തിരുവനന്തപുരം: ശാസ്‌ത്രം- മിത്ത് പരാമര്‍ശം വിവാദമാകുന്നതില്‍ തന്റെ മുസ്‌ലിം പേര് പ്രശ്‌നമാക്കുന്നുണ്ടോ എന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന ചോദ്യത്തിന് 2016ലെ തന്റെ ഒരു പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം ഓര്‍മിപ്പിച്ച് എ.എന്‍. ഷംസീര്‍.
‘താങ്കളുടെ പേര് പറഞ്ഞാണ് ബി.ജെ.പി അധ്യക്ഷന്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത്, സ്വന്തം വിശ്വാസത്തെ അവഹേളിക്കാന്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്?,’ എന്ന ചോദ്യത്തിനാണ് 2016 ബാങ്ക് വിളിയുമായി ബന്ധപ്പെട്ടുള്ള തന്റെ വിവാദ പ്രസംഗം ഷംസീര്‍ ഓര്‍മിപ്പിച്ചത്. അന്നത്തെ പ്രസംഗത്തിന്റെ പേരില്‍ ഒരു മതവിഭാഗം തന്റെ മേലില്‍ കുതിരകയറിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
‘2016ല്‍ എന്റെ ഒരു പ്രസംഗം ഉണ്ട് അതിന്റെ പേരില്‍ ഒരു മതവിഭാഗം എന്റെ പേരില്‍ കുതിര കയറിയിരുന്നു. അതൊക്കെ നിങ്ങളുടെ(മാധ്യങ്ങളുടെ) ഗ്യാലറിയില്‍ ഉണ്ടാകും. ഞാന്‍ പെട്ടെന്ന് സ്പീക്കര്‍ ആയ ആളല്ല. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ സംഘടന തലത്തിലെത്തി യുവജന സംഘടനകളിലൂടെ പൊതുരാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ഞാന്‍. എന്റെ മതേതര ക്രെഡിബിലിറ്റി ചോദ്യം ചെയ്യാന്‍ ഇവിടെ ആര്‍ക്കും അവകാശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,’ ഷംസീര്‍ പറഞ്ഞു.
നഗരത്തില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ ഒരേസമയം എല്ലായിടത്തുനിന്നും ബാങ്ക് വിളിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു 2016ലെ പ്രസംഗത്തില്‍ ഷംസീര്‍ ചോദിച്ചിരുന്നത്. കണ്ണൂര്‍ പാനൂരില്‍ സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലായിരുന്നു ഷംസീറിന്റെ ഈ പ്രതികരണം. മതനേതാക്കള്‍ ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമാക്കിയതിനെക്കുറിച്ചാണ് ഷംസീര്‍ ഇപ്പോള്‍ സൂചിപ്പിച്ചത്.
അതേസമയം, തന്റെ ശാസ്ത്രം- മിത്ത് പരമര്‍ശം ഏതെങ്കിലും ഒരു മത വിഭാഗത്തെ വേദനിപ്പിക്കുന്നതല്ലെന്നും ഭരണഘടനാ സ്ഥാപനത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നടക്കുന്ന ഹേറ്റ് ക്യാമ്പയിന്‍ കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണിത്.
ഭരണഘടന പ്രകാരം മതവിശ്വാസത്തിന് അവകാശമുള്ള പോലെ ശാസ്ത്ര ചിന്ത വളര്‍ത്താനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ തന്നെ ഉണ്ടാകാന്‍ പാടില്ല. എനിക്ക് മുമ്പും ആളുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതേ താനും പറഞ്ഞിട്ടുള്ളുവെന്നും ഷംസീര്‍ പറഞ്ഞു.
Content Highlight: AN Shamseer Recalling the controversy related to one of his speeches in 2016,