തൃശൂര്‍: വടക്കാഞ്ചേരി മണ്ഡലത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മത്സരിക്കാനോ ഇല്ലെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ താന്‍ ഇനി മത്സരിക്കില്ലെന്ന് സിറ്റിംഗ് എം.എല്‍.എയായിരുന്ന അനില്‍ അക്കര പറഞ്ഞു.
സ്വന്തം പഞ്ചായത്തില്‍ നിന്ന് പോലും തനിക്ക് പിന്തുണ കിട്ടിയില്ലെന്നും അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു.
അനില്‍ അക്കരെയെ 13,580 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി തോല്‍പ്പിച്ചത്. 2016ല്‍ 43 വോട്ടിനായിരുന്നു അനില്‍ അക്കര ഇവിടെ നിന്നും ജയിച്ചത്. തൃശൂര്‍ ജില്ലയിലെ യു.ഡി.എഫിന്റെ ഏക മണ്ഡലവും വടക്കാഞ്ചേരിയായിരുന്നു.
എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ല മുഴുവന്‍ എല്‍.ഡി.എഫ് തരംഗം ആഞ്ഞുവീശിയിരിക്കുകയാണ്. എല്ലാ സീറ്റുകളിലും ഇടതുപക്ഷം വിജയിച്ചു. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് വിജയിക്കുന്നത്.
പിണറായി സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളുയര്‍ത്തിയ ലൈഫ് പദ്ധതിയിലെ അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്നത് അനില്‍ അക്കരയായിരുന്നു. അതിനുശേഷവും വടക്കാഞ്ചേരി മണ്ഡലത്തില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനില്‍ അക്കര വികാരധീനനായതും ഇനി മത്സരിക്കില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചതും.
അതേസമയം കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 41 സീറ്റിലും മുന്നേറുന്നു. എന്‍.ഡി.എയ്ക്ക് ഒരൊറ്റ സീറ്റ് പോലും നേടാനായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക