ശങ്കര്‍ സംവിധാനം നിര്‍വഹിച്ച് വിക്രം നായകനായ സിനിമയാണ് അന്യന്‍. വിക്രമിന്റെ അഭിനയത്താലും സിനിമയിലെ പാട്ടുകളാലും ഇന്നും ഇന്ത്യന്‍ സിനിമ ചര്‍ച്ച ചെയ്യുന്ന ചിത്രം കൂടിയാണ് അന്യന്‍.
നായകനെന്ന പോലെ സിനിമയിലെ നായികയും സിനിമാ ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സദയാണ് സിനിമയിലെ നന്ദിനി കൃഷ്ണ കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
തേജ സംവിധാനം ചെയ്ത ജയം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് സദ സിനിമാരംഗത്തേക്കെത്തുന്നത്. ടോര്‍ച്ച് ലൈറ്റ്, ക്ലിക്ക്, മൊണാലിസ, ഉന്നാലെ ഉന്നാലെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച സദയെ സിനിമ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ല.
ഇക്കാരണത്താല്‍ തന്നെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ‘അന്യനിലെ നന്ദിനി എവിടെ’ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ശങ്കറിന്റെ ഏറ്റവും അവസാനമായി പുറത്തിറക്കിയ ഇന്ത്യന്‍ 2ന്റെ റീലിസിന് മുന്നോടിയായി അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളും കഥാപാത്രങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിലൊരു കഥാപാത്രമായിരുന്നു അന്യനില്‍ സദ ചെയ്ത നന്ദിനിയെന്ന കഥാപാത്രവും.
എന്നാല്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സോഷ്യല്‍ മീഡിയയില്‍ തന്നെയുണ്ട്. കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്ന പോലെ തന്നെ പ്രകൃതിയുടെ ദൃശ്യഭംഗി അനായാസമായി ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവും സദയ്ക്കുണ്ട്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയാണ് സദയുടെ ഇപ്പോഴത്തെ പാഷന്‍. താരം ഇന്‍സ്റ്റഗ്രാമിലും യൂട്യുബിലും പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.
സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുണ്ടെങ്കിലും താരത്തിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയ്ക്ക് ആരാധകര്‍ പിന്തുണ അറിയിക്കുന്നുണ്ട്. ഫോട്ടോഗ്രഫിയോടൊപ്പം വൈല്‍ഡ് ലൈഫ് യാത്രകളിലും താരത്തിന് പ്രിയമുണ്ട്.
Content Highlight: Answer to the question where is the actress in Anniyan movie