ലഖ്‌നൗ: മസ്ജിദ് ക്ഷേത്ര വിവാദത്തിന് വീണ്ടും തിരി കൊളുത്തി അഖാര മേധാവി. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങൾ മസ്ജിദുകളാക്കിയിട്ടുണ്ടെന്നും അവ വീണ്ടും ക്ഷേത്രങ്ങളാക്കി മാറ്റണമെന്നാണ് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് മഹന്ത് രവീന്ദ്ര പുരിയുടെ ആവശ്യം.
മതപ്രചാരണത്തിനായി ഇന്ത്യയുടനീളം സഞ്ചരിച്ചപ്പോൾ താൻ കണ്ട മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമായിരുന്നു എന്നായിരുന്നു രവീന്ദ്ര പുരിയുടെ വാദം.
‘മതപ്രചാരനത്തിനായി ഞാൻ ഇന്ത്യയിലുടനീളം ഒരു പര്യടനത്തിന് പോയപ്പോൾ, മിക്ക പള്ളികളുടെയും താഴികക്കുടം ഒരു ക്ഷേത്രത്തിനോട് സാമ്യമുള്ളതായി എനിക്ക് തോന്നി. പള്ളികളിൽ സനാതന ചിഹ്നങ്ങൾ ഉള്ളതായി നിങ്ങൾക്ക് കാണാം. ഏകദേശം 80 ശതമാനം മുസ്‌ലിം പള്ളികളും പുരാതന ക്ഷേത്രങ്ങളാണ്,’ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ഇത്തരം കെട്ടിടങ്ങൾ ഹിന്ദുക്കൾക്ക് കൈമാറാൻ മുസ്‌ലിങ്ങളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങൾ ആയിരം തവണ അപേക്ഷിച്ചു എന്നാൽ അവർ കേൾക്കുന്നില്ല എന്നായിരുന്നു മറുപടി.
‘പള്ളികളാക്കി മാറ്റിയ ഞങ്ങളുടെ പുരാതന ക്ഷേത്രങ്ങൾ ഒഴിപ്പിക്കണം, ഞങ്ങൾ തയ്യാറാണ്. ഒരു ക്ഷേത്രത്തിന്റെ മുകളിൽ നിർമിച്ച മസ്ജിദുകൾ പൊളിച്ച് മാറ്റണം. മഹാ കുംഭത്തിൽ നിന്ന് ഞങ്ങൾ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു,’ രവീന്ദ്ര പുരി പറഞ്ഞു.
തങ്ങൾ ഒരു സനാതൻ ബോർഡ് രൂപീകരിക്കാൻ പോവുകയാണെന്നും പുരി പറഞ്ഞു. , ജനുവരി 27ന്, ഒരു ധർമ സൻസദ് സംഘടിപ്പിക്കുമെന്നും അവിടേക്ക് രാജ്യത്തെയും ലോകത്തെയും പ്രമുഖ ദർശകരെ ക്ഷണിച്ചിട്ടുണ്ടെന്നും പുരി കൂട്ടിച്ചേർത്തു. ‘ധർമ സൻസദിലെ പ്രധാന വിഷയം സനാതൻ രൂപീകരണമായിരിക്കും. വഖഫ് ബോർഡ് പോലെ നമ്മുടെ മഠവും ക്ഷേത്രങ്ങളും സുരക്ഷിതമാക്കും,’ പുരി പറഞ്ഞു.
സമീപകാലത്തായി മസ്ജിദുകളുടെയും ദർഗകളുടെയും മേൽ അവകാശവാദം ഉന്നയിച്ചുള്ള തീവ്ര ഹിന്ദുത്വവാദികളുടെ വരവ് അധികരിച്ചിരുന്നു. പിന്നാലെ 1991ലെ ആരാധനാലയ നിയമത്തിൻ്റെ സാധുത സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ കെട്ടിടങ്ങളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുതിയ കേസുകൾ ഫയൽ ചെയ്യാനാകില്ലെന്ന് ഡിസംബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു.
നിലവിലുള്ള മതപരമായ ഘടനകളെ സംബന്ധിച്ചുള്ള കേസുകളിൽ സർവേകൾക്കുള്ള നിർദേശങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും ഇടക്കാല അല്ലെങ്കിൽ അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് സുപ്രീം കോടതി എല്ലാ കോടതികളെയും വിലക്കിയിരുന്നു.
Content Highlight: Ancient temples ‘converted’ into mosques be vacated, demands Akhara chief