ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ സംഘടിപ്പിക്കുന്ന ബഹുജന മുന്നേറ്റത്തില്‍ പങ്കെടുക്കണമെന്ന ദല്‍ഹി ബി.ജെ.പി അധ്യക്ഷന്റെ ആവശ്യം തള്ളി അണ്ണാ ഹസാരെ. തന്നോട് പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്ത അഭ്യര്‍ത്ഥിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് ഗുപ്ത, അണ്ണാ ഹസാരെയ്ക്ക് കത്തയച്ചത്. എന്നാല്‍ ഒരു മുന്നേറ്റത്തിന് കരുത്തോ സമ്പത്തോ ഇല്ലാത്ത തന്നെ ക്ഷണിച്ചത് ശരിയായില്ലെന്ന് അണ്ണാ ഹസാരെ ഫേസ്ബുക്കില്‍ കുറിച്ചു.
‘ആറ് വര്‍ഷമായി ബി.ജെ.പി രാജ്യം ഭരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന ബി.ജെ.പി യാതൊരു അധികാരവുമില്ലാത്ത ഈ 83 കാരനായ ഫക്കീറിനെ വിളിച്ചത് നിര്‍ഭാഗ്യകരമാണ്’, അണ്ണാ ഹസാരെ പറഞ്ഞു.
കേന്ദ്രത്തിന് കീഴിലാണ് ദല്‍ഹിയെന്നും അവിടത്തെ സര്‍ക്കാര്‍ അഴിമതി നടത്തുന്നെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് നിയമനടപടി സ്വീകരിച്ച് കൂടെയെന്നും അണ്ണാ ഹസാരെ ചോദിച്ചു.
ലോക്പാല്‍ സമരം പോലെ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി അണ്ണാ ഹസാരെയെ സമീപിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക