ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ ഭാഗമായിരുന്നു. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേഘലൈ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. രായനില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് അപര്‍ണ.
കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് രായന്‍ സിനിമ ചെയ്യാന്‍ പോയതെന്നും എന്താണ് താന്‍ ചെയ്യേണ്ടതെന്ന് അറിയാതെ ടെന്‍ഷന്‍ അടച്ച് ഇരിക്കുകയായിരുന്നെന്നും അപര്‍ണ പറയുന്നു. അത്രയും ടെന്‍ഷന്‍ അടിച്ച് താന്‍ വേറൊരു സിനിമയും ചെയ്തിട്ടില്ലെന്നും എന്നാല്‍ ധനുഷ് തങ്ങള്‍ ചെയ്യേണ്ടത് കാണിച്ച് തരുമെന്നും അതുപോലെ ചെയ്യുകയേ വേണ്ടിയിരുന്നൊള്ളുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു രായന്‍ സിനിമ ചെയ്യാന്‍. ഞാന്‍ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി പോകുന്നത്. അപ്പോള്‍ ആദ്യത്തെ ദിവസം ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇരിക്കുകയായിരുന്നു. കുറെ സമയമെടുക്കുണ്ടായിരുന്നു ഓരോന്നും ഷൂട്ട് ചെയ്യാനായിട്ട്.
എനിക്ക് വെയിറ്റ് ചെയ്യുന്നതിനനുസരിച്ച് ടെന്‍ഷന്‍ കൂടുകയായിരുന്നു. എന്തെങ്കിലും ഒന്ന് അഭിനയിച്ചിരുന്നെങ്കില്‍ നമുക്ക് കുറഞ്ഞ പക്ഷം എന്താണ് എങ്ങനെ ആയിരിക്കും എന്നെങ്കിലും അറിയാമായിരുന്നല്ലോ. ഞാന്‍ ധനുഷ് സാര്‍ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ നോക്കികൊണ്ടിരിക്കുകയായിരുന്നു.
ഒരാളുടെ ഷോട്ടാണെങ്കില്‍ പോയിക്കൊണ്ടേ ഇരിക്കുകയായിരുന്നു. 17 ടേയ്‌ക്കോളാം അപ്പോഴേക്കും എടുത്തിട്ടുണ്ടായിരുന്നു. അതൊക്കെ ആയപ്പോഴേക്കും എനിക്ക് ടെന്‍ഷന്‍ കൂടി. അത്രയും ടെന്‍ഷനോടെ ഞാന്‍ വേറൊരു സിനിമയും ചെയ്തിട്ടില്ല. പക്ഷെ സത്യത്തില്‍ നോര്‍ത്ത് ചെന്നൈ എന്ന് പറയുന്ന ഒരു സോണ്‍ ഉണ്ട്. അദ്ദേഹം അത് ചെയ്ത് കാണിക്കും ഞങ്ങള്‍ അതുപോലെ ചെയ്താല്‍ മാത്രം മതിയായിരുന്നു. അത് കിട്ടിയപ്പോള്‍ വലിയ പ്രശ്‌നം ഒന്നും ഇല്ലാതെ ചെയ്യാന്‍ പറ്റി,’ അപര്‍ണ ബാലമുരളി പറയുന്നു.
Content Highlight: Aparna Balamurali Talks About Raayan Movie