എണ്‍പതുകളുടെ തുടക്കത്തില്‍ ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് അഞ്ജു പ്രഭാകര്‍. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ നായികയായി മാറാനും അഞ്ജുവിന് സാധിച്ചിരുന്നു. താഴ്വാരം, കൗരവര്‍, മിന്നാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുവന്ന പരാമര്‍ശങ്ങളും ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അഞ്ജു. നമുക്ക് ഇഷ്ടമുള്ളതിനോട് യെസും ഇഷ്ടമല്ലാത്തതിനോട് നോയും പറയണമെന്നും ആരും നിര്‍ബന്ധിക്കില്ലെന്നും നടി പറയുന്നു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അഞ്ജു.
പണ്ട് ഇതുപോലുള്ള ചില പ്രശ്നങ്ങള്‍ താനും നേരിട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും നടി പറഞ്ഞു. പ്രശ്നങ്ങളെ തന്റേതായ രീതിയില്‍ കൈകാര്യം ചെയ്യുകയായിരുന്നെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് ഇഷ്ടമുള്ളതിനോട് യെസും ഇഷ്ടമല്ലാത്തതിനോട് നോയും പറയണം. ഈ ഇന്‍ഡസ്ട്രി എന്താണെന്ന് എല്ലാവര്‍ക്കും നന്നായിട്ടറിയാം. ചെയ്യാന്‍ ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങളാണെങ്കില്‍ ചെയ്യില്ല എന്നുതന്നെ പറയണം. ആരും നിര്‍ബന്ധിക്കില്ല.
പണ്ട് ഇതുപോലുള്ള ചില പ്രശ്നങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. പ്രശ്നങ്ങളെ എന്റേതായ രീതിയില്‍ കൈകാര്യം ചെയ്തു. അന്നൊന്നും കാരവാനില്ല. ലൊക്കേഷനടുത്തുള്ള വീടുകളില്‍ നിന്നാണ് മേക്കപ്പും ഡ്രസ് ചെയ്ഞ്ചുമൊക്കെ നടത്തിയിരുന്നത്.
ഇപ്പോള്‍ പണ്ടത്തെ നടിമാര്‍ക്കെതിരെ നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. ഞങ്ങളൊക്കെ ഒരുപാട് അനുഭവിച്ചു, എന്നിട്ടും പരാതി പറഞ്ഞില്ലെന്നാണ് പറയുന്നത്. ഞങ്ങള്‍ ഡിമാന്‍ഡ് ചെയ്യാറില്ലായിരുന്നു. കാരണം അത്രയ്ക്ക് സൗകര്യങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ. ആണിനും പെണ്ണിനും എല്ലാവര്‍ക്കും ഒരേ കഷ്ടപ്പാടായിരുന്നു,’ അഞ്ജു പറയുന്നു.
Content Highlight: Anju Prabhakar Talks About Hema Committee Report