ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണയില്‍ അസ്വസ്ഥരായി കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും.
ഇടത് ചിന്താഗതിയില്‍ വിശ്വസിക്കുന്ന ചിലര്‍ സമരത്തില്‍ ‘നുഴഞ്ഞ്’ കയറി കര്‍ഷകരെ സ്വാധീനിക്കുന്നുണ്ടെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആരോപിക്കുന്നത്. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമര്‍ ആരോപിച്ചു.
‘സര്‍ക്കാര്‍ വിജയകരമായി ചര്‍ച്ച ആരംഭിച്ചുവെങ്കിലും ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ കര്‍ഷക യൂണിയന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഈ പ്രതിഷേധത്തെ സ്വാധീനിക്കുന്നു. രാജ്യദ്രോഹികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അപലപനീയമാണ്, ഒരു തീരുമാനത്തില്‍ എത്തുന്നതിന് ഈ ഘടകങ്ങള്‍ തടസ്സമാകുന്നു. ഈ ഘടകങ്ങള്‍ കര്‍ഷകരല്ല, മോദിവിരുദ്ധരാണ്”, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര സിംഗ് തോമര്‍ ആരോപിച്ചു.
കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നതോടെ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അര്‍ധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.
കര്‍ഷകര്‍ ഡിസംബര്‍ 17ന് അകം ഒഴിഞ്ഞു പോയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നും ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റാവോ സാഹേബ് ദാന്‍വെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
എന്നാല്‍, കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക