തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയപ്പെട്ടുവെന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ.
” കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടതോല്‍വിയാണ് ഈ സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യം പരിശോധിക്കുമ്പോള്‍ സ്ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷന്മാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട് അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നത്,” ആനിരാജ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച നടപടിയിലും ആനി രാജ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കോണ്‍ഗ്രസിന്റെ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് ശരിയായില്ല എന്നാണ്. സ്ത്രീകള്‍ ഏത് രീതിയില്‍ പ്രതിഷേധിക്കണമെന്നത് പോലും പുരുഷന്മാരുടെ മനോനിലയ്ക്ക് അനുസരിച്ചായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം. അതൊരു സ്ത്രീവിരുദ്ധ സമീപനമാണെന്ന് ആനി രാജ പറഞ്ഞു.
ഞായറാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ വനിതകള്‍ക്ക് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും. എ.ഐ.സി.സി അംഗത്വവും അവര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ലതികാ സുഭാഷ് അറിയിച്ചിരുന്നു.
മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ഒമ്പത് വനിതകളെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്.
സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 11 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. സി.പി.ഐയില്‍ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സരിക്കുന്നത്. അതേസമയം ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതും വലിയ ചര്‍ച്ചയായിരുന്നു.