കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ സംഗമങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ സദസില്‍ പങ്കെടുത്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിക്കോട് നടന്ന പരിപാടിയിലാണ് കാന്തപുരം പങ്കെടുത്തത്.
ഇ.കെ. സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുത്തു. മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങളുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് സൗഹൃദ സദസില്‍ കാന്തപുരം പറഞ്ഞു.
തനിക്ക് രാഷ്ട്രീയമില്ലെന്നും സുന്നിയാണെന്നുള്ള കക്ഷിത്വം മാത്രമാണുള്ളതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സൗഹൃദ സംഗമത്തിന്റെ സമാപന പരിപാടിയാണ് കോഴിക്കോട് നടന്നത്.
കെ.കെ. രമ എം.എല്‍.എ, ഡോ. ഹുസൈന്‍ മടവൂര്‍, എം.എ. അബ്ദുല്‍ അസീസ്, ഒ. അബ്ദുറഹ്മാന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. കാന്തപുരം ലീഗ് വേദിയിലെത്തിയത് സോഷ്യല്‍ മീഡയയിലും എ.പി- ഇ.കെ സമസ്ത വിഭാഗത്തിലെ ഇരു അണികള്‍ ചര്‍ച്ചയാക്കുന്നുണ്ട്.
ഒരുമിച്ചിരിക്കുന്നതിനെക്കുറിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ഈ ചത്രം പങ്കുവെച്ച് നജീബ് കാന്തപുരം എം.എല്‍.എ ഫേസ്ബുക്കില്‍ എഴുതി.
‘ഒരുമിച്ചിരിക്കല്‍ അത് സമുദായത്തിനകത്തും, സമുദായങ്ങള്‍ക്കിടയിലും സംഭവിക്കണം.
ആ ഒരുമിച്ചിരിക്കലിന്റെ മനോഹര ദൃശ്യങ്ങളാണ് കേരളം ഉടനീളം കണ്ടത്. തൊലിപ്പുറത്തുള്ള ചികിത്സ ആയിരുന്നില്ല മനസ്സിനകത്തേക്ക് ആഴ്ന്നിറങ്ങുന്ന ആത്മാര്‍ത്ഥതയുള്ള വാക്കുകളായിരുന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ് സംഗമത്തില്‍ 14 ജില്ലകളിലും നാം കേട്ടത്. ജില്ലാ സംഗമങ്ങള്‍ കോഴിക്കോട് സമാപിച്ചപ്പോള്‍ പങ്കെടുത്തവരുടെ വൈവിധ്യവും മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും കേരളത്തിന്റെ മുന്നോട്ടുള്ള സൗഹൃദ യാത്രക്ക് കരുത്തേകുന്നതായിരുന്നു.
നമുക്ക് ഒരുമിച്ചുമുന്നോട്ടു പോവാനുള്ള അതിരറ്റ ഊര്‍ജം തന്നെയാണ് ഈ സംഗമങ്ങള്‍ നല്‍കിയത്. മുസ്‌ലിം ലീഗ് എന്നും മുന്നോട്ട് വെച്ചത് വിളക്കി ചേര്‍ക്കലിന്റെ കലയാണ്. ആ വിളക്കി ചേര്‍ക്കല്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിലൂടെ വീണ്ടും കേരളം പ്രതീക്ഷാപൂര്‍വം കാണുന്നു.
ഇന്നത്തെ പത്ര സമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഒരു വാക്ക് പറഞ്ഞു. മതേതരത്വം ഇന്ത്യന്‍ ഭരണ ഘടനയില്‍ നിന്ന് ജനങ്ങള്‍ ഏറ്റെടുത്തതല്ല, ഇന്ത്യന്‍ ജനതയില്‍ നിന്ന് ഭരണഘടന ഏറ്റെടുത്ത വലിയ കാര്യമാണ്. അത് കൊണ്ട് ആ മതേതരത്വം സംരക്ഷിക്കാന്‍ നമുക്ക് അവസാന സമയം വരെ ശ്രമിക്കാം,’ എന്നാണ് നജീബ് കാന്തപുരം എഴുതിയത്.