അവന്‍ അന്ന് ആര്‍.ഡി.എക്‌സിലെ ആ സീന്‍ മര്യാദയ്ക്ക് ചെയ്യണമെന്നും എനിക്ക് ഗുണമുള്ള സീനാണെന്നും പറഞ്ഞു: പെപ്പെ
Entertainment
അവന്‍ അന്ന് ആര്‍.ഡി.എക്‌സിലെ ആ സീന്‍ മര്യാദയ്ക്ക് ചെയ്യണമെന്നും എനിക്ക് ഗുണമുള്ള സീനാണെന്നും പറഞ്ഞു: പെപ്പെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th December 2024, 7:52 am

2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ആന്റണി വര്‍ഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത പെപ്പെ പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകളിലൂടെ മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ആര്‍.ഡി.എക്സിലൂടെ ആക്ഷന്‍ ഹീറോ എന്ന ലേബലും പെപ്പെയ്ക്ക് ലഭിച്ചിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് സോഫിയ പോള്‍ നിര്‍മിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ആര്‍.ഡി.എക്സ്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളെ കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച നടന്‍ അജഗജാന്തരത്തിലെ പ്രിയപ്പെട്ട സീനിനെ കുറിച്ചും ആര്‍.ഡി.എക്‌സിനെ കുറിച്ചും പറയുന്നു.

കഥാപരമായി നോക്കുകയാണെങ്കില്‍ ആര്‍.ഡി.എക്‌സില്‍ താന്‍ വില്ലന്റെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്ന സീനാണ് ഇഷ്ടമെന്നാണ് ആന്റണി വര്‍ഗീസ് പറയുന്നത്. ആ സീന്‍ മര്യാദയ്ക്ക് അടിപൊളിയായി ചെയ്യണമെന്നും അത് തനിക്ക് നന്നായി ഗുണം ചെയ്യുന്ന സീനാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു.

അജഗജാന്തരത്തില്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സീനുണ്ട്. ഞാന്‍ ഓടി വന്നിട്ട് ആനയുടെ പേര് വിളിക്കുന്നുണ്ട്. ആ സമയത്ത് ആന കാല് പൊക്കും. ഞാന്‍ അപ്പോള്‍ കാലില്‍ കുത്തിയിട്ട് തിരിഞ്ഞ് ഇടിക്കുന്ന ഒരു സീനുണ്ട്.

അത് എനിക്ക് ഒരുപാട് പ്രിയപ്പെട്ട സീനാണ്. പിന്നെ കഥാപരമായി ചോദിക്കുകയാണെങ്കില്‍ പറയാനുള്ളത് മറ്റൊരു സീനിനെ കുറിച്ചാണ്. ആര്‍.ഡി.എക്‌സിലെ സീനാണ് അത്, വില്ലന്റെ മാല പൊട്ടിക്കുന്ന സീന്‍.

നഹാസ് ആ സീനിനെ കുറിച്ച് എപ്പോഴും പറയുമായിരുന്നു. ‘ഈ സീന്‍ മര്യാദയ്ക്ക് അടിപൊളിയായി ചെയ്യണം. ഇത് ബ്രോയ്ക്ക് നന്നായി ഗുണം ചെയ്യുന്ന സീനാണ്’ എന്നാണ് നഹാസ് പറയാറുള്ളത്,’ ആന്റണി വര്‍ഗീസ് പറഞ്ഞു.

Content Highlight: Antony Varghese Peppe Talks About RDX and Nahas Hidayath