ഒറ്റ നോമ്പും നോക്കാറില്ല, പക്ഷെ പെരുന്നാളിന് അവന്‍ പുതുവസ്ത്രമൊക്കെ ഇട്ട് പള്ളിയില്‍ പോകും. നോമ്പ് എന്ന നിര്‍ബ്ബന്ധമായ ഇബാദത്ത് അവന് ഇഷ്ടമല്ല. പെരുന്നാള്‍ എന്ന കൂട്ടായ്മയുടെ സുഗന്ധം അവനിഷ്ടവുമാണ്. ദൈവത്തിനു വേണ്ടി പട്ടിണി കിടക്കാന്‍ അവന് ഇഷ്ടമല്ല, അവനവനു വേണ്ടി ബിരിയാണി കഴിക്കാന്‍ ഇഷ്ടവുമാണ്.
കേരളത്തിലെ മുസ്‌ലിം പ്രബോധകരും യുക്തിവാദികളും തമ്മില്‍ നടക്കുന്ന സംവാദം ആരെയാണ് ഏറ്റവും രസിപ്പിക്കുവാന്‍ സാധ്യത? ഏറ്റവും വലിയ കഥ പറച്ചിലുകാരനായ ദൈവം അതു കേട്ടു രസിക്കാന്‍ സാധ്യതയുണ്ട്.
ദൈവം ഒരു ഫിക്ഷനാണ് എന്ന് ഏറ്റവും നന്നായറിയുന്നത് ദൈവത്തിനു മാത്രമാണ്. കാരണം, അറബി ഭാഷയില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ മുസ്‌ലിങ്ങള്‍ക്ക് വേദപുസ്തകമായതു പോലെ (മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് ഖുര്‍ആന്‍ ഇറക്കിയതെന്ന് മുസ്‌ലിം സംവാദ പ്രതിഭകള്‍ പറയും, എങ്കിലും നാം കാര്യമാക്കണ്ട) ഓരോ ഭാഷയിലും ദൈവഹിതം വേദപുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട്.
ദൈവത്തിനറിയാം, സൂക്ഷ്മമായ അര്‍ഥത്തില്‍ ഓരോ ഭാഷയിലും ദൈവം അവതരിച്ചിട്ടുണ്ട്. ഇത് നമുക്ക് മനസ്സിലാകണമെങ്കില്‍ നാം മുസ്‌ലിം/യുക്തിവാദ സംവാദം വെറുതെ കേട്ടിരുന്നാല്‍ മാത്രം മതി. രണ്ടു പേരും ആരെക്കുറിച്ചാണ് സംസാരിക്കുന്നത് ? അറബി ഭാഷയില്‍ ഇറങ്ങിയ ഒരു വേദപുസ്തകത്തെക്കുറിച്ചാണ് മലയാള ഭാഷയില്‍ അവര്‍ സംവദിക്കുന്നത്. ദൈവത്തെക്കുറിച്ച് ഇത്രയധികം വാക്കുകള്‍ ദുര്‍വ്യയം ചെയ്യുന്ന ഒരു സംവാദ സദസ്സ് ലോകത്ത് എവിടെയുമുണ്ടാകാനിടയില്ല.
പി.എം. അയ്യൂബ്
മുമ്പ് മാടായിയില്‍ യുക്തിവാദിയായ ഒരു മുസ്‌ലിമുണ്ടായിരുന്നു. ജീവിതത്തില്‍ അവന്‍ മുസ്‌ലിമും ചിന്തയില്‍ അവന്‍ യുക്തിവാദിയും ആയിരുന്നു. ഒറ്റ നോമ്പും നോക്കാറില്ല, പക്ഷെ പെരുന്നാളിന് അവന്‍ പുതുവസ്ത്രമൊക്കെ ഇട്ട് പള്ളിയില്‍ പോകും. നോമ്പ് എന്ന നിര്‍ബ്ബന്ധമായ ഇബാദത്ത് അവന് ഇഷ്ടമല്ല. പെരുന്നാള്‍ എന്ന കൂട്ടായ്മയുടെ സുഗന്ധം അവനിഷ്ടവുമാണ്. ദൈവത്തിനു വേണ്ടി പട്ടിണി കിടക്കാന്‍ അവന് ഇഷ്ടമല്ല, അവനവനു വേണ്ടി ബിരിയാണി കഴിക്കാന്‍ ഇഷ്ടവുമാണ്. വളരെ ലളിതമായ രീതിയില്‍ അവന്‍ മതത്തെ തന്നില്‍ നിന്ന് മാറ്റി നിര്‍ത്തി, വിശ്വാസത്തെ തന്നോടൊപ്പം കൊണ്ടു നടന്നു.
അവനോട് ഒരിക്കല്‍ ഉസ്താദ് ഉപദേശിച്ചു: ‘മോനേ നീ നിസ്‌കരിക്കണം, നോമ്പ് നോക്കണം’ എന്താ അങ്ങനെ ചെയ്താലുള്ള പ്രതിഫലം എന്ന് ലോകാരംഭം മുതലുള്ള എല്ലാ പ്രവാചകന്മാരും പറയുന്നത് പോലെ, സ്വര്‍ഗം എന്ന മോഹനമായ വാഗ്ദാനം നല്‍കി ഉസ്താദ് അവനെ പ്രാര്‍ഥനയ്ക്ക് വേണ്ടി പ്രചോദിപ്പിച്ചു. നിങ്ങള്‍ എത്ര നല്ല മനുഷ്യനായാലും മുസ്‌ലിം ആവാത്ത കാലത്തോളം സ്വര്‍ഗം കിട്ടില്ല. നരകമാണ് അവരുടെ സങ്കേതം. ‘ഉസ്താദേ, നരകായാലും കൊഴപ്പം ഇല്ല. അവിടെ കണ്ണന്‍ മാഷിന്റെ കണക്ക് ക്ലാസ് ഉണ്ടാവില്ലല്ലൊ’അവന്‍ ഉസ്താദിനോട് പറഞ്ഞു.
നരകത്തിലെ ചൂട് സഹിക്കാം, കണ്ണന്‍ മാഷിന്റെ ചൂരല്‍ പ്രയോഗം സഹിക്കാന്‍ കഴിയില്ല എന്നതായിരുന്നു അവന്റെ മറുപടിയുടെ അന്തസ്സത്ത. മതത്തിന്റെ അടിസ്ഥാന ശില ഈ സ്വര്‍ഗം എന്ന മോഹന വാഗ്ദാനവും നരകം എന്ന ഭയചകിതമാക്കുന്ന വിറപ്പിക്കലുമാണ്. സ്വര്‍ഗം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ ദയാലു ആകൂ എന്ന് പറയുമ്പോള്‍ ജൈവികമായ നന്മ റദ്ദാവുന്നു.
ഇ.എ. ജബ്ബാര്‍
‘അള്ളാഹുവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ‘ എന്ന് ഒരു യുക്തിവാദി ചോദിക്കുമ്പോള്‍ അള്ളാഹു ഉണ്ട് എന്ന് തെളിയിക്കാന്‍ ഒരു വിശ്വാസി പരിശ്രമിക്കുമ്പോള്‍ ആണ് മതം തോറ്റുപോകുന്നത്. ‘അള്ളാഹു ഉണ്ടോ?’ എന്ന് ജബ്ബാര്‍ മാഷ് എന്നോട് ചോദിച്ചു എന്നിരിക്കട്ടെ , ഞാന്‍ യൂട്യൂബില്‍ ഉസ്താദ് ഫത്തേഹ് അലിഖാന്റെ ‘അള്ളാഹു… അള്ളാഹു….’ എന്ന ഖവാലി കേള്‍പ്പിക്കും.
ആ ഖവാലിയില്‍ അള്ളാഹു ഉണ്ട്. നമുക്ക് കെട്ടിപ്പിടിക്കാവുന്ന അള്ളാഹു.
ഈ യൂട്യൂബില്‍ ഉള്ള അള്ളാഹുവില്‍ പാരമ്പര്യ സംഗീത വിരുദ്ധ സലഫികളും സുന്നികളും അത്രയങ്ങ് വിശ്വസിക്കുന്നില്ല. യുക്തിവാദികളും മത പ്രബോധകരും ഒരു പോലെ സ്തംഭിച്ചു നില്‍ക്കുന്നത്, ഇത്തരം സര്‍ഗാത്മക ദൈവ വിചാരങ്ങള്‍ക്ക് മുന്നിലാണ്.
ഹൃദയം കൊണ്ടനുഭവിക്കാന്‍ കഴിയുന്ന, എന്നാല്‍ ബുദ്ധി കൊണ്ട് വിശദികരിക്കാനുമാവാത്ത ഒരു വലിയ കഥയാണ് ദൈവം. ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള വിധി തീര്‍പ്പിലെത്തുക എന്നത് അവിടെ അസാധ്യമാണ്. ഉണ്ട് എന്ന് തെളിയിക്കേണ്ടതും ഇല്ല എന്ന് തെളിയിക്കേണ്ടതും മാനുഷികമായ ഒരു ആവശ്യം മാത്രമാണെന്നിരിക്കേ, അമാനുഷികമായ ഒരു സത്യത്തെ വിശദീകരിക്കാന്‍ യുക്തിവാദികള്‍ എന്തിനാണ് ഊര്‍ജ്ജം ദുര്‍വ്യയം ചെയ്യുന്നത്?
ഹസ്‌റത്ത് മൊഹാനി
എന്റെ പ്രിയപ്പെട്ട ജബ്ബാര്‍ മാഷെ, ‘ഇങ്കുലാബ് സിന്ദാബാദ്’ എന്ന സര്‍വകാലത്തേക്കുമുള്ള വിപ്ലവ മുദ്രാവാക്യം എഴുതിയ ഹസ്‌റത്ത് മൊഹാനി ആണ് ‘റോഷന്‍ ജമാലെ യാര് സേ ഹേ’ എന്ന ഉജ്ജ്വലമായ ദൈവ ഗീതം എഴുതിയത്. ആബിദ പര്‍വീണും മെഹ്ദി ഹസനും ജഗജീത് സിങും ഹൃദയാലാപന ശൈലിയില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ മൊഹാനി ഒരിടത്ത് പറയുന്നു: നാഥാ, അവളുടെ ഉടലഴക് മഹാവിസ്മയം!’
ഇങ്കുലാബിലും ഉടലിലും അഴകിലും ഭാഷയിലും പാട്ടിലും രതിയിലും രാവിലും ദൈവമുണ്ട്. എന്നാല്‍ ദൈവത്തെ മൗലവിമാര്‍ മൈക്കിന് മുന്നില്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുമ്പോള്‍, ദൈവം യുക്തിവാദികളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതായാണ് ഇത്തരം സംവാദങ്ങള്‍ കേള്‍ക്കുമ്പോഴുള്ള അനുഭവം.
നാം അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയം ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല. ആര്‍.എസ്.എസ് എന്താണ്, ജമാഅത്തെ ഇസ്ലാമി എന്താണ്, സലഫികള്‍ എന്താണ്, ക്രിസംഘികള്‍ എന്താണ് എന്നൊക്കെ തുറന്നു കാട്ടുകയാണ് വേണ്ടത്.
എവിടേക്കും തിരിഞ്ഞാലും കാണുന്ന, എവിടേക്ക് തിരിഞ്ഞാലും എന്നാല്‍ കാണാന്‍ കഴിയാത്ത ദൈവത്തെ വെറുതെ വിടൂ. മനുഷ്യരെ സങ്കുചിതമായി നിര്‍വചിക്കുന്ന സംഘടനകളെക്കുറിച്ച് സംസാരിക്കാന്‍ യുക്തിവാദികള്‍ മുന്നോട്ട് വരാത്തത് എന്തു കൊണ്ടാണ്?
content highlights: An open letter to rationalists and Muslim believers