ന്യൂദല്‍ഹി: ആരാധനാലയങ്ങളാണെങ്കിലും അനധികൃതമായി നിര്‍മിച്ചതാണെങ്കില്‍ പൊളിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ മതപരമായ സ്ഥാപനങ്ങള്‍ക്കുള്ളതിനേക്കാള്‍ പ്രാധാന്യം പൊതുസുരക്ഷയ്ക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതരായവരുടെ സ്വത്തുവകകള്‍ പൊളിച്ചുനീക്കുന്നതുമായി സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് പരാമര്‍ശം.
റോഡുകള്‍, ജലസ്രോതസുകള്‍, റെയില്‍പാതകള്‍ തുടങ്ങിയവ കൈയേറുന്നത് മതപരമായ നിര്‍മിതികള്‍ കൈയേറുന്നതിനേക്കാള്‍ പ്രാധാന്യമുള്ളതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബുള്‍ഡോസ് രാജിനും കൈയേറ്റങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുമ്പോള്‍ പൗരന്മാരുടെ മതത്തിനല്ല പൊതുസുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
‘അനധികൃതമായി നിര്‍മിച്ചതെന്താണോ അത് ക്ഷേത്രമായാലും ദര്‍ഗ(പള്ളി)യായാലും പൊളിക്കണം. പൊതുസുരക്ഷയാണ് പ്രധാനം,’ ജസ്റ്റിസ് ഗവായ് പറഞ്ഞു.
കുറ്റാരോപിതരായത് കൊണ്ടുമാത്രം അവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസ് രാജിന് വിധേയമാക്കിയ പല സംസ്ഥാനങ്ങളുമുണ്ട്. ഒരു പ്രത്യേക സമുദായത്തെയോ മതത്തേയോ ലക്ഷ്യമിട്ടുണ്ടാവുന്ന ഇത്തരം പൊളിക്കല്‍ നടപടികള്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗം, തീവ്രവാദം തുടങ്ങിയ ഗുരുതരമായ കുറ്റം ചെയ്തവരായാല്‍ കൂടിയും അക്കാരണം കൊണ്ട് മാത്രം ബുള്‍ഡോസ് രാജ് നടപ്പിലാക്കാന്‍ പാടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.