'അഞ്ച് തവണ കത്ത് അയച്ചിട്ടും മറുപടിയില്ല'; കര്‍ഷകര്‍ക്കുള്ള താങ്ങുവില കൂട്ടിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് മോദിയോട് അണ്ണാഹസാരെ
farmers protest
'അഞ്ച് തവണ കത്ത് അയച്ചിട്ടും മറുപടിയില്ല'; കര്‍ഷകര്‍ക്കുള്ള താങ്ങുവില കൂട്ടിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് മോദിയോട് അണ്ണാഹസാരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th January 2021, 10:22 pm

മുംബൈ: കേന്ദ്രത്തിന്റെ കര്‍ഷകനിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലോക്പാല്‍ സമരനായകന്‍ അണ്ണാഹസാരെ രംഗത്ത്. നിലവിലെ താങ്ങുവില നിരക്കില്‍ മാറ്റം വരുത്തി മുടക്കുമുതലിനെക്കാള്‍ അമ്പത് ശതമാനം താങ്ങുവില കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.

ഇനിയും ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനുവരി അവസാനവാരം നിരാഹാരസമരം നടത്തുമെന്ന് അണ്ണാഹസാരെ പറഞ്ഞു.

‘ഇതുവരെ അഞ്ച് തവണയാണ് ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിങ്ങള്‍ക്ക് കത്ത് അയച്ചത്. ഒരു ഉത്തരവും ലഭിച്ചില്ല. അതിനാല്‍ ജനുവരി അവസാനവാരം നിരാഹാര സമരം നടത്തും. സമരവേദിയായി രാംലീല മൈതാനം വിട്ടുകിട്ടാന്‍ അധികൃതര്‍ക്ക് നാല് തവണയാണ് കത്ത് അയച്ചത്. അതിനും ഉത്തരം ലഭിച്ചിട്ടില്ല’, ഹസാരെ പറഞ്ഞു.

അതേസമയംകേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞിരുന്നു.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് സമിതിയില്‍ നിന്നും മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെച്ചതും വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Anna Hazare On Farm Law