തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ വിവാദമാകവേ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയില്‍ പരിഭ്രാന്തരായവരുടെ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് ആന്റണി രാജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഒന്നര വര്‍ഷം മുന്‍പ് കേന്ദ്ര ഏജന്‍സികളായ ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ തുടങ്ങിയവര്‍ വിശദമായി അന്വേഷണം നടത്തി യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയില്‍ പരിഭ്രാന്തരായവരുടെ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നില്‍. സ്വപ്നയുടെ പിന്നാലെ പോയി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ യു.ഡി.എഫും ബി.ജെ.പിയും അനുഭവത്തില്‍ നിന്നും പാഠം പഠിക്കാതെ ബിരിയാണിയുടെ പിന്നാലെയാണ് പോകുന്നതെങ്കില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനം പാഠം പഠിപ്പിക്കും. പ്രതിപക്ഷം എത്ര ശ്രമിച്ചാലും സ്വപ്നയുടെ നനഞ്ഞ പടക്കം പൊട്ടാന്‍ പൊകുന്നില്ല,’ ആന്റണി രാജു പറഞ്ഞു.
വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോല്‍പ്പിക്കും വിധം കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടെന്നും സര്‍ക്കാരിനെതിരെ എന്തെല്ലാം കാര്യങ്ങള്‍ പടച്ചുണ്ടാക്കിയിട്ടും ജനം ഒപ്പം നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘അവരവരുടെതായി തുടരും കേട്ടോ, അത് നടക്കട്ടെ. അത് പലരീതിയില്‍ നടക്കും. അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ, ആ ഭാഗത്തേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ 49ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വരുന്ന പുതിയ ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.
നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോല്‍പ്പിക്കും വിധമല്ലേ കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. എന്തെല്ലാം ഏതെല്ലാം തട്ടിക്കൂട്ടി സര്‍ക്കാരിനെതിരെ പടച്ചുണ്ടാക്കി.
എന്തേ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം. ജനങ്ങള്‍ നെഞ്ച് തൊട്ടുപറഞ്ഞു ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണ്. ഏത് ആപത്ഘട്ടത്തിലും ഞങ്ങളെ കൈയൊഴിയാന്‍ തയ്യാറായിട്ടില്ല. അതാണ് ഞങ്ങള്‍ക്ക് ആവശ്യമെന്ന് പറഞ്ഞാണ് സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിയത്,’ പിണറായി പറഞ്ഞു.
സ്വപ്ന സ്വരേഷ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.