ന്യൂദല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് മാത്രമെ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.
അമിത് ഷായുമായിയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വലിയ രീതിയില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയും ദല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്.
ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലീം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് ലക്ഷദ്വീപ് കളക്ടര്‍ രംഗത്തെത്തിയിരുന്നു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന പരാതിയുമായി ദ്വീപ് ജനങ്ങള്‍ മുന്നോട്ടുവന്നിരുന്നു.