ഖത്തറില്‍ അവസാന ലോകകപ്പ് കളിക്കാനിറങ്ങിയ താരങ്ങളിലൊരാളാണ് അര്‍ജന്റീനയുടെ ഫോര്‍വേഡ് പ്ലെയര്‍ എയ്ഞ്ചല്‍ ഡി മരിയ. പരിക്കിനെ തുടര്‍ന്ന് മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.
സൗദി അറേബ്യക്കെതിരെ മാത്രമാണ് 90 മിനിട്ടും കളിച്ചത്. എന്നാല്‍ ഫ്രാന്‍സിനെതിരായ അന്തിമ പോരാട്ടത്തിലെ ആദ്യ ഇലവനില്‍ ഡി മരിയ ഇറങ്ങിയെന്ന് മാത്രമല്ല അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്യാനും താരത്തിനായി.
ലോകകപ്പ് ഫൈനല്‍ മത്സരത്തെ കുറിച്ച് ഒരിക്കല്‍ കൂടി സംസാരിച്ചിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം ഫൈനല്‍ മത്സരം വീണ്ടും കണ്ടുവെന്നും എന്നാല്‍ ഫ്രാന്‍സ് ഗോളടിക്കാന്‍ തുടങ്ങിയപ്പോള്‍ താനത് ഓഫ് ചെയ്‌തെന്നും ഡി മരിയ പറഞ്ഞു. ടി.വൈ.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം ഞാന്‍ വീണ്ടും കണ്ടിരുന്നു. എന്റെ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പമാണ് മത്സരം വീണ്ടും കണ്ടത്. അര്‍ജന്റീന രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു നില്‍ക്കുന്നത് വരെ ഞാന്‍ കണ്ടു. ഫ്രാന്‍സ് ഗോളടിക്കാന്‍ തുടങ്ങിയ നിമിഷം ഞാനത് ഓഫ് ചെയ്യുകയും ചെയ്തു,’ ഡി മരിയ പറഞ്ഞു.
അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ഡി മരിയ ഗോള്‍ നേടുന്നത്. കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിച്ചു. ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഖത്തറില്‍ ലോകകപ്പ് ഫൈനലില്‍ ഇറങ്ങി ഗോള്‍ നേടിയപ്പോഴും മത്സരം ജയം കണ്ടു.
ഡി മരിയ ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ അത് തിരുത്തിയിരുന്നു. 2024 കോപ്പ അമേരിക്ക വരെ ഡിമരിയ തുടര്‍ന്നേക്കുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും ഉടന്‍ വിരമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെയാണ് തീരുമാനത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നത്.