Advertisement
national news
മാപ്പ്, എന്റെ വാക്കുകള്‍ തെറ്റാണെങ്കില്‍ പിന്‍വലിക്കുന്നു: നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 08, 07:14 am
Wednesday, 8th November 2023, 12:44 pm

പാട്‌ന: ജനസംഖ്യനിയന്ത്രണത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ വാക്കുകള്‍ തെറ്റാണെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും തന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

തന്റെ വാക്കുകള്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ജനസംഖ്യാ നിയന്ത്രണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്നുള്ള അഭിപ്രായം താന്‍ എപ്പോഴും നിലനിര്‍ത്തിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണത്തിനും വികസനത്തിനും വേണ്ടി താന്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയുമെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഒരു പെണ്‍കുട്ടി ഉന്നതവിദ്യാഭ്യാസം നേടിയാല്‍ ശരാശരി പ്രത്യുല്‍പ്പാദന നിരക്ക് രണ്ട് ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വേയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പരാമര്‍ശം.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുന്ന ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് നിതീഷ് കുമാര്‍ സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു.

നിതീഷ് കുമാറിന്റെ പ്രസ്താവന ജനാധിപത്യത്തിന്റെ അന്തസും മര്യാദയും കളങ്കപ്പെടുത്തിയെന്നും അദ്ദേഹം സ്ത്രീ വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരാമര്‍ശത്തില്‍ മാപ്പ് രേഖപ്പെടുത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Apology, retract if my words are wrong: Nitish Kumar