കോഴിക്കോട്: പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് ഒരു കേസ് കൂടി എടുക്കും.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ സംസാരിച്ചത്. ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്മേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും.
ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല, എന്ന നിയമം നിലനില്‍ക്കെ പരസ്യമായി പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞതിനായിരിക്കും കേസെടുക്കുക. ഫേസ്ബുക്ക് ലൈവ് സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.
നിലവില്‍ പരാതിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ യുവനടി തേവര പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാല്‍ വിജയ് ബാബുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വിജയ് ബാബു കേരളത്തിലില്ല എന്നും സംസ്ഥാനം വിട്ടു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം വിജയ് ബാബുവിനെ തിരഞ്ഞുകൊണ്ടുള്ള അന്വേഷണത്തിലാണ്.
വിജയ് ബാബു ഗോവയിലെത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഗോവയിലെത്തിയിരുന്നു. എന്നാല്‍ പൊലീസ് അവിടെ എത്തിയപ്പോഴേക്കും വിജയ് ബാബു കടന്നുകളഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഗോവക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് സുപരിചിതനായ ആളായതുകൊണ്ട് അധികകാലം വിജയ് ബാബുവിന് ഒളിവില്‍ കഴിയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്ത് വിജയ് ബാബുവിന്റെ പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചത് എന്നാണ് പരാതി.