ആ മാതാപിതാക്കളുടെ സങ്കടം ഒന്നുമല്ല നിങ്ങളുടെ പ്രശ്നം. നിങ്ങള്‍ അവകാശപ്പെടുന്നത് പോലെ കുട്ടിയുടെ ക്ഷേമവുമല്ല നിങ്ങളുടെ പരിഗണന. മറിച്ച് എല്ലാത്തിനും ഉത്തരവാദി അനുപമയാണ് എന്ന് കരുതാനാണ് നിങ്ങള്‍ക്ക് ഇഷ്ടം. അവള്‍ കല്യാണം കഴിക്കാതെ പെറ്റതാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പ്രശ്നം. നിങ്ങളുടെ നെഞ്ചത്തടിയും നിലവിളിയും കാണുമ്പോള്‍ സങ്കടം ഉണ്ട്. എന്നുവെച്ച് പറയാനുള്ള കാര്യം പറയണ്ടേ?
അനുപമ നേരിടുന്നത് അതീവ ഗുരുതരമായ ഒരു സദാചാര പ്രശ്നമാണ്. നിങ്ങളില്‍ ചിലര്‍ മനസ്സിലാക്കിയത് പോലെ ലൈംഗിക സദാചാരം അല്ല, മറിച്ച് ഭരണഘടനാ സദാചാരം. There is something called constitutional morality. ഈ വിഷയത്തില്‍ പലരും മൗനം പാലിക്കുകയോ, അല്ലെങ്കില്‍ സര്‍വ കുഴപ്പവും അനുപമയുടേതാണ് എന്ന് നിലപാട് എടുക്കുകയോ ചെയ്യുന്നത് കൗതുകകരമാണ്.
ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ നവംബര്‍ ഒന്നാം തിയതി കോടതി ഉത്തരവിട്ടിട്ടും കല്ലിനു കാറ്റ് പിടിച്ചത് പോലെ ഇരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയെ കൊണ്ട് വരാനുള്ള നടപടിയിലേക്ക് കടന്നത്. വകുപ്പ് തല അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ വീണ്ടും ഒന്‍പത് ദിവസമാണ് ചോദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ആണ് ശിശു ക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) പ്രസിഡന്റ്. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ അഡോപ്ഷന്‍ ലൈസന്‍സിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിച്ചു. 2016 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ ആയിരുന്നു കാലാവധി.
ആഗസ്റ്റിലാണ് അനുപമയുടെ കുട്ടിയെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. കുട്ടിയെ കൈ മാറുമ്പോള്‍ ലൈസന്‍സ് പോലും ഇല്ലായിരുന്നു എന്നര്‍ത്ഥം. അതും കുട്ടിയെ കടത്തികൊണ്ടുപോയി എന്ന അനുപമയുടെ പരാതി നിലനില്‍ക്കുമ്പോള്‍. മുഖ്യമന്ത്രി അധ്യക്ഷനായ ഒരു സ്ഥാപനത്തിന്റെ കാര്യമാണ് പറയുന്നത്.
അനുപമയും അജിത്തും
ജൂലൈ ഒന്ന് മുതല്‍ ശിശു ക്ഷേമ സമിതി ഒരു അനധികൃത ദത്ത് ഏജന്‍സി ആണ്. അങ്ങനെയുള്ള നിരവധി അനധികൃത ദത്ത് കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ കുട്ടികളെ കൈ മാറുന്ന പരിപാടിക്ക് ചൈല്‍ഡ് ട്രാഫിക്കിങ് എന്നാണ് പറയുക. ശിക്ഷാര്‍ഹമായ കുറ്റമാണത്. ലൈസന്‍സ് ഇല്ലാതെ കുട്ടിയെ കൈമാറുന്നത് ശിശുക്കടത്താണ്. ഇവിടെ അത് ചെയ്ത സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്.
‘ഞങ്ങള്‍ കുഞ്ഞിന്റെ അമ്മയോടൊപ്പമാണ് ‘എന്ന് ചുമ്മാ പറഞ്ഞാല്‍ പോരാ. കണ്ടിടത്തോളം, ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒട്ടാകെ അനുപമയോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്നതായേ കരുതാന്‍ കഴിയൂ. കുട്ടിയെ കടത്തി കൊണ്ടുപോയെന്ന് ഏപ്രിലില്‍ അനുപമ പരാതി കൊടുത്തിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയ സി.ഡബ്ല്യൂ.സി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഏപ്രിലില്‍ പരാതി കിട്ടിയിട്ടും ആറ് മാസം കഴിഞ്ഞാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. അതും നിസ്സാര വകുപ്പുകള്‍ ഉള്‍പ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല. ഈ കേസ് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അതിന്റെ പച്ച മലയാളം.
കാരണം അന്വേഷിച്ചാല്‍ ഇതിന് പിന്നില്‍ നടന്നിട്ടുള്ള ക്രിമിനല്‍ ഗൂഢാലോചന പുറത്ത് വരും. താന്‍ തന്നെയാണ് കുട്ടിയെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയതെന്ന് അനുപമയുടെ അച്ഛന്‍ പരസ്യമായി പറഞ്ഞതാണ്. അങ്ങനെ കൈ മാറിയ കുട്ടിയെ അമ്മ തൊട്ടിലില്‍ നിന്ന് കിട്ടിയതാണ് എന്ന് പത്ര പരസ്യം ചെയ്ത് ദത്ത് നല്‍കാന്‍ തീരുമാനിച്ചത് എങ്ങനെ എന്ന് ശിശു ക്ഷേമ സമിതി വിശദീകരിക്കേണ്ടി വരും. അനുപമ നല്‍കിയ പരാതി പൂഴ്ത്തി വെച്ച് ദത്ത് നടപടികളുമായി മുന്നോട്ട് പോയത് എങ്ങനെ എന്ന് സി.ഡബ്ല്യു.സിയും വിശദീകരിക്കേണ്ടി വരും.
നിയമം നടപ്പിലാക്കി പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സ്റ്റേറ്റിന്റെ സംവിധാനങ്ങള്‍ തന്നെ ഇത്രയും ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടും, ചൈല്‍ഡ് ട്രാഫിക്കിങ് എന്ന ഗുരുതരമായ കുറ്റം ചെയ്തിട്ടും പലര്‍ക്കും അനുപമയുടെ സദാചാരം തന്നെയാണ് പ്രശ്നമെങ്കില്‍ ഒന്നും പറയാനില്ല. ചൈല്‍ഡ് ട്രാഫിക്കിങ് നടത്താന്‍ ഒരു ഔദ്യോഗിക സംവിധാനമുള്ള (അതും മുഖ്യമന്ത്രി അധ്യക്ഷനായ) സംസ്ഥാനം എന്ന ബഹുമതി കൂടി കേരളത്തിനാണ് എന്നതില്‍ അഭിമാനിക്കൂ.
മുഖ്യമന്ത്രി പിണറായി വിജയന്‍
മറ്റൊന്ന്, എന്താണ് ഈ ശിശു ക്ഷേമ സമിതി? എന്താണ് അവര്‍ക്കുള്ള അധികാരങ്ങള്‍? കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ എന്ന പേര് കേട്ടാല്‍ എന്താണ് മനസിലാക്കുക? ഒരു സ്റ്റാറ്റിയൂട്ടറി ബോഡി? സര്‍ക്കാരിന്റെ ഒരു വിംഗ് എന്നൊക്കെയല്ലേ? എന്നാല്‍ അതൊന്നുമല്ല ശിശു ക്ഷേമ സമിതി.
ട്രാവന്‍കൂര്‍ കൊച്ചിന്‍ ചാരിറ്റബിള്‍ സ്വസൈറ്റിസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം 1960ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു എന്‍.ജി.ഒ ആണ് ഈ സമിതി. സംസ്ഥാനത്തെ അംഗീകൃത അഡോപ്ഷന്‍ ഏജന്‍സികളില്‍ ഒന്നായി സമിതി പ്രവര്‍ത്തിക്കുന്നു. ജനറല്‍ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ മെമ്പര്‍മാര്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ഒരു എന്‍.ജി.ഒയുടെ പ്രസിഡന്റായി മുഖ്യമന്ത്രിയും വൈസ് പ്രസിഡന്റായി വനിതാ ശിശു ക്ഷേമ മന്ത്രിയുമൊക്കെ ഇരിക്കുന്നത് എങ്ങനെയാണ് എന്ന് അധികൃതരോട് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. റെഡ് ക്രോസ് പോലെ സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായി കണക്കാക്കാം എന്നാണ് പറയുന്നത്. പക്ഷേ കേരള സ്റ്റേറ്റ് എന്നൊക്കെ പേരിടുന്നതിന്റെ സാംഗത്യം എന്താണ്? സര്‍ക്കാരിന്റെ പേരോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഒരു നിയമം ഉണ്ട് നാട്ടില്‍. Emblems and Names (Prevention of Improper )Use Act 1950.
ശിശു ക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒരു രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നത് കുഴപ്പം പിടിച്ച കാര്യമൊന്നുമല്ല. പക്ഷേ അധികാര ദുര്‍വിനിയോഗം നടത്തി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാനായി ആ സ്ഥാനം ഉപയോഗിക്കുമ്പോഴാണ് ഈ ചോദ്യങ്ങള്‍ ഒന്നടങ്കം ഉയര്‍ന്നു വരിക.
അധികാരവും സ്വാധീനവും ഉള്ളവരുടെ വീട്ടകങ്ങളില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ പ്രസവിച്ചാല്‍ കുട്ടികളെ ‘സേഫ്’ ആയി കടത്തി കൊണ്ട് പോകാനുള്ള സംവിധാനമായാണോ ഇത്തരം സമിതികള്‍ പ്രവര്‍ത്തിക്കുന്നത്? ഇതിന് മുന്‍പ് എത്ര കുട്ടികള്‍ ഇങ്ങനെ നിശബ്ദം നാട് കടത്തിപ്പെട്ടിട്ടുണ്ട്? ഭയം കൊണ്ടും നിസ്സഹായത കൊണ്ടും പ്രതികരിക്കാന്‍ കഴിയാതെ പോയ എത്ര അമ്മമാര്‍ ഉണ്ടാകും?
ശിശു ക്ഷേമ സമിതിയുടെ നാളിത് വരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് അനുപമയുടെ കാര്യത്തില്‍ അവര്‍ കൈക്കൊണ്ട നടപടി.
അനുപമക്കൊപ്പമാണ് എന്ന പ്രഖ്യാപനത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സമിതിയിലെയും സി.ഡബ്ല്യു.സിയിലെയും ആരോപണവിധേയരായവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്.
ഈ പ്രശ്നം തുടങ്ങിയിട്ട് നാളിത് വരെ ഒരു രണ്ട് വരി പത്രകുറിപ്പ് കൊണ്ട് പോലും ആരോപണങ്ങള്‍ നിഷേധിക്കാന്‍ ശിശു ക്ഷേമ സമിതി തയ്യാറായിട്ടില്ല. അനുപമയുടെ പരാതി കിട്ടിയിട്ട് എഫ്.ഐ.ആര്‍ ഇടാന്‍ ആറ് മാസം വൈകിയത് എന്തേ എന്ന ചോദ്യത്തിന് ഒരക്ഷരം പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല, സഭയില്‍ പോലും.
ലൈസന്‍സ് ഇല്ലാതെയാണോ കുട്ടിയെ ദത്ത് കൊടുത്തത് എന്ന ചോദ്യത്തിന് ശിശു ക്ഷേമ സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി മറുപടി പറയുമോ? തിരുവനന്തപുരത്തെ ഏതാനും പാര്‍ട്ടി നേതാക്കളുടെ ദുരഭിമാനം സംരക്ഷിക്കാനും ശിശു ക്ഷേമ സമിതിയിലെ കുറ്റാരോപിതരെ രക്ഷിക്കാനും കൂട്ടുനില്‍ക്കുമോ മുഖ്യമന്ത്രി? ഇല്ല എന്ന് തന്നെ ഞാന്‍ ഇപ്പോഴും കരുതുന്നു. കാരണം, നാലോട്ടിന് വേണ്ടി നവോത്ഥാനമൂല്യങ്ങള്‍ ബലി കഴിക്കുകയില്ല എന്ന് താങ്കള്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്.
ശിശു ക്ഷേമ സമിതിയിലെയും ശിശു ക്ഷേമ സമിതിയിലേയും ആരോപണ വിധേയരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാവുമോ?
കുട്ടിയെ കൈമാറുമ്പോള്‍ ലൈസന്‍സ് പോലും ഉണ്ടായിരുന്നില്ല എന്ന സാഹചര്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി വീണ ജോര്‍ജ് പറഞ്ഞാല്‍ പോരാ സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി തന്നെ പറയണ്ടേ?
ഇത്രയും വലിയ ഒരു ‘ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി’ കൈ വന്നിട്ടും പ്രതിപക്ഷം മിണ്ടാതിരിക്കുന്നതില്‍ ഒരത്ഭുതവുമില്ല. അവരുടെ വീടുകളിലും സ്ത്രീകള്‍ ഉണ്ടല്ലോ. അവര്‍ക്ക് പ്രസവിക്കാമല്ലോ. അപ്പോള്‍ ശിശു ക്ഷേമ സമിതി ഉണ്ടല്ലോ.
രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ. സുധാകരന്‍, ഉമ്മന്‍ ചാണ്ടി
നാളിത് വരെ ശിശുക്ഷേമ സമിതി നടത്തിയ മൊത്തം പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തേണ്ടതാണ്. അത് ആവശ്യപ്പെടാന്‍ ആരുമില്ലാത്ത വിധം സംഘടിതമായ മൗനത്തിലാണ് കേരളം. അനുപമയെയും അവരുടെ പങ്കാളിയെയും വിചാരണ ചെയ്ത് കഴിഞ്ഞിട്ട് മറ്റൊന്നിനും സമയവുമില്ല.
ദത്തെടുത്ത മാതാപിതാക്കളുടെ അടുക്കല്‍ നിന്നും ആ കുഞ്ഞിനെ തിരിച്ചു കൊണ്ട് വരുന്നതില്‍ ഹൃദയം പൊട്ടിക്കരയുന്ന കുറെ പേരെയും കണ്ടു. അവരോടാണ്, ഒന്നാമത്തെ കാര്യം ദത്തെടുത്ത മാതാപിതാക്കള്‍ എന്ന പ്രയോഗം ശരിയല്ല. കാരണം ദത്ത് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അവര്‍ക്കിപ്പോള്‍ കുട്ടിയുടെ മേല്‍ ഒരു അവകാശവും ഇല്ല.
എന്തായാലും ആ മാതാപിതാക്കള്‍ വഞ്ചിക്കപ്പെട്ടു. അവരുടെ ഈ ഹൃദയവേദനക്കും സങ്കടത്തിനും ഇടയാക്കിയത് ആരാണ്? അതിന് ഉത്തരവാദികള്‍ ആയവരോടല്ലേ നിങ്ങള്‍ക്ക് രോഷം തോന്നേണ്ടത്? കുട്ടിയുടെ ബയോളജിക്കല്‍ മദറിന് പരാതി ഉണ്ടെന്ന് അറിഞ്ഞു കൊണ്ട്, കുട്ടിയെ ദത്ത് നല്‍കിയ ശിശുക്ഷേമ സമിതി അല്ലേ യഥാര്‍ത്ഥ കുറ്റവാളി?.
സ്വന്തം കുഞ്ഞിനെ തട്ടി എടുത്തതാണെന്നുള്ള അനുപമയുടെ പരാതി ഏപ്രില്‍ മാസത്തില്‍ തന്നെ പൊലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും മുന്നില്‍ എത്തിയതാണ്. അത് പൂഴ്ത്തിവെച്ച് കുട്ടിയെ ദത്ത് കൊടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളോടല്ലേ നിങ്ങള്‍ക്ക് രോഷം ഉണ്ടാകേണ്ടത്?
കുട്ടിയുടെ ബയോളജിക്കല്‍ മദര്‍ അവകാശം ഉന്നയിച്ചിട്ടുണ്ട് എന്ന് ആ ദത്തെടുത്ത മാതാപിതാക്കളെ എങ്കിലും അവര്‍ക്ക് ഒന്നറിയിക്കാമായിരുന്നല്ലോ? അതൊന്നും ചെയ്യാതെ അവരെ പറ്റിക്കുകയല്ലേ ചെയ്തത്? അതിനിടയാക്കിയവരോടല്ലേ നിങ്ങളുടെ രോഷം? അതല്ല, അനുപമയോടാണ് നിങ്ങളുടെ മുറുമുറുപ്പ് എങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം വേറെയാണ്.
ആ മാതാപിതാക്കളുടെ സങ്കടം ഒന്നുമല്ല നിങ്ങളുടെ പ്രശ്നം. നിങ്ങള്‍ അവകാശപ്പെടുന്നത് പോലെ കുട്ടിയുടെ ക്ഷേമവുമല്ല നിങ്ങളുടെ പരിഗണന. മറിച്ച് എല്ലാത്തിനും ഉത്തരവാദി അനുപമയാണ് എന്ന് കരുതാനാണ് നിങ്ങള്‍ക്ക് ഇഷ്ടം. അവള്‍ കല്യാണം കഴിക്കാതെ പെറ്റതാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പ്രശ്നം. നിങ്ങളുടെ നെഞ്ചത്തടിയും നിലവിളിയും കാണുമ്പോള്‍ സങ്കടം ഉണ്ട്. എന്നുവെച്ച് പറയാനുള്ള കാര്യം പറയണ്ടേ?