മാധ്യമസ്ഥാപനമായാലും അല്ലെങ്കിലും തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ നടപടിയെടുക്കും; ന്യൂയോര്‍ക്ക് ടൈംസിനെതിരെ അനുരാഗ് ഠാക്കൂര്‍
India
മാധ്യമസ്ഥാപനമായാലും അല്ലെങ്കിലും തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ നടപടിയെടുക്കും; ന്യൂയോര്‍ക്ക് ടൈംസിനെതിരെ അനുരാഗ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2023, 1:39 pm

ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകരെ ഇന്ത്യയില്‍ തീവ്രവാദികളായി കാണുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസ് ചെയര്‍മാന്‍ എ.ജി സുല്‍സ്ബെര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.

ലോക മാധ്യമ സ്വാതന്ത്ര ദിനത്തില്‍ യുനെസ്‌കോ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുല്‍സ്ബെര്‍ഗെറുടെ പരാമര്‍ശം. അധികാരികള്‍ മാധ്യമ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യുകയും മാധ്യമ പ്രവര്‍ത്തകരെ തീവ്രവാദികളായി കാണുന്നുവെന്നുമായിരുന്നു സുല്‍സ്ബെര്‍ഗര്‍ പറഞ്ഞത്.

‘ മാധ്യമ സ്ഥാപനമായാലും അല്ലെങ്കിലും ഇന്ത്യയില്‍ തെറ്റുകള്‍ ചെയ്യുന്നവര്‍ക്കതിരെ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നു. മാധ്യമ സ്ഥാപനമെന്ന പദവി ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും സാധിക്കില്ല’, അനുരാഗ് ഠാക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഏത് അന്വേഷണവും മാധ്യമങ്ങള്‍ക്ക് നേരെയുളള ആക്രമണമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളായാണ് കാണുന്നതെന്ന് വായില്‍ തോന്നുന്നത് പോലെ വിളിച്ചു പറയുന്നതാണോ വിവേകമെന്നും അദ്ദേഹം ചോദിച്ചു.

ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും വസ്തുതകളെ വളച്ചൊടിക്കാന്‍ യുനെസ്‌കോ പോഡിയത്തെ ഉപയോഗിക്കുകയാണെന്നും ഠാക്കൂര്‍ പറഞ്ഞു.

ഇന്ത്യയുടെ ആഗോള ഉയര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും ഇഷ്ടപ്പെടാത്ത ചില പഴയ മാധ്യമ സ്ഥാപനങ്ങള്‍ ഇന്ത്യക്കെതിരെ ആസൂത്രിതമായ അപവാദപ്രചാരണം നടത്തുകയാണെന്ന് ഠാക്കൂര്‍ ട്വിറ്റര്‍ കുറിച്ചു.

ഇന്ത്യക്കെതിരെ വസ്തുതയില്ലാത്തതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ എഴുതുന്ന ന്യൂയോര്‍ക്ക് ടൈംസ് വസ്തുതകളെ വളച്ചൊടിക്കാന്‍ യുനെസ്‌കോയുടെ പോഡിയത്തെ ലജ്ജയില്ലാതെ ദുരുപയോഗം ചെയ്തെന്ന് അദ്ദേഹം കുറിച്ചു.

പത്രം ന്യൂയോര്‍ക്ക് ടൈംസ് ആണോ അതോ ന്യൂ ഡിസ്റ്റോര്‍ട് ടൈംസ് ആണോയെന്ന് തനിക്ക് വേര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഠാക്കൂര്‍ പറഞ്ഞു.

നേരത്തെ, ജമ്മുകശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെയും അനുരാഗ് ഠാക്കൂര്‍ രംഗത്ത് വന്നിരുന്നു.

രാജ്യത്തുടനീളം വിവര നിയന്ത്രണത്തിന്റെ കശ്മീര്‍ മോഡല്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചാല്‍ അത് മാധ്യമ സ്വാതന്ത്ര്യത്തിന് മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപകടമാകുമെന്നായിരുന്നു എന്‍.വൈ.ടി റിപ്പോര്‍ട്ട്.

അതേസമയം ആഗോള മാധ്യമ സൂചികയില് ഇന്ത്യയുടെ സ്ഥാനം വീണ്ടും കൂപ്പുകുത്തി. 180 രാജ്യങ്ങളുടെ പട്ടികയില് 160-ാം സ്ഥാനത്താണ് ഇന്ത്യ. ലോക മാധ്യമ സ്വാതന്ത്രദിനത്തില് റിപ്പോര്ടേഴിസ് വിത്തൗട്ട് ബോര്ഡേഴ്‌സ് ആണ് കണക്കുകള് പുറത്ത് വിട്ടത്.

Content Highlight: Anurag Thakur’s Dig At New York Times’ “Terrorist” Remark