ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയയിലും നാഗാലാന്റിലും അനില്‍ ആന്റണിക്ക് ചുമതല
national news
ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയയിലും നാഗാലാന്റിലും അനില്‍ ആന്റണിക്ക് ചുമതല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2024, 2:00 pm

ന്യൂദല്‍ഹി: ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ മേഘാലയിലും നാഗാലാന്റിലും അനില്‍ ആന്റണിക്ക് ചുമതല. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിലാണ് അനില്‍ ആന്റണി സ്ഥാനം പിടിച്ചത്. ചൗബ സിങ്, നളിന്‍ കോഹ്‌ലി എന്നിവരെ മാറ്റിയാണ് അനില്‍ ആന്റണിയെ നിയോഗിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെയാണ് ഇരു സംസ്ഥാനങ്ങളുടെയും ചുമതല ആന്റണിയിലേക്ക് എത്തുന്നത്. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്തെയും അതിര്‍ത്തി സംസ്ഥാനങ്ങളിലെയും ക്രിസ്ത്യാനികള്‍ക്കിടയില്‍ അസ്വാരസ്യം രൂപപ്പെട്ടതും അനില്‍ ആന്റണിയുടെ നിയമനത്തിന് കാരണമായി.

24 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള ഇന്‍-ചാര്‍ജുമാരുടെയും സഹ-ഭാരവാഹികളുടെയും പട്ടികയാണ് ജെ.പി. നദ്ദ പുറത്തുവിട്ടത്. ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ ചുമതല വഹിക്കുന്നവരില്‍ പാര്‍ട്ടി മാറ്റം വരുത്തിയിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട മഹാരാഷ്ട്രയില്‍ ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല. ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പട്ടികയുടെ പുറത്താണ്.

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ വടക്കുകിഴക്കന്‍ മേഖലയുടെ കോ-ഇന്‍ചാര്‍ജായി നിയമിച്ചു. സത്യ കുമാറിന് പകരമായി രഘുനാഥ് കുല്‍ക്കര്‍ണിയെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്ന് കോ-ഇന്‍ചാര്‍ജ് ആയി ഉയര്‍ത്തുകയും ചെയ്തു. ദാദ്ര ആന്റ് നഗര്‍ ഹവേലിയില്‍ പൂര്‍ണേഷ് മോദിക്ക് പകരം മുന്‍ കോ-ഇന്‍ചാര്‍ജ് ദുഷ്യന്ത് പട്ടേലിനെ ചുമതലപ്പെടുത്തി. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ കേരളത്തിന്റെ ചുമതല തുടരും.

Content Highlight: Anil Antony is in charge of Christian-majority Meghalaya and Nagaland