western wind
ലൗറിയയിലെ ഒരു ഡിസംബര്‍ സായാഹ്നം
ഡോ.അനൂപ് സാം നൈനാന്‍
2018 Feb 12, 03:04 pm
Monday, 12th February 2018, 8:34 pm

 

നല്ല ഭക്ഷണവും വൈനും പിന്നെ രസകരമായ മലകളും കുന്നുകളുമൊക്കെയുള്ള ഭൂപ്രകൃതി എന്നതൊഴിച്ചാല്‍ തെക്കന്‍ ഇറ്റലിയിലെ ചെറിയൊരു ടൗണിലേക്കു പോകുമ്പോള്‍ എന്തെല്ലാണ് പ്രതീക്ഷിക്കേണ്ടതെന്ന വലിയ ധാരണകളൊന്നും എനിക്കുണ്ടായിരുന്നില്ല. നല്ല തണുപ്പുള്ള, കൃത്യമായി പറഞ്ഞാല്‍ മൂന്നു ഡിഗ്രിസെല്‍ഷ്യസ് എന്ന് ബാല്‍ക്കണിയിലെ തെര്‍മോമീറ്റര്‍ പറഞ്ഞ, മഞ്ഞുമൂടിയ ഡിസംബര്‍ 23 ന് ലൗറിയ എന്ന ഇറ്റാലിയന്‍ ടൗണില്‍ ക്രിസ്തുമസ്സിന്നു തൊട്ടുമുമ്പുള്ള കാഴ്ചകള്‍ക്കും അത്യാവശ്യ ഷോപ്പിംഗിനുമായാണ് ഞാന്‍ പുറത്തിറങ്ങിയത്, സഹയാത്രിക അലെ എന്ന അലെസ്സാന്ദ്രയോടും അവരുടെ അമ്മ മരിയസുന്ദയോടുമൊപ്പം.

സൂപ്പര്‍മാര്‍ക്കറ്റില്‍ നല്ല തിരക്കാണ്. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുവേണ്ട, പ്രത്യേകിച്ച് വാങ്ങാന്‍ മറന്ന അവശ്യവസ്തുക്കളും കുറഞ്ഞുപോകരുത് എന്ന് നിര്‍ബ്ബന്ധമുള്ള പാണ്ടോറോ എന്ന കേക്കും വാങ്ങുന്നവരുടെ തിരക്ക്.

അല്പം ഫ്ളഫിയായ ആയ, നേരിയ മഞ്ഞകലര്‍ന്ന വെളുത്ത നിറമുള്ള, കാരാമല്‍ നിറത്തില്‍ പൊതിഞ്ഞ ഡിലിഡ്രിക്കല്‍ ആകൃതിയിലുള്ള കേക്കാണ് പാണ്ടോറോ. തെറ്റിപ്പോയെന്ന് നമുക്ക് തോന്നുന്നതരത്തില്‍ വലിയൊരു സുതാര്യമായ പേപ്പര്‍ ബാഗിലാണ് അതു പാക്കു ചെയ്തിരിക്കുന്നത്. മേശയില്‍ കൊണ്ടുവന്നതിനുശേഷം ആണ് നമുക്കു മനസ്സിലാവുക എന്തിനാണ് ഇത്രവലിയ ബാഗ് എന്ന്. ആ പേപ്പര്‍ ബാഗ് തുറന്ന് അതില്‍ കുറേയേറെ വാനില ഷുഗര്‍പ്പൊടി വിതറി, തുറന്ന ഭാഗം അടച്ചുപിടിച്ച് കോക്ക്ടെയ്ല്‍ ഷേക്കിംഗിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മൊത്തത്തില്‍ കുലുക്കി ഷുഗര്‍പൗഡര്‍ മൊത്തം പടര്‍ത്തിയ ശേഷം ആണ് പാണ്ടോറോ കൂടിനു പുറത്തിറങ്ങുക.

ടേബിളിലെ വലിയ പരന്ന പാത്രത്തില്‍ താരതമ്യേന വലിയ കഷണങ്ങളായി മുറിച്ചാണ് അത് ഓരോരുത്തരുടേയും മുന്നിലുള്ള ഡിസേര്‍ട്ട് പ്ലേറ്റിലെത്തുക. കേക്കിനുവേണ്ട സാധാരണ ചെറിയ ഫോര്‍ക്ക് ഉപയോഗിക്കാതെ, വാനില ഷുഗര്‍പൗഡര്‍ കൈവിരലുകളില്‍ നിറയെ പടര്‍ത്തി ചെറിയ കഷണങ്ങളായി അകത്താക്കുക എന്നതാണ് അതിഥി ധര്‍മ്മം.

സൂപ്പര്‍മാര്‍ക്കറ്റിലും പിന്നീട് ബേക്കറികളിലും കണ്ട പാണ്ടോറോയും അതിന്റെ മറ്റൊരു രൂപമായ പനെറ്റോനെയും അടുത്ത ദിവസങ്ങളില്‍ എത്രത്തോളം എന്റെ ജീവിതത്തില്‍ ഭാഗമാകുമെന്ന് ഞാന്‍ കരുതേണ്ടിയിരുന്നു. ഭക്ഷണത്തിന്റെ ഓരോ കോഴ്സും പലതവണ വിളമ്പുക, അതിഥിയെ നിര്‍ബ്ബന്ധിച്ചു കഴിപ്പിക്കുക എന്നത് മിക്ക ഏഷ്യന്‍ സമൂഹങ്ങളിലെന്നപോലെ തെക്കന്‍ യൂറോപ്പിലെയും മെഡിറ്ററേനിയന്‍ സമൂഹങ്ങളിലേയും ഒരു രീതിയാണ്. ഈ ഓരോരോ ഭക്ഷണവസന്തങ്ങളും പാണ്ടോറോയിലും അതിനുശേഷം എസ്പ്രെസോയിലുമാണ് അവസാനിക്കുക.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൊതുവെ അനോണിമസ് ആയ കച്ചവട കേന്ദ്രങ്ങളാണ്. പരസ്പരം വര്‍ത്തമാനം പറയേണ്ടാത്ത ആരും സാധനങ്ങള്‍ എടുത്തുതരാന്‍ ആവശ്യമില്ലാത്ത, നേരിട്ടു സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ആധുനിക കച്ചവട ഇടങ്ങള്‍. തെക്കന്‍ ഇറ്റലിയിലെ ചെറിയൊരു ടൗണില്‍ എത്തുമ്പോഴേക്ക് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഈ സമവാക്യങ്ങളൊക്കെ എവിടെയോ പോയ്മറയും.

ഉള്ളിലേക്കു കയറുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ എനിക്കു ബോദ്ധ്യപ്പെട്ടു. ഒട്ടുമിക്ക പേരോടും മരിയസുന്ദയും അലെയും സംസാരിക്കുന്നുണ്ട്. കാര്യമായിത്തന്നെ. കൂടെ, എന്നെ പരിചയപ്പെടുത്തുന്നുമുണ്ട്. എന്റെ ഇറ്റാലിയന്‍ പരിജ്ഞാനം വട്ടപ്പൂജ്യം ആയതുകൊണ്ടും പരിചയപ്പെട്ട ഒട്ടുമിക്കപേരുടേയും ഇംഗ്ലീഷ് പരിജ്ഞാനം എന്റെ ഇറ്റാലിയനു തുല്യമായതുകൊണ്ടും ചാവോ എന്ന ഒരു വാക്കില്‍ എന്റെ സംഭാഷണം ഒതുങ്ങി.

താരതമ്യേന നല്ല ഉയരവും ബ്രൗണ്‍നിറവും എന്നെ ചെറിയതോതില്‍ ഒരു പ്രദര്‍ശനവസ്തുവാക്കുന്നുണ്ട് എന്നു ഞാനറിഞ്ഞു. ഷെല്‍ഫുകളുടെ അരികില്‍ നിന്ന് ഒളികണ്ണിട്ടു നോക്കുന്ന ചെറിയ കുട്ടികള്‍ക്കും “അറിയാതെ” എന്റെ മുന്‍പിലേക്ക് ഷോപ്പിംഗ്കാര്‍ട്ടുമായി വന്ന് പെട്ടെന്ന് നിര്‍ത്തിയ ചുരുണ്ട സ്വര്‍ണ്ണമുടിയുള്ള സുന്ദരിക്കുമൊക്കെ.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങി മരിയസുന്ദയുടെ ചെറിയ കാറില്‍ സിറ്റിസെന്ററില്‍ എത്തിയപ്പോഴേക്കും നമുക്കൊരു അപ്പെരിറ്റിവോ കഴിക്കാം എന്നായി അലെ. “ഒരു ചായ കുടിച്ചേക്കാം” എന്ന് പറയുന്ന അതേമട്ടിലാണ് “അപ്പെരിറ്റിവോ ആവാം” എന്ന് പറയുക. പ്രാതലിനുശേഷം എപ്പോള്‍ വേണമെങ്കിലുമാവാം. അല്പം ചവര്‍പ്പുള്ള ഒരു ഡ്രിങ്കും ചീസും ഒലിവും കൊത്തിക്കൊറിക്കാനുള്ള കുറച്ച് നട്ട്സോ സ്നാക്സോ സാന്‍വിച്ചുകളോ ഒക്കെയാണ് അപ്പെരിറ്റിവോയുടെ വരവ് സുഹൃത്തുക്കളെ കാണാനും വെടിവട്ടം പറയാനും അപ്പെരിറ്റിവോ ആണ് പൊതുവെ കൂട്ട്.

റൊജേറോ എന്ന ബാറിലേക്കാണ് നമ്മളെത്തിയത്. ബാറെന്നാല്‍ കാപ്പിയും മദ്യവും ലഘുഭക്ഷണങ്ങളുമൊക്കെ കിട്ടുന്ന സാധാരണ ചായക്കട. റോജേറോ യഥാര്‍ത്ഥത്തില്‍ അതിന്റെ പഴയപേരാണ്, അലെയും സുഹൃത്തുക്കളും മരിയസുന്ദയുമൊക്കെ ഇപ്പോഴും റോജേറോ എന്നു വിളിക്കുന്ന ഈ ബാറിനു ഹാപ്പിമൊമെന്റ്സ് എന്നാണ് ഇപ്പോഴത്തെ പേര്. യൂറോപ്പില്‍ പലയിടത്തും പരസ്യങ്ങളിലും പേരുകളിലുമൊക്കെ ഇംഗ്ലീഷ് പേരുകള്‍ കടന്ന് വരുന്നത് പുതിയ ആഗോളവത്കരണമായാണ് ചിലരെങ്കിലും കാണുന്നത്.

റോജേറോയിലേക്കു കയറിച്ചെല്ലുമ്പോള്‍ നേരെ മുമ്പില്‍ ഝിയോപൗളോ. ഝിയോ എന്നാല്‍ അമ്മാവന്‍. ഝിയോപൗളോയെപ്പറ്റി എത്രയോ തവണ കേട്ടിരിക്കുന്നു. ഇങ്ങനെയാവും ആദ്യമായി കണ്ടുമുട്ടുക എന്ന് ഞാന്‍ കരുതിയിരുന്നതേയില്ല. കറുത്ത ടീഷര്‍ട്ടിനു മുകളില്‍ ചാരനിറമുള്ള സ്യൂട്ടും കഴുത്തില്‍ മഞ്ഞ സ്‌കാര്‍ഫും കറുത്ത സണ്‍ഗ്ലാസും ഒക്കെയായി ഏതോ ഇറ്റാലിയന്‍ സിനിമയിലെ വില്ലനെ ഓര്‍മ്മിപ്പിച്ചു എഴുപതിലധികം വയസ്സുള്ള അലെയുടെ അങ്കിള്‍ പൗളോ. മുമ്പില്‍ കുടിച്ചു തീര്‍ത്ത രണ്ട് എസ്പ്രെസോ കപ്പുകള്‍. റോജേറോയിലെ സ്ഥിരക്കാരനാണെന്നമട്ടിലെ സ്വാഭാവിക ചലനങ്ങള്‍. ഞങ്ങളെ കണ്ടതോടെ മറ്റൊരു വലിയ മേശയിലേക്കുമാറി, ഓരോരുത്തരേയും ഇടത്തെയും വലത്തെയും കവിളില്‍ ഉമ്മ വെച്ച് ആശ്ലേഷിച്ചിരുത്തി. മുഖവും കണ്ണുകളും കൈകളും ഒക്കെക്കൂടി ഇടകലര്‍ത്തി സംസാരിക്കുന്ന ലൗറിയോത്ത എന്ന ഭാഷയുടെ കുത്തൊഴുക്കില്‍ ഗാസ്സോസ എന്നു വിളിപ്പേരുള്ള, മെനുവില്‍ എഴുതിച്ചേര്‍ക്കാത്ത ഗാസ്സോസ്സ ഡിലൗറിയ എന്ന ലൗറിയയുടെ സ്വന്തം അപ്പെരിറ്റിവോയുടെ ഗ്ലാസുകള്‍ പലതവണ ഒഴിഞ്ഞുനിറഞ്ഞു, പാര്‍മിജാനോ എന്ന ചീസിനും പച്ച ഒലിവുകള്‍ക്കുമൊപ്പം. കഥകള്‍ക്കിടെ അലെയുടെ തര്‍ജ്ജമ അറിയാതെ പലതവണ മുറിഞ്ഞു.

തൊട്ടരികിലെ മേശയില്‍ നാലഞ്ചു യുവതീയുവാക്കള്‍ കാര്യമായി എന്തോ സംസാരിക്കുകയും വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ഞാനവരെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയ അലെ പറഞ്ഞു “അവര്‍ സംസാരിക്കുന്നത് പൊട്ടേരെ അല്‍പൊപ്പോളൊയെപ്പറ്റിയാണ്”.

പൊട്ടേരെ അല്‍പൊപ്പോളോ അഥവാ അധികാരം ജനങ്ങളിലേക്ക് എന്നത് ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ പുതിയ പാര്‍ട്ടിയാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ അതി പ്രബലമായ സ്വാധീനവും സാമ്പ്രദായിക ഇടതുപക്ഷത്തിന്റെയും സോഷ്യല്‍ ഡമോക്രസിയുടെയും മുന്‍പെങ്ങുമില്ലാത്ത തളര്‍ച്ചയും യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും വലതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് കുറേ വര്‍ഷങ്ങളായി കാരണമായി. ദേശീയവാദവും യൂറോപ്യന്‍ യൂണിയന്റെ നയങ്ങളെപ്പറ്റിയുള്ള വിമര്‍ശനവുമെല്ലാം കൂടുതല്‍ സ്വീകാര്യത നേടിയെടുക്കുന്ന അതേ അവസരത്തില്‍ സാമ്പ്രദായിക വഴികളില്‍ നിന്നൊഴിഞ്ഞുമാറി പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പലയിടങ്ങളിലും ചിറകുമുളച്ചു. സ്പെയിനില്‍ പൊഡെമോസും ഗ്രീസില്‍ സിരിഝയും ഒക്കെപ്പോലെ പുതുതായി രൂപപ്പെടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇറ്റാലിയന്‍ മുഖമാണ് പൊട്ടേരേ അല്‍ പൊപ്പോളോ. ഇതേ രാഷ്ട്രീയ പ്രതിഭാസത്തിന്റെ മദ്ധ്യവര്‍ത്തി രൂപമാണ് ഫ്രാന്‍സില്‍ ഭരണത്തിലെത്തിയ ഇമ്മാനുവല്‍ മക്രോണ്‍ നേതൃത്വം നല്‍കുന്ന ഓങ് മാര്‍ച്ച്.

“”മുപ്പത്തിയഞ്ച് ശതമാനത്തോളം ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ, തൊഴിലുള്ളവര്‍ക്ക്, മുഴുവന്‍ സമയം പണിചെയ്താലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥ, ഒരു തരത്തിലും സാധാരണക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത ഇടതും വലതും മധ്യവര്‍ത്തിയുമായ രാഷ്ട്രീയ പാര്‍ട്ടികള്‍- ഇങ്ങനെയെന്തെങ്കിലുമൊന്ന് ഉണ്ടായില്ലെങ്കില്‍ ഈ നാട് ഇല്ലാതാകും””- അലെ പറഞ്ഞു.

“”ഇന്നത്തെ സാധാരണ ഇറ്റാലിയന്‍ കുടുംബങ്ങളില്‍ പ്രായമേറെയായെങ്കിലും ജോലി ചെയ്യുന്ന അച്ഛനോ അമ്മയോ ഉണ്ടാകും. കാരണം പെന്‍ഷന്‍ പ്രായം നിരന്തരമായി കൂടിക്കൊണ്ടിരിക്കുന്നു. രോഗത്തിലും ദുരിതത്തിലും അവര്‍ക്ക് മക്കളേയും പോറ്റേണ്ടി വരുന്നു. ജോലിയില്ലാത്ത ചെറുപ്പക്കാര്‍ വീടുകളില്‍ കഴിയുന്നു. ഇതിനൊക്കെ മാറ്റമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞാല്‍…””-അലെയുടെ വാചകം ഇടയക്ക് മുറിഞ്ഞു. പിന്നീട് പുറത്തിറങ്ങി കാറിനടുത്തേയ്ക്ക് നടക്കുമ്പോള്‍ വലിയൊരു ബില്‍ഡിംഗ് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. “ദാ അതായിരുന്നു ഞങ്ങളുടെ ടൗണ്‍ ലൈബ്രറി. അവിടുത്തെ പുസ്തകങ്ങളിലൂടെയാണ് ഞാന്‍ ലോകത്തെ പറ്റി ആദ്യമറിഞ്ഞത്.. അത് പൂട്ടിപ്പോയിട്ട് പത്തുപന്ത്രണ്ട് വര്‍ഷമായി””..

പഴയ രീതികളില്‍ നിന്നൊഴിഞ്ഞുമാറി, സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടുള്ള ഗ്രാസ്റൂട്സ് സംഘടനാ ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയസംസ്‌കാരത്തെ തിരുത്തിയെഴുതാനാണിവര്‍ ശ്രമിക്കുന്നത്. ലൗറിയോത്തയുടെ ആംഗിക ഭാഷയില്‍ അവരുടെ സംഭാഷണം അധികമൊന്നും എനിക്കു മനസ്സിലായില്ല. എങ്കിലും ഇറ്റലിയുടെ മുക്കിലും മൂലയിലും പടരുന്ന പുതിയ രാഷ്ട്രീയത്തെ ഞാന്‍ നേരിട്ടുകാണുകയായിരുന്നു ആദ്യമായി. മാര്‍ച്ചില്‍ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണവര്‍.

ലൗറിയോത്ത എന്ന ഭാഷയും എനിക്കു രസകരമായിത്തോന്നി. പതിമൂവ്വായിരത്തില്‍ താഴെ ജനങ്ങള്‍ ജീവിക്കുന്ന ഈ ടൗണിനുമാത്രമായി ഒരു ഭാഷ. അതില്‍ത്തന്നെ, ടൗണിന്റെ മുകള്‍ഭാഗത്ത് പഴയ കോട്ടയ്ക്ക് ചുറ്റുമുള്ള ലൗറിയ സുപീരിയോറെ എന്ന ഭാഗത്ത് ജീവിക്കുന്ന പഴയ വരേണ്യവിഭാഗക്കാരുടെ പിന്തുടര്‍ച്ചക്കാരും അങ്ങു മലമടക്കുകള്‍ക്കു താഴെ ലൗറിയ ഇന്‍ഫീരിയോറെയില്‍ ജീവിക്കുന്ന “സാധാരണക്കാരും” സംസാരിക്കുന്നത് ലൗറിയോത്തയുടെ രണ്ടു വ്യത്യസ്ത ഡയലക്ടുകള്‍!

ഇപ്പോഴും ഈ അതിര്‍വരമ്പുകള്‍ നിലനില്ക്കുന്നുണ്ടോ, എനിക്കു കൗതുകമായി. പിന്നീടൊരു രാത്രി സുഹൃത്തുക്കളോടൊപ്പം ലൗറിയ ഇന്‍ഫീരിയോറെയിലെ ഒരു പബ്ബിലേക്ക് പോവുമ്പോള്‍ ഐസ്സ്‌കേറ്റു ചെയ്യുന്ന ഒരു ഗ്രൗണ്ട് ചൂണ്ടിക്കാണിച്ച് അലെ പറഞ്ഞു. “ഇത് ഇന്‍ഫീരിയോറെയലേ വിജയിക്കൂ. സുപ്പീരിയോറെയില്‍ ആരെങ്കിലും ഇങ്ങനെയൊന്നു തുടങ്ങിയാല്‍ ആളില്ലാതെ പൂട്ടിപ്പോവും”. വ്യത്യസ്തമായ സംസ്‌കാരങ്ങള്‍. ഇപ്പോഴും അദൃശ്യമായി നിലനില്‍ക്കുന്ന അതിര്‍വരമ്പുകള്‍! ഭാഷയില്‍ അടിസ്ഥാനപ്പെടുത്തി രൂപം കൊടുത്ത വെസ്റ്റ് ഫാലിയന്‍ രാഷ്ട്രസങ്കല്പത്തിന്റെ മധുരമായ അപവാദം ആണ് ആധുനിക ഇറ്റലി. വളരെ വ്യത്യസ്തമായ ഭാഷകളും ഡയലക്ടുകളും ഒക്കെയായി തുന്നിക്കൂട്ടപ്പെട്ടിരിക്കുന്ന ഒരു രാജ്യം.

ഝിയോ പൗളോ എന്നെപ്പറ്റി എന്തൊക്കെയോ ചോദിച്ചറിയുന്നുണ്ടായിരുന്നു. അതൊക്കെ തര്‍ജ്ജമ ചെയ്യുന്നതിനിടെ ദൂരെ ഭിത്തിയിലുള്ള ഒരു പെയിന്റിംഗ് ചൂണ്ടിക്കാണിച്ച് അലെ പറഞ്ഞു, “ആ പെയിന്റിംഗ് ഝിയ റ്റെറ്റ വരച്ചതാണ്”. ഝിയ റ്റെറ്റ അലെയുടെ സ്വന്തം അമ്മായി. ഝിയോ പൗളോ അലെയുടെ അമ്മാവനായത് ഝിയ റ്റെറ്റയെ കല്യാണം കഴിച്ചതിലൂടെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വഴിപിരിഞ്ഞ ഝിയ റ്റെറ്റയുടെയും ഝിയോ പൗളോയുടെയും കൂടെ ചെലവഴിച്ച ബാല്യകാലം അലെയുടെ ജീവിതത്തില്‍ ഇന്നും സുന്ദരമായ ഓര്‍മ്മയാണ്.

ഝിയ റ്റെറ്റ വരച്ച പെയിന്റിംഗ് തൂങ്ങുന്ന ചുവരുകളുള്ള റോജേറോ ബാറില്‍ എങ്ങനെയായിരിക്കും ഝിയോ പൗളോ എന്നും എത്തുക, ദുഃഖം കടിച്ചമര്‍ത്തിയായിരിക്കുമോ?- ഞാന്‍ അലെയോട് ചോദിച്ചു, “ഏയ് അല്ല, അതൊരു അനശ്വര പ്രണയമാണ്” അലെ കണ്ണിറുക്കിപ്പറഞ്ഞു.

പരസ്പരം അത്യധികം സ്നേഹിക്കുകയും പിന്നീട് ജീവിതം വ്യത്യസ്ത ദിശകളിലേക്ക് മാറുന്നു എന്നു മനസ്സിലാക്കി പരസ്പരം സംസാരിച്ച് വേര്‍പിരിയാന്‍ തീരുമാനിക്കുകയും അതിനുശേഷം വ്യത്യസ്ത ബന്ധങ്ങളിലായിട്ടും സ്നേഹവും ഊഷ്മളതയും നിലനില്‍ത്തുകയും ചെയ്യുന്ന ഝിയ റ്റെറ്റയും ഝിയോ പൗളോയും എങ്ങനെയാണ് അനശ്വര പ്രണയമല്ലാതാവുക? റോജേറോയില്‍ നിന്നിറങ്ങുമ്പോള്‍ ഝിയോപൗളോയുടെ ആശ്ലേഷത്തിന്ന് ഇറ്റാലിയന്‍ സിനിമാവില്ലന്മാര്‍ കാണിക്കാന്‍ സാദ്ധ്യതയില്ലാത്ത വല്ലാത്തൊരു ഊഷ്മളത എനിക്കു തോന്നി. ചാവോ……

 

ബെര്‍ളിന്‍ ആസ്ഥാനമായ, എഡ്യുക്കേഷന്‍ സ്റ്റാര്‍ട്ട്അപ് “The Insightist”ന്റെ മേധാവിയാണ് ലേഖകന്‍. യൂറോപ്പിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.