നാരദനില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള മൂന്ന് ന്യൂസ് റൂമുകളുണ്ട്. ഇവ മൂന്നും തന്നെ വളരെ പരിചയമുള്ളതായും, വളരെ സ്വാഭാവികമായുമാണ് അനുഭവപ്പെട്ടത്. എന്നാല്‍ മാധ്യമരംഗത്തെ മൂല്യച്യുതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നത് വലിയ പോരായ്മയായി തോന്നി. അധികാരം, മൂലധന വിപണി, കോര്‍പറേറ്റ് ഉടമസ്ഥത തുടങ്ങി വിവിധ ഇടപെടലുകള്‍ മാധ്യമ പ്രവര്‍ത്തനത്തെ എങ്ങനെയൊക്കെ മോശമാക്കുന്നു എന്നുള്ള വലിയ പ്രശ്‌നത്തെ സിനിമ അഭിസംബോധന ചെയ്യേണ്ടതായിരുന്നു.
ഉണ്ണി ആര്‍ എഴുതി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ന്യൂസ്‌റൂമുകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കുറച്ച് കൂടുതല്‍ കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാ സന്ദര്‍ഭങ്ങളും തമാശകളും ഒക്കെയുള്ളത് കൊണ്ട് കൂടി ആയിരിക്കണം അത്.
ന്യൂസ്‌റൂമുകള്‍- മാധ്യമ പ്രവര്‍ത്തനം- കോടതി- നിയമസംവിധാനം എന്നിവയെ അവയുടെ തന്നെ അടിസ്ഥാനഭാഷയില്‍ ചിത്രീകരിക്കുന്നത് വിശാലമായ രീതിയില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതില്‍ ഒരു തടസ്സമായി മാറിയേക്കാം എന്നിരിക്കിലും അത്തരം ശ്രമങ്ങള്‍ അഭിനന്ദനീയം തന്നെയാണ്. കുടുംബം- പ്രേമം- ദാമ്പത്യം എന്നിവയല്ലാതെ മറ്റെന്തെങ്കിലുമൊക്കെ മനുഷ്യര്‍ക്ക് ജീവിതത്തില്‍ ചെയ്യാനുണ്ടെന്ന് തോന്നിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍ തീരെ കുറവാണ് എന്നുള്ളത് കൂടിയാണ് അതിന്റെ കാരണം.
മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യച്യുതിയേയും അപഭ്രംശങ്ങളെയും അപലപിക്കുക എളുപ്പമാണെങ്കിലും, അവയെ സിനിമയില്‍ ചിത്രീകരിക്കുക വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്. ഒരു തൊഴിലിന്റെയും തൊഴിലിടത്തിന്റെയും സ്വാഭാവികമായ സാധാരണത്വത്തെ എങ്ങനെ കാഴ്ചക്കാര്‍ക്ക് ആസ്വാദനമേകുന്ന വിധത്തില്‍ അവതരിപ്പിക്കും എന്നുള്ളതാണ് അതിന്റെ കാരണം.
എന്നാല്‍ മെഡിക്കല്‍ ഡ്രാമ, ന്യൂസ് റൂം ഡ്രാമ, കോര്‍ട്ട്‌റൂം ഡ്രാമ തുടങ്ങിയ വിവിധ ഴോനറുകളിലായി ആസ്വാദന സാധ്യതകള്‍ക്ക് പുതിയ രൂപവും നിലവാര മൂല്യങ്ങളും കൈവന്നിരിക്കുന്ന ഇക്കാലത്ത് വിനോദം എന്ന വാക്കിന്റെ കേവലാര്‍ത്ഥവും രൂപാന്തരപ്പെടുകയാണ്.
നാരദനില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള മൂന്ന് ന്യൂസ് റൂമുകളുണ്ട്. കൃത്യമായ സാങ്കേതിക ഉപകരണങ്ങളും, തൊഴിലെടുക്കുന്നവര്‍ക്ക് വേണ്ട മറ്റെല്ലാ സംവിധാനങ്ങളും ഉള്ള വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു ചാനലിന്റെ ന്യൂസ് റൂം. ചീഫ് എഡിറ്റര്‍ പോലും മുഷിഞ്ഞ കസേരയിലിരിക്കുന്ന ഒരു വിധ സന്നാഹങ്ങളോ വേണ്ടത്ര തൊഴിലാളികളോ ശമ്പളമോ ഇല്ലാത്ത മറ്റൊരു ന്യൂസ് റൂം. പുത്തന്‍ പുതിയതായി പിറവിയെടുക്കുന്ന ഒരു ന്യൂസ് റൂം. ഇവ മൂന്നും തന്നെ വളരെ പരിചയമുള്ളതായും, വളരെ സ്വാഭാവികമായുമാണ് അനുഭവപ്പെട്ടത്.
വാര്‍ത്താമുറികളുടെ അന്തരീക്ഷത്തെയും തിരക്കുകൂട്ടലുകളെയും തമാശകളെയുമൊക്കെ വളരെ സാധാരണമായി ചിത്രീകരിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് വാര്‍ത്തകളില്‍ കടന്നുവരുന്ന വികല പ്രയോഗങ്ങളെ പരിഹസിക്കുന്ന ‘നിറയൊഴിക്കല്‍’ തുടങ്ങി ന്യൂസ് റൂം കണ്ടന്റുമായി ബന്ധപ്പെട്ട തമാശകളും, പ്രയോഗങ്ങളും വളരെ സ്വാഭാവികമായി തോന്നി. ഒരുപക്ഷേ അസ്വാഭാവികമായി മാറിയേക്കാമായിരുന്ന സന്ദര്‍ഭങ്ങള്‍ ആയിരുന്നിട്ടും സംഭാഷണങ്ങളില്‍ സ്വാഭാവികത നിലനിര്‍ത്താനായത് അഭിനന്ദനം അര്‍ഹിക്കുന്നു.
സംസ്‌കാരം, മതം, സദാചാരം എന്നിവയെ ഉയര്‍ത്തിപ്പിടിച്ചുള്ള യാഥാസ്ഥിതിക മാധ്യമ പ്രവര്‍ത്തനത്തിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യതകള്‍ സമകാലിക ഉദാഹരണങ്ങള്‍ സഹിതം നമുക്ക് മുന്നിലുണ്ട്. അവയെക്കുറിച്ചാണ് നാരദന്‍ മുഖ്യമായും പറയാന്‍ ശ്രമിക്കുന്നത്.
മംഗളം ചാനലുമായി ബന്ധപ്പെട്ട ഹണിട്രാപ് വിവാദം, സ്വര്‍ണക്കടത്ത് കേസില്‍ നടത്തിയ അപലപനീയമായ ചേസിങ്ങ്, യെല്ലോ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍, തൊഴിലാളികള്‍ എന്ന നിലയ്ക്കുള്ള മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പരിചിതമായ കുറേയധികം കാര്യങ്ങളെ നാരദനില്‍ വിശ്വസനീയമായ വിധത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
സി.പിയുടെ പരിണാമത്തെ രസകരമായ ഒരു പ്രതിഭാസം എന്ന നിലയ്ക്കാണ് അനുഭവപ്പെട്ടത്. സ്വയം ‘മുതിരുക’, എന്തിനും മുതിരുക തുടങ്ങിയ പ്രതിഭാസങ്ങള്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളത് കൊണ്ടാണെന്ന് തോന്നുന്നു. ചന്ദ്രപ്രകാശ് സി.പിയായി മാറുന്ന പ്രതിഭാസത്തെ, ശരീരഭാഷയില്‍ അടക്കം മാറ്റം കൊണ്ടുവന്ന് ടൊവിനോ അത്യാവശ്യം ഭംഗിയായി ചെയ്തിട്ടുണ്ട്. അതിനിടയില്‍ വന്ന മോട്ടിവേഷന്‍ സീക്വന്‍സ് അരോചകമായി അനുഭവപ്പെട്ടു എങ്കിലും!
എന്നാല്‍ മാധ്യമരംഗത്തെ മൂല്യച്യുതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നത് വലിയ പോരായ്മയായി തോന്നി. അധമ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രതിരൂപമായി മാറുന്ന സി.പിയ്ക്ക് അനിവാര്യമായ പതനം സിനിമ ഉറപ്പു വരുത്തുന്നുണ്ടെങ്കിലും, സമീപകാല യാഥാര്‍ത്ഥ്യം മറ്റൊന്നാണല്ലോ! അധികാരം, മൂലധന വിപണി, കോര്‍പറേറ്റ് ഉടമസ്ഥത തുടങ്ങി വിവിധ ഇടപെടലുകള്‍ മാധ്യമ പ്രവര്‍ത്തനത്തെ എങ്ങനെയൊക്കെ മോശമാക്കുന്നു എന്നുള്ള വലിയ പ്രശ്‌നത്തെ സിനിമ അഭിസംബോധന ചെയ്യേണ്ടതായിരുന്നു എന്നാണ് അഭിപ്രായം.
ആഷിഖ് അബു
നാരദന്റെ രണ്ടാം ഭാഗത്ത് വരുന്ന കോര്‍ട്ട് റൂം ഡ്രാമയും വളരെയേറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. ഇന്ദ്രന്‍സ് സൂക്ഷ്മമായ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത ജഡ്ജിയുടെ കഥാപാത്രം പതിവുപോലെ നന്നായിരുന്നു. കീഴടങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളേക്കാള്‍ ഇന്ദ്രന്‍സ് എന്ന നടന് ചേരുക ഇത്തരം കടുപ്പമുള്ള കഥാപാത്രങ്ങളാണെന്ന് വീണ്ടും തോന്നി, അഞ്ചാം പാതിരയിലെ കൊലപാതകിയെ പോലെ.
എന്നാല്‍ കോര്‍ട്ട് റൂമിലെ സംഭവങ്ങളുടെ സൂക്ഷ്മവശങ്ങള്‍ എത്രത്തോളം കമ്യൂണിക്കേറ്റ് ചെയ്യപ്പെട്ടു എന്ന കാര്യത്തില്‍ സംശയമുണ്ട്. ഉദാഹരണമായി മുന്‍സിഫിന്, മജിസ്‌ട്രേട്ടിന്റെ ചാര്‍ജ് കിട്ടുന്നതിലൂടെ വന്ന മാറ്റങ്ങള്‍ തുടങ്ങിയവ. ജഡ്ജിയുടെ ജാതിയെ പരോക്ഷമായി അവഹേളിക്കുന്നതുള്‍പ്പെടെയുള്ള രംഗങ്ങളില്‍ ജാതിയടക്കമുള്ള സൂക്ഷ്മമായ അധികാരനിലകളെ സിനിമ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ ശരികളെ പ്രതിനിധാനം ചെയ്യുന്ന മറ്റ് നിരവധി കാര്യങ്ങളും പലയിടങ്ങളിലായി പറഞ്ഞു പോകുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും നാരദന്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നുള്ളത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. അഭിനന്ദിച്ചു കൊണ്ടായാലും വിയോജിച്ചു കൊണ്ടായാലും ഇതില്‍ക്കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടുന്ന ചിത്രം തന്നെയാണ് നാരദന്‍.
Content Highlight: Anila Balakrishnan writes about Naradan movie and the media portrayed in it