പൂനെ: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള നിരാഹാര സത്യാഗ്രഹം റദ്ദാക്കി ലോക്പാല്‍ നായകന്‍ അണ്ണാഹസാരെ. ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഹസാരെയുടെ പ്രഖ്യാപനം.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് അയച്ച കത്തിന് അനുകൂല മറുപടി വന്നെന്നും അതിനാലാണ് സത്യാഗ്രഹം റദ്ദാക്കുന്നതെന്നും ഹസാരെ പറഞ്ഞു.
‘നിരവധി പ്രശ്‌നങ്ങള്‍ക്കായി ഞാന്‍ പ്രക്ഷോഭം നയിച്ചിട്ടുണ്ട്. സമാധാനപരമായി സമരം നടത്തുന്നത് ഒരു കുറ്റമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുന്നു. വിളകള്‍ക്ക് കൃത്യമായ വില കിട്ടാത്തത് കാരണം ഇന്ത്യയിലെ പല കര്ഷകരും ആത്മഹത്യ ചെയ്യുകയാണ്. ഇപ്പോഴിതാ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്നു. താങ്ങുവിലയില്‍ അമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്ന് കേന്ദ്രം എനിക്ക് ഉറപ്പു നല്‍കി’, ഹസാരെ പറഞ്ഞു.
ഇതിനു പുറമെ കര്‍ഷകരുടെ മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തയച്ചെന്നും അതിന് അനുകൂലമായ മറുപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഹസാരെ പറഞ്ഞു. അതിനാല്‍ ശനിയാഴ്ച നടത്താനിരുന്ന നിരാഹര സമരം റദ്ദാക്കുന്നതായും ഹസാരെ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് കര്‍ഷക സമരം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന് ഹസാരെ കത്തയച്ചത്.
സി.എ.സി.പി കമ്മീഷന് സ്വയംഭരണാധികാരം നല്‍കുക, എം.എസ്.പി സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീരുമാനം ഉടനെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കത്ത്. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും ഹസാരെ പറഞ്ഞിരുന്നു.
അതേസമയം ഖാസിപ്പൂരിലും മുസാഫിര്‍ നഗറിലും കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം രാത്രിയോടെ യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
ഇതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് സംവിധാനം പിന്‍വലിച്ചും കുടിവെള്ളം നിര്‍ത്തലാക്കിയും സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കുടിവെള്ള സംവിധാനം കെജ്‌രിവാള്‍ സര്‍ക്കാര്‍ പുന:സ്ഥാപിച്ച് നല്‍കിയിരുന്നു.
അതേസമയം ദല്‍ഹിയില്‍ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സമരം അവസാനപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് അക്രമണങ്ങള്‍ അഴിച്ച് വിട്ടത്.
കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം. സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസാഫിര്‍ നഗറില്‍ വെള്ളിയാഴ്ചയോടെ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തിരുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്. ശനിയാഴ്ച ഖാസിപ്പൂരിലെത്തുമെന്നും പ്രക്ഷോഭത്തില്‍ അണിചേരുമെന്നും കര്‍ഷകര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക