ആ നടിയുടെ രണ്ട് മലയാള ചിത്രങ്ങളും ഞാൻ കണ്ടതിന് ഒരു കണക്കുമില്ല: അന്ന ബെൻ
Entertainment
ആ നടിയുടെ രണ്ട് മലയാള ചിത്രങ്ങളും ഞാൻ കണ്ടതിന് ഒരു കണക്കുമില്ല: അന്ന ബെൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 9:39 pm

മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍. നാല് വര്‍ഷത്തെ കരിയറില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രം ചെയ്ത അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൈയടി നേടിയ കൂട്ടുകാലി എന്ന തമിഴ് ചിത്രത്തിലും അന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി എന്ന ചിത്രത്തിലെ അന്നയുടെ പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപികാ പദുകോണ്‍ തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രത്തില്‍ അന്ന അവതരിപ്പിച്ച കൈറ എന്ന കഥാപാത്രം ഒരുപാട് കൈയടികള്‍ നേടി. ഡിസ്റ്റോപ്പിയന്‍ ലോകത്തെ യോദ്ധാവായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ചിത്രത്തിൽ ശോഭനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശോഭനയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അന്ന ബെൻ. ചെറുപ്പം മുതൽ താനൊരു ശോഭന ഫാനാണെന്നും മണിച്ചിത്രത്താഴും മിന്നാരവുമെല്ലാം താൻ ഒരുപാട് വട്ടം കണ്ടിട്ടുണ്ടെന്നും അന്ന ബെൻ പറയുന്നു. കപ്പേള എന്ന ചിത്രത്തെ കുറിച്ചും ശോഭന സംസാരിച്ചെന്ന് അന്ന ബെൻ പറഞ്ഞു. വി.ആർ. ജ്യോതിഷിന് നൽകിയ അഭിമുഖത്തിൽ വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു അന്ന ബെൻ.

‘കുട്ടിക്കാലം മുതലേ ഞാനൊരു ശോഭന ഫാൻ ആണ്. മണിച്ചിത്രത്താഴും മിന്നാരവുമൊക്കെ എത്ര തവണ കണ്ടു എന്ന് എനിക്കു തന്നെ അറിയില്ല. മുമ്പ് ഒരു തവണ സംസാരിച്ചിട്ടുണ്ട്. അന്നു ഞാൻ പറഞ്ഞു. ഞാൻ മാഡത്തിന്റെ ആരാധികയാണ്. എനിക്ക് ഒരു സീനിൽ എങ്കിലും ഒപ്പം അഭിനയിക്കണം എന്നു മോഹമുണ്ട്.

കപ്പേളയിൽ അഭിനയിച്ച കുട്ടിയല്ലേ താൻ. അതിനെന്താ അവസരം വരട്ടെ നമുക്ക് ഒരുമിച്ച് അഭിനയിക്കാമല്ലോ എന്നും പറഞ്ഞിരുന്നു. കൽക്കിയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഞാനിക്കാര്യം ഓർമിപ്പിച്ചു.

ഞങ്ങൾ രണ്ടുപേരും ഉള്ള മൂന്നാലു സീനുകൾ എടുത്തിട്ടുണ്ടായിരുന്നു. പക്ഷേ. അതൊന്നും സിനിമയിൽ വന്നില്ല. ഇനി മലയാളത്തിൽ ഒരു സിനിമയിൽ എങ്കിലും ഒന്നിച്ച് അഭിനയിക്കാൻ കഴിയണേ എന്നു പ്രാർഥിക്കുന്നു,’അന്ന ബെൻ പറയുന്നു.

 

Content Highlight: Anna Ben Talk About Talk About Shobhana