ സ്വന്തം പ്രൊഡക്ടുകളില്‍ ഉള്‍ച്ചേര്‍ക്കുക എന്ന രീതിയാണ് പൊതുവെ ആപ്പിള്‍ പിന്തുടരുന്നത്. ഇസ്രാഈലിലെ 3ഡി സെന്‍സിംഗ് കമ്പനിയായ പ്രൈംസെന്‍സ് എന്ന കമ്പനിയുടെ സാങ്കേതികവിദ്യ ആപ്പിളിന്റെ ഫേസ് ഐ.ഡിയില്‍ ഉപയോഗിച്ചിരിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്.

എക്കാലത്തെയും മികച്ച ലാഭം നേടിക്കൊണ്ടാണ് 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം ആപ്പിള്‍ പിന്നിടുന്നത്. 111.4 ബില്യണ്‍ ഡോളറാണ് ആപ്പിളിന്റെ ഈ പാദത്തിലെ ലാഭം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Apple bought 100 companies in the last 6 years says CEO Tim Cook