ഗ്രാമീണ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമയിലൂടെയാണ് താരം കരിയര്‍ ആരംഭിച്ചത്. പൊതുവെ ചെയ്തിരുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി താരം ചെയ്ത സിനിമയാണ് ബിനു സദാനന്തന്റെ ഇതിഹാസ.
‘ഇതിഹാസ ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ആദ്യം ഓര്‍മ വരുന്നത് ഫൈറ്റ് സീനുകളാണ്. അന്ന് ഞാന്‍ ബോഡി ഫിറ്റ്‌നസ് ഒന്നും നോക്കിയിരുന്നില്ല. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ട് ഒക്കെ നേരിടേണ്ടി വന്നിരുന്നു. എന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ഫൈറ്റ് ചെയ്യുന്നത് ഇതിഹാസയിലായിരിക്കും.
എന്നാല്‍ ഇപ്പോഴും ശരീരം അങ്ങനെ അധികം നോക്കാറില്ല. ചോറൊക്കെ കഴിച്ച് അല്‍പം വണ്ണം വെക്കുമ്പോള്‍ ഞാന്‍ ജിമ്മില്‍ പോകും. എന്നാല്‍ ഇതിഹാസയുടെ സമയത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ കാറിലേക്ക് എന്നെ എടുത്തുവെക്കേണ്ടി വരും. അതായിരുന്നു അവസ്ഥ.
എന്നാല്‍ അത് സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. പെണ്ണായി ചെയ്തതിന്റെ നേരേ ഓപ്പോസിറ്റ് കഥാപാത്രമാണ് ഞാന്‍ ചെയ്തത്. സിഗരറ്റ് വലിക്കുന്നത് ഒക്കെ ബാലുവും ഷൈനും പറഞ്ഞു തന്നു. മുണ്ട് ഉടുക്കാനൊക്കെ എനിക്ക് അറിയാമായിരുന്നു. ഞാന്‍ നേരത്തെയും വീട്ടില്‍ മുണ്ട് ഉടുക്കുമായിരുന്നു.
പൊതുവേ ആണിന്റെ സ്വഭാവമാണ് എനിക്ക് എന്നാണ് വീട്ടിലൊക്കെ പറയുന്നത്. പ്രസവ സമയത്ത് ബ്രഹ്മാവ് കണ്ണടച്ച് പോയപ്പോഴാണ് ഞാന്‍ പെണ്ണായി ജനിച്ചതെന്നാണ് അമ്മ പറയുന്നത്. ഞാന്‍ നടക്കുമ്പോള്‍ ചാടി ചാടി ആണ് നടക്കുന്നത്. അപ്പോള്‍ വീട്ടില്‍ പറയും ഒന്നു പെണ്ണായി നടക്കെടി എന്ന്.
നീയെന്താ ഇങ്ങനെ കുതിര നടക്കുന്നതുപോലെ നടക്കുന്നതെന്ന് പണ്ട് ലാല്‍ ജോസ് സാര്‍ ചോദിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ പതുക്കെ പതുക്കെ നടക്കുമായിരുന്നു,’ അനുശ്രീ പറഞ്ഞു.
ഇതിഹാസയില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്. പിന്നീട് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഓ.ടി.ടി റിലീസിനെത്തിയ 12th man അണ് അനുശ്രീയുടെ അവസാന സിനിമ.