ഞാന്‍ പ്രണയത്തിലാണ്; അനുശ്രീ പറയുന്നു
Daily News
ഞാന്‍ പ്രണയത്തിലാണ്; അനുശ്രീ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th December 2014, 12:17 pm

anusreeതാന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് നടി അനുശ്രീ. പ്രണയിക്കുന്ന ആളിനെത്തന്നെ വിവാഹം കഴിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും അനുശ്രീ വ്യക്തമാക്കി.

“എനിക്ക് പത്തു ഇരുപത്തിനാലു വയസ്സായി. അപ്പോള്‍പ്പിന്നെ ഞാനും പ്രണയിക്കുന്നുണ്ടാവുമല്ലോ. ഇപ്പോള്‍ പലരും ചോദിക്കുന്നുണ്ട് വിവാഹം എന്തായി എന്ന്. പക്ഷേ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. പക്ഷേ പ്രണയിക്കുന്ന ആളിനെത്തന്നെ വിവാഹം കഴിക്കാനാണ് ഉദ്ദേശിക്കുന്നത്.

പലരോടും ഇത് ചോദിക്കുമ്പോള്‍ “ഏയ് അങ്ങനൊന്നുമില്ല” എന്ന് കള്ളം പറയുകയാണ് ചെയ്യുന്നത്. പക്ഷേ ഞാന്‍ തുറന്നുപറയുന്നു. ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്. തല്‍ക്കാലം പേരു പറയുന്നില്ല. സദയം ക്ഷമിക്കുക.” മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറയുന്നു.

അനുശ്രീയെന്ന പേരുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഡയമണ്ട് നെക്ലസിലെ കലാമണ്ഡലം രാജശ്രീയെന്ന കഥാപാത്രത്തെയാണ്. നിഷ്‌കളങ്കമായ നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയുടെ ഇമേജ് അനുശ്രീയ്ക്ക് ചാര്‍ത്തിക്കൊടുത്ത കഥാപാത്രമായിരുന്നു അത്. എന്നാല്‍ ഇതിഹാസയിലെ കഥാപാത്രം ആ ഇമേജിനെ പൊളിക്കുന്നതായിരുന്നു. നാടന്‍പെണ്ണെന്ന ഇമേജ് തകര്‍ക്കാന്‍ വേണ്ടിയാണ് ഇതിഹാസയിലെ വേഷം സ്വീകരിച്ചതെന്നും അനുശ്രീ വ്യക്തമാക്കുന്നു.

കേരളത്തില്‍ പലയിടത്തും അരങ്ങേറിയ ചുംബനസമരം പോലുള്ള സമരരീതികളോടു യോജിപ്പില്ലെന്നും നടി അഭിപ്രായപ്പെട്ടു. നമ്മുടെ സംസ്‌കാരത്തിനുള്ളില്‍ നിന്നുകൊണ്ടായിരിക്കണം എല്ലാ സമരങ്ങളും. പ്രത്യേകിച്ചും സ്ത്രീകള്‍. ഇക്കാര്യത്തില്‍ കുറച്ചൊക്കെ സംസ്‌കാരത്തെ മാനിക്കണം. സദാചാര പോലീസിങ്ങിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അതിന് നിയമത്തിന്റെ വഴിയാണ് ചുംബനസമരത്തേക്കാള്‍ നല്ലതെന്നും അനുശ്രീ വ്യക്തമാക്കി.